എയര്‍ ഇന്ത്യക്ക് മുന്നില്‍ ടാറ്റയും തോറ്റുപോയോ ?
എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ ടാറ്റ ഗ്രൂപ്പിനും കാലിടറുകയാണോ? പ്രതീക്ഷിച്ചപോലെ എയര്‍ലൈനിനെ ഉയരത്തിലെത്തിക്കാനാവാതെ ടാറ്റ ഗ്രൂപ്പ് വിയര്‍ക്കുന്നു. ഒരിക്കല്‍ കൈവിട്ട കമ്പനി തിരിച്ചെത്തിച്ചുവെങ്കിലും നടത്തുന്നതില്‍ അവര്‍ പരാജയപ്പെടുകയാണ്.
"ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്കും അതിന് കഴിയില്ല." എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തപ്പോള്‍ എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാര്‍ക്കിന്റെ പ്രതികരണമിതായിരുന്നു. എയര്‍ ഇന്ത്യയും ടാറ്റയും തമ്മിലുള്ള ബന്ധം അറിയുന്നതിനാലാണ് ക്ലാര്‍ക്ക് ഇങ്ങനെ പറഞ്ഞത്
എന്നാൽ, എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ ടാറ്റ ഗ്രൂപ്പിനും കാലിടറുകയാണോ? പ്രതീക്ഷിച്ചപോലെ എയര്‍ലൈനിനെ ഉയരത്തിലെത്തിക്കാനാവാതെ ടാറ്റ ഗ്രൂപ്പ് വിയര്‍ക്കുന്നു. ഒരിക്കല്‍ കൈവിട്ട കമ്പനി തിരിച്ചെത്തിച്ചുവെങ്കിലും നടത്തുന്നതില്‍ അവര്‍ പരാജയപ്പെടുകയാണ്. കേന്ദ്രസര്‍ക്കാറിന് കീഴില്‍ വെള്ളാനയായി മാറിയ എയര്‍ ഇന്ത്യക്ക് ടാറ്റ ഗ്രൂപ്പിന് കീഴിലും രക്ഷയില്ലേ? എന്താണ് യഥാര്‍ഥത്തില്‍ എയര്‍ ഇന്ത്യയിലെ പ്രതിസന്ധി. ഇനി അതിനൊരു തിരിച്ചുവരവില്ലേ? പരിശോധിക്കാം
നമ്മുടെ നാട്ടിന്‍പുറത്തെല്ലാം ഒരു ചൊല്ലുണ്ട്; "മോന്തായം വളഞ്ഞാല്‍ 64ഉം വളയും". ശരിക്കും ഇത് തന്നെയാണ് എയര്‍ഇന്ത്യയുടെ കാര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ സംഭവിച്ചത്. ലോകത്തെ പ്രമുഖ വിമാനകമ്പനികളിലൊന്നായ എയര്‍ ഇന്ത്യയെ നയിക്കാന്‍ ശക്തമായൊരു നേതൃത്വമുണ്ടായിരുന്നില്ല.
സിഇഒ കാംബല്‍ വില്‍സണ്‍ രാജിവെച്ചതോടെ എയര്‍ ഇന്ത്യ നേതൃത്വത്തില്‍ ശൂന്യതയുണ്ടായി. വില്‍സണ്‍ ഉണ്ടായിരുന്നപ്പോഴും ശക്തമായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിനൊപ്പം എയര്‍ ഇന്ത്യയെ സംബന്ധിച്ച ടാറ്റ ഗ്രൂപ്പിലും തര്‍ക്കങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതുമാത്രമല്ല എയര്‍ ഇന്ത്യയുടെ നിലവിലെ അവസ്ഥക്ക് കാരണം. ഇതിനുമപ്പുറം ചില കാര്യങ്ങള്‍ എയര്‍ ഇന്ത്യയുടെ തകര്‍ച്ചക്ക് പിന്നിലുണ്ട്.
വില്‍സണിന്റെ പടിയിറങ്ങലിന് ശേഷം നിലനില്‍പ്പിനുള്ള പോരാട്ടത്തിനിടെ യുദ്ധം എയര്‍ ഇന്ത്യക്കുമേല്‍ ശാപം പോല്‍ പതിച്ചു. യുദ്ധം തുടങ്ങിയതോടെ പല എയര്‍ റൂട്ടുകളും അടച്ചു. എളുപ്പത്തില്‍ പോകാവുന്ന പല സ്ഥലത്തേക്കും മണിക്കൂറുകളെടുക്കുന്ന അവസ്ഥ.വിമാനങ്ങള്‍ റദ്ദാക്കിയാണ് എയര്‍ ഇന്ത്യ പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പക്ഷേ ഇതിനൊപ്പം ഇന്ധനവിലയിലുണ്ടായ വന്‍ വര്‍ധനവും എയര്‍ ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ എയര്‍ ഇന്ത്യയുടെ പ്രതിദിന നഷ്ടവും വര്‍ധിച്ചു.നിലവില്‍ എകദേശം 22,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. സാമ്പത്തികവര്‍ഷത്തിന്റെ ഓരോപാദത്തിലേക്ക് കടക്കുമ്പോഴും എയര്‍ ഇന്ത്യയുടെ നഷ്ടത്തില്‍ വര്‍ധന വരികയാണ്. നഷ്ടം കൂടിയതോടെ അധിക ചെലവുകള്‍ ഒഴിവാക്കാന്‍ ഇക്കണോമിക്‌സ് ക്ലാസിലെ ഭക്ഷണം വരെ ഒഴിവാക്കേണ്ട രീതിയിലേക്ക് എയര്‍ ഇന്ത്യ വീണു. ഇനി ബിസിനസ് ക്ലാസില്‍ മാത്രമേ എയര്‍ ഇന്ത്യയില്‍ ഇനി ഭക്ഷണം ലഭിക്കൂ.
