അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തി ഇറാന്‍
സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇറാന്‍ പ്രസിഡൻ്റ്
തെഹ്‌റാന്‍: അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തിയതായി ഇറാന്‍. പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇറാനെ ആക്രമിച്ചാല്‍ മാത്രം തിരിച്ചടിക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് അദ്ദേഹം ക്ഷമചോദിച്ചു. സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊളോണിയല്‍ ധാര്‍ഷ്ട്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ ഒരുക്കമല്ലെന്ന് പെസഷ്‌കിയാന്‍ പറഞ്ഞു. ഭിന്നതകള്‍ മാറ്റിവെച്ച് രാജ്യസുരക്ഷക്ക് ജനങ്ങള്‍ ഒന്നിച്ച് പൊരുതും. പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഇറാനികള്‍ അവസാനശ്വാസം വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലും യുഎസും ചേര്‍ന്ന് ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണത്തിന് ഇറാന്‍ കനത്ത പ്രത്യാക്രമണത്തിലൂടെ മറുപടി നല്‍കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണങ്ങള്‍ കൂടുതലും. ഇത് മേഖലയെ ആകെ യുദ്ധഭീതിയിലാക്കിയിരുന്നു.