ആസ്‌ത്രേലിയയിൽ ഉപേക്ഷിക്കപ്പെട്ട ചർച്ച് വിലയ്‌ക്ക് വാങ്ങി മുസ്‌ലിം പള്ളിയാക്കി മാറ്റിയെടുക്കുന്നു; സ്വാഗതം ചെയ്ത് യുണൈറ്റിങ് ചർച്ച്

ആരോഗ്യപ്രവർത്തകരായ ഹൂദ് അൽ ദവാഹ്‌ദെയും ഹെബ കൽജെയും ഹോബാർട്ടിലെ മുസ്‌ലിംകളുമായി ചേർന്ന് ഉപേക്ഷിക്കപ്പെട്ട ചർച്ച് വിലയ്‌ക്ക് വാങ്ങി ഒരു മുസ്‌ലിം പള്ളിയായി മാറ്റിയെടുക്കുന്നത്

Update: 2025-12-11 06:29 GMT

ഹൊബാർട്ട്: ആസ്‌ത്രേലിയയിൽ നൂറ്റാണ്ട് പഴക്കമുള്ള ചർച്ച് മുസ്‌ലിം പള്ളിയായി മാറുന്നു. തെക്കൻ ആസ്‌ത്രേലിയയിലെ പ്രധാന ദ്വീപും ഏറ്റവും ചെറിയ സംസ്ഥാവുമായ ടാസ്മാനിയയിലാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്ന ചർച്ച് ആണ് മുസ്‌ലിംകൾ വാങ്ങിയത്. മൂന്ന് നിലകളിലായി അഞ്ച് മുറികളും ഒരു പ്രത്യേക വസതിയും ഉൾപ്പെടുന്ന ലിൻഡിസ്ഫാർൺ യൂണിറ്റിങ് ചർച്ച് 940,000 ഡോളറിന് ആഗസ്റ്റ് 12 നാണ് ഹൊബാർട്ടിലെ മുസ്‌ലിംകൾ വാങ്ങിയത്. ഹൗസ് ഓഫ് ഗൈഡൻസ് ഹൊബാർട്ട് എന്ന പുതിയ ഇസ്‌ലാമിക സംഘടനയാണ് ഈ സ്ഥലം വാങ്ങിയതെന്ന് ഹൊബാർട്ട് മസ്ജിദ് അധികൃതർ പറഞ്ഞു. ഈ സ്ഥാപനത്തിന് മസ്ജിദ് ആൻഡ് ഇസ്‌ലാമിക് സർവീസസ് സെന്റർ എന്ന് പേരിടുമെന്നും ഇവർ പറഞ്ഞു. നൂറ്റാണ്ട് പഴക്കമുള്ള ചർച്ച് മുസ്‌ലിംകൾ ഏറ്റെടുത്ത് പുതുജീവൻ പകരുന്ന ഈ നീക്കത്തെ യുണൈറ്റിങ് ചർച്ച് ടാസ്മാനിയ സ്വഗതം ചെയ്തു. ചർച്ച് തുടർന്നും സമൂഹ ഒത്തുചേരലിനും ചിന്തക്കും ആരാധനക്കും ക്ഷേമത്തിനും പരിചരണത്തിനുമുള്ള ഒരു സ്ഥലമായിരിക്കുന്നതിനെ തങ്ങൾ അഭിനന്ദിക്കുന്നുവെന്ന് യുണൈറ്റിങ് ചർച്ച് ടാസ്മാനിയ സിനഡ് ലെയ്‌സൺ മന്ത്രി റോഹൻ പ്രയർ പറഞ്ഞു.

Advertising
Advertising

ആരോഗ്യ പ്രവർത്തകരായ ഹൂദ് അൽ ദവാഹ്‌ദെയും ഹെബ കൽജെയും ഹോബാർട്ടിലെ മുസ്‌ലിംകളുമായി ചേർന്നാണ് മുൻ ചർച്ചിനെ 'ഹൗസ് ഓഫ് ഗൈഡൻസ് ഹോബാർട്ട്' എന്നറിയപ്പെടുന്ന ഒരു പള്ളിയായി മാറ്റിയെടുക്കുന്നത്. ഹൊബാർട്ടിലെ മുസ്‌ലിംകളെ സംബന്ധിച്ചടുത്തോളം ആരാധനക്കുള്ള ഒരു സ്ഥലം എന്നതിനെക്കാൾ മതപരവും സാംസ്‌കാരികവുമായ ഒരു കേന്ദ്രത്തിന്റെ കുറവ് നികത്താനുള്ള ശ്രമമാണ് നടക്കുന്നത്. 1903ൽ നിർമിച്ച ഈ പഴയ ചർച്ചിന്റെ മനോഹരമായ പൈതൃകം അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അൽ ദവാഹ്‌ദെഹ് പറഞ്ഞു. ഒരു നൂറ്റാണ്ടിലധികമായി ഇത് സമൂഹത്തെ സേവിക്കുന്നു. ഹൗസ് ഓഫ് ഗൈഡൻസ് ഹൊബാർട്ട് ഈ പാരമ്പര്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഹൂദ് അൽ ദവാഹ്ദെഹും ഹെബ കർ​ജെയും

ഇസ്‌ലാമിക വിദ്യാഭ്യാസം, അറബിക് ക്ലാസുകൾ, വിവിധ മതവിശ്വാസികൾ തമ്മിലുള്ള സംവാദം എന്നിവ നടത്താനാണ് പദ്ധതി. ഇത് യുവാക്കളെ നല്ലരീതിയിൽ വളർത്തുന്നതിന് പ്രധാനമാണെന്ന് കൽജെ പറഞ്ഞു. ഇവിടെയുള്ളതെല്ലാം തങ്ങൾക്ക് വളരെ ഇഷ്ടമാണ്, അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ തുടരാൻ ആഗ്രഹിച്ചതെന്നും അവർ വ്യക്തമാക്കി.

സാമ്പത്തിക വിദഗ്ധരും ജനസംഖ്യാ വിദഗ്ധരും പറയുന്നത് കോവിഡ്-19 മഹാമാരിക്ക് ശേഷം ടാസ്മാനിയ അതിന്റെ ആദ്യത്തെ ദീർഘകാല 'ബ്രെയിൻ ഡ്രെയിൻ' (വിദഗ്ധർ മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കായി സംസ്ഥാനം വിട്ട് പോകുന്നത്) നേരിടുകയാണെന്നാണ്. ഇതിനർഥം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്തേക്ക് വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ സംസ്ഥാനം വിട്ട് പോയി എന്നാണ്. ചില മുൻ ടാസ്മാനിയൻ നിവാസികൾ മതപരവും സാംസ്‌കാരികപരവുമായ സൗകര്യങ്ങളുടെ അഭാവം കാരണവും സംസ്ഥാനം വിട്ടുപോകുന്നുണ്ടെന്ന് അൽ ദവാഹ്‌ദെയും കൽജെയും പറഞ്ഞു.

ഇസ്‌ലാമിക വിദ്യാലയമില്ലാത്ത ഏക സംസ്ഥാനമോ ടെറിട്ടറിയോ ആണ് ടാസ്മാനിയ. ഹോബാർട്ടിന്റെ വടക്കൻ പ്രാന്തപ്രദേശങ്ങളിലുള്ള ബോവൻ റോഡ് പ്രൈമറി സ്‌കൂളിൽ ഈ വർഷം ഇസ്‌ലാമിക പഠനം ആരംഭിച്ചിട്ടുണ്ട്. ഹോബാർട്ടിലും ലോൺസെസ്റ്റണിലുമായി ടാസ്മാനിയയിൽ മൂന്ന് മുസ്‌ലിം പള്ളികളുണ്ട്.

മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതൻമാരുമെല്ലാം 'വേദഗ്രന്ഥം നൽകപ്പെട്ട' ആളുകളാണെന്ന് വിരമിച്ച യൂണൈറ്റിങ് ചർച്ച് വൈദികനായ റോസലിൻഡ് ടെറി പറഞ്ഞു. നമ്മൾ ദൈവത്തിന് വ്യത്യസ്ത പേരുകളാണ് നൽകുന്നത്. എങ്കിലും എല്ലാവരും ഒരേ ദൈവത്തെയാണ് ആരാധിക്കുന്നതെന്നും ടെറി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News