ഹമാസ് നേതാവിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഹമാസ്
വംശഹത്യയിൽ മൈക്രോസോഫ്റ്റിന് പങ്കെന്ന് മനുഷ്യാവകാശ സംഘടനകൾ
തെല്അവിവ്: ഗസ്സ സിറ്റിയിൽ ആക്രമണം നടത്തി ഹമാസ് നേതാവ് റഅദ് സഅദിനെ കൊലപ്പെടുത്തിയതായയി ഇസ്രായേൽ. ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് കമാണ്ടർ റഅദ് സഅദിനെ ഗസ്സ സിറ്റിയിൽ നടന്ന ആക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ സേന അവകാശപ്പെട്ടു. ഗസ്സ സിറ്റിയിൽ കാറിനു നേരെ നടന്ന ആക്രമണത്തിൽ മറ്റ് നാലുപേർ കൂടി കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് എന്നിവരാണ് ആക്രമണത്തിന് ഉത്തരവിട്ടത്. എന്നാൽ റഅദ് സഅദ് കൊല്ലപ്പെട്ടതായ ഇസ്രായേൽ പ്രഖ്യാപനം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഇത്തരം ആക്രമണങ്ങൾ ഗസ്സ വെടിനിർത്തൽ കരാർ തകർക്കാനുള്ള ഇസ്രായേലിന്റെ ആസൂത്രിത നീക്കമാണെന്ന് ഹമാസ് പ്രതികരിച്ചു. ഒക്ടോബർ പത്തിന്പ്രാബല്യത്തിൽ വന്ന കരാർ ഇതിനകം 700ലധികം തവണയാണ് ഇസ്രായേൽ ലംഘിച്ചത്. ഈ മാസം 29ന് വൈറ്റ് ഹൗസിൽ രണ്ടാം ഘട്ടവെടിനിർത്തൽ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇസ്രായേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹു നിർണായക ചർച്ച നടത്താനിരിക്കെയാണ് ആക്രമണം.
അതിനിടെ, ബൈറോൺ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പേമാരി നാശം വിതച്ച ഗസ്സയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്ന യുഎന്നിന്റെയും ലോക രാജ്യങ്ങളുടെയും അഭ്യർഥന ഫലം കണ്ടില്ല. താൽക്കാലിക ടെന്റുകൾ, ഭക്ഷണം,വെള്ളം, ഇന്ധനം, മറ്റ് ഉപകരണങ്ങൾ എന്നിവ ഉടൻ ലഭ്യമാക്കണമെന്ന് യുഎൻ പൊതുസഭ കഴിഞ്ഞ ദിവസം പ്രമേയത്തിലൂടെയും ആവശ്യപ്പെട്ടിരുന്നു.
ദുരിതത്തിലായ ലക്ഷങ്ങളാണ് ഗസ്സയിൽ സഹായം കാത്തുകഴിയുന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തിയ വംശഹത്യയിൽ മൈക്രോസോഫ്റ്റിന് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി നിയമനടപടിക്കൊരുങ്ങുകയാണ് മനുഷ്യാവകാശസംഘടനകൾ. ഇസ്രായേൽ സൈന്യത്തിന് സാങ്കേതികവിദ്യയും സേവനങ്ങളും നൽകുന്നതിലൂടെ,വംശഹത്യയിൽ മൈക്രോസോഫ്റ്റ് നേരിട്ട് പങ്കുവഹിച്ചതായി ആഗോള പൗരാവകാശ കൂട്ടായ്മകൾ കുറ്റപ്പെടുത്തി.