ഇറാന്‍ യുദ്ധം തിരിച്ചടി; സാമ്പത്തികവളര്‍ച്ച കുറയുമെന്ന് ആര്‍ബിഐ

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 6.6 ശതമാനം ജിഡിപി വളര്‍ച്ച ആര്‍ബിഐ പ്രവചിക്കുന്നു. രണ്ടാം പാദത്തില്‍ 6.3 ശതമാനവും മൂന്നാം പാദത്തില്‍ 6.5 ശതമാനവും നാലാംപാദത്തില്‍ 6.8 ശതമാനവുമായിരിക്കും ജിഡിപി വളര്‍ച്ച

Update: 2026-06-05 06:34 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇക്കുറി കുറയുമെന്ന പ്രവചനവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ. 6.9 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി സാമ്പത്തിക വളര്‍ച്ച കുറയുമെന്നാണ് ആര്‍ബിഐ പ്രവചനം. ഇന്ധനവിലയിലെ വര്‍ധനവും എല്‍നിനോ പ്രതിഭാസവുമെല്ലാം സാമ്പത്തിക വളര്‍ച്ചയെ നെഗറ്റീവായി സ്വാധീനിക്കുമെന്നാണ് പ്രവചനം.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 6.6 ശതമാനം ജിഡിപി വളര്‍ച്ച ആര്‍ബിഐ പ്രവചിക്കുന്നു. രണ്ടാം പാദത്തില്‍ 6.3 ശതമാനവും മൂന്നാം പാദത്തില്‍ 6.5 ശതമാനവും നാലാംപാദത്തില്‍ 6.8 ശതമാനവുമായിരിക്കും ജിഡിപി വളര്‍ച്ച. വായ്പ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണറുടെ അറിയിപ്പ്.

Advertising
Advertising

അതേസമയം, പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചു. ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്. റിപ്പോനിരക്ക് 5.25 ശതമാനത്തില്‍ തുടരും. വായ്പ അവലോകനസമിതി ഐക്യകണേ്ഠ്യമായി പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നുവെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

തിരിച്ചടികള്‍ക്കിടയിലും ഉപഭോക്തൃവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യത്തിലാണുള്ളത്. എങ്കിലും യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും രാജ്യത്തെ പൂര്‍ണമായുംവിട്ടുപോയിട്ടില്ല. സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ പണപ്പെരുപ്പം പരിധികള്‍ ലംഘിച്ചേക്കുമെന്ന ആശങ്കയും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ എല്‍ നിനോ തിരിച്ചടിയാവുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത് ഭക്ഷ്യോല്‍പ്പാദനത്തെ ബാധിച്ചേക്കാം. ഭക്ഷ്യോല്‍പ്പാദനം കുറയുകയാണെങ്കില്‍ അത് സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന മുന്നറിയിപ്പും ഗവര്‍ണര്‍ നല്‍കുന്നുണ്ട്.

ഇന്നത്തെ വായ്പനയത്തില്‍ ആര്‍ബിഐ പലിശനിരക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മൂലം പണപ്പെരുപ്പം ഉയരുന്നത് പരിഗണിച്ച് പലിശനിരക്ക് ഉയര്‍ത്തുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍, ആര്‍ബിഐയുടെ ലക്ഷ്യത്തില്‍ പണപ്പെരുപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലത്തേക്ക് വര്‍ധന വേണ്ടെന്ന തീരുമാനത്തിലേക്ക് വായ്പ അവലോകന കമിറ്റി തീരുമാനമെടുക്കുകയായിരുന്നു.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News