എയര്‍ ഇന്ത്യ തകര്‍ന്നതോടെ കമ്പനിയില്‍ ഓഹരിയുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിനും കഷ്ടകാലമാണ്. എയര്‍ ഇന്ത്യയുടെ ഓഹരിയുടെ പേരില്‍ മാത്രം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ലാഭത്തില്‍ ഇടിവുണ്ടായി
ഇതിനൊപ്പം കൃത്യസമയത്ത് സര്‍വീസ് നടത്താത്ത പ്രശ്‌നം പല റൂട്ടുകളിലും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ ഉള്‍പ്പടെയുള്ള പ്രവാസികളെ എയര്‍ ഇന്ത്യ വലച്ച നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
എന്നാല്‍, എയര്‍ ഇന്ത്യയെ അത്രപെട്ടെന്ന് വിസ്മൃതിയിലേക്ക് വിട്ടുനല്‍കാന്‍ ടാറ്റ ഗ്രൂപ്പ് തയാറാവുമെന്ന് തോന്നുന്നില്ല. അതിനുള്ള ശ്രമങ്ങള്‍ അവര്‍ ആരംഭിച്ചുകഴിഞ്ഞു. എയര്‍ ഇന്ത്യയിലേക്ക് കൂടുതല്‍ പണമിറക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ പദ്ധതി. 2.4 ബില്യണ്‍ ഡോളര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സും ടാറ്റയും ചേര്‍ന്ന് പദ്ധതിയിട്ടിരിക്കുന്നത്.
പണത്തിനൊപ്പം ചില തര്‍ക്കങ്ങളില്‍ കൂടി പരിഹാരമുണ്ടായാലേ എയര്‍ ഇന്ത്യക്ക് വീണ്ടും ചിറകുവിരിച്ച് പറക്കാനാവൂ. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യയുടേയും വിസ്താരയുടേയും ലയനവുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍. ലയനത്തിന്റെ ഭാഗമായി ഇരു എയര്‍ലൈന്‍സുകളിലേയും ജീവനക്കാരുടെ ശമ്പളം ഏകീകരിക്കുന്നതിനായി മാനേജ്‌മെന്റ് ഒരു പാക്കേജ് കൊണ്ടു വന്നു
ഈ പാക്കേജ് അംഗീകരിക്കാന്‍ തൊഴിലാളി സംഘടനകള്‍ തയാറായില്ല. കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ ഒരു ആനുകൂല്യവും കിട്ടില്ലെന്ന് മാനേജ്‌മെന്റും അറിയിച്ചു. ഇതോടെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളായി; അത് ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നു. ഇക്കാര്വത്തില്‍ ടാറ്റ ഗ്രൂപ്പിലും അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്.
ജെആർഡി ടാറ്റയുടെ കീഴില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സായി തുടങ്ങി പിന്നീട് എയര്‍ ഇന്ത്യയായി മാറിയതാണ് കമ്പനിയുടെ ചരിത്രം. ഒടുവില്‍ ടാറ്റയുടെ കൈയിലേക്ക് എയര്‍ ഇന്ത്യ തിരിച്ചെത്തിയപ്പോള്‍ പ്രതീക്ഷകളേറെയായിരുന്നു. ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കമ്പനിക്ക് കഴിഞ്ഞില്ലെന്ന് വേണം കരുതാന്‍. പ്രവാസത്തിന് ഊര്‍ജം നല്‍കിയ കമ്പനിയെന്ന നിലയില്‍ മലയാളികള്‍ക്കും എയര്‍ ഇന്ത്യ നൊസ്റ്റാള്‍ജിയയാണ്.
പ്രതിസന്ധികള്‍ കനത്തതാണെങ്കിലും ടാറ്റയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അവര്‍ അത്ര പെട്ടെന്ന് തോറ്റുപിന്മാറില്ല എന്നാണ്. പ്രതിസന്ധിയില്‍ നിന്നും എയര്‍ ഇന്ത്യയെ കരകയറ്റാന്‍ ടാറ്റ ഗ്രൂപ്പിന് കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം.