ഇന്ത്യയിൽ എത്ര ദിവസത്തെ എണ്ണശേഖരമുണ്ട്? വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി

ഇന്ത്യയില്‍ നിലവില്‍ 24 റിഫൈനറികളുണ്ട്. റിഫൈനിങ് ശേഷി ഓരോ ദിവസവും ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി

Update: 2026-06-08 12:47 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ എണ്ണശേഖരം സംബന്ധിച്ച് പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പരമാവധി 80 ദിവസത്തേക്കുള്ള ഇന്ധനം സ്‌റ്റോക്കുണ്ടെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു. സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്, റിഫൈനറി ഇന്‍വെന്ററി, കൊമേഴ്‌സ്യല്‍ സ്‌റ്റോക്ക് എന്നിവയെല്ലാം ചേര്‍ത്തുള്ള അളവാണിതെന്നും അദ്ദേഹം പറഞ്ഞു.

ആഗോളവിതരണത്തിലെ തടസ്സങ്ങള്‍ക്കിടയിലും ആവശ്യമായ ഇന്ധന സ്‌റ്റോക്ക് നിലനിര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മൊസാംബിക്കില്‍ നിന്ന് അധിക ഗ്യാസെത്തുമെന്നും ദീര്‍ഘകാലത്തേക്ക് എണ്ണവില ഉയര്‍ന്നുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Advertising
Advertising

60 ദിവസത്തേക്കുള്ള ക്രൂഡോയിലിന്‍േറയും ഗ്യാസിന്‍േറയും സ്‌റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നത്. എണ്ണയുടേയും ഗ്യാസിന്‍േറയും ലഭ്യത ഉറപ്പാക്കാന്‍ നിരവധി ചര്‍ച്ചകളാണ് നടത്തുന്നത്. യുഎഇയുമായി ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകള്‍ മൂലം അധിക ഗ്യാസ് ലഭ്യത ഉറപ്പാക്കാന്‍ സാധിച്ചുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ നിലവില്‍ 24 റിഫൈനറികളുണ്ട്. റിഫൈനിങ് ശേഷി ഓരോ ദിവസവും ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അതേസമയം, ഇസ്രായേലും ഇറാനും തമ്മില്‍ വീണ്ടും സംഘര്‍ഷം തുടങ്ങിയതോടെ എണ്ണവില വീണ്ടും കുതിക്കുകയാണ്. 97 ഡോളറിലാണ് എണ്ണയുടെ വ്യാപാരം പുരോഗമിക്കുന്നത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News