ന്യൂഡൽഹി: ടെക് ലോകത്തെ ആകാംക്ഷകൾക്ക് വിരാമമിട്ടാണ് ആപ്പിൾ തങ്ങളുടെ 2026ലെ പ്രൊഡക്ടുകള്‍ പുറത്തിറക്കിയത്. ആദ്യ മടക്കാവുന്ന ഫോണായ ഐഫോൺ ഡ്യുവോ അടക്കം വൻ നിരതന്നെ കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ടെങ്കിലും, ഉപകരണങ്ങളുടെ വിലയാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം.
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, എയർപോഡ്സ് 5, ആപ്പിൾ വാച്ച് സീരീസ് 12, ആപ്പിൾ വാച്ച് അൾട്രാ 4, ഐഫോൺ ഡ്യുവോ എന്നിവയാണ് സെപ്തംബര്‍ ഇവന്റില്‍ ആപ്പിള്‍ അവതരിപ്പിച്ചത്. ഇതെല്ലാം വാങ്ങുകയാണെങ്കില്‍ എത്ര രൂപ വരും. അതേ തുക കൊണ്ട് വേറെ എന്തൊക്കെ വാങ്ങാൻ സാധിക്കും തുടങ്ങിയവയൊക്കെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ചകളാണ്.
2026ലെ നിരയിലെ എല്ലാ ഉൽപ്പന്നങ്ങളും(ബേസ് വാരിയന്റ്) ഒരാൾ ഇന്ത്യയിൽ നിന്ന് വാങ്ങുകയാണെങ്കിൽ അവയുടെ ആകെ തുക ഏകദേശം 8.26 ലക്ഷം രൂപയോളം വരും. ടോപ് എന്‍ഡ് വാരിയന്റാണെങ്കില്‍ പത്ത് ലക്ഷം കടക്കും. ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപ മുതലും, ഐഫോൺ ഡ്യുവോയ്ക്ക് 2,99,900 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. എയർപോഡ്സ് 5ന്റെ വില തുടങ്ങുന്നത് 14,900 രൂപയിലാണ്.
ഐഫോൺ ഡ്യുവോയുടെ ആരംഭ വില( 2.99 ലക്ഷം)യാണ് ഏവരെയും ഞെട്ടിച്ചത്. 2 ടെറാബൈറ്റ്(ടിബി) സ്‌റ്റോറേജുള്ള ഇതിന്റെ ഏറ്റവും ഉയർന്ന വേരിയന്റിനാകട്ടെ ഇന്ത്യയിൽ 4.49 ലക്ഷം രൂപ കൊടുക്കണം. റെനോ ക്വിഡ് പോലൊരു ചെറിയ കാറിന്റെ വിലയോട് വളരെ അടുത്താണിത്. ഈ പണം കൊണ്ട് 'മടക്കുന്ന ഫോണ്‍' വാങ്ങണോ അതോ കാര്‍ വാങ്ങണോ, അതോ സ്വര്‍ണം വാങ്ങണോ?
ഓരോ പുതിയ ആപ്പിൾ ഉൽപ്പന്നങ്ങൾ പുറത്തിറങ്ങുമ്പോഴും, വലിയ പൈസ മുടക്കി ഇതൊക്കെ വാങ്ങണോ സ്വര്‍ണത്തിലോ മറ്റോ നിക്ഷേപിച്ചൂടെ തുടങ്ങിയ ചോദ്യങ്ങളൊക്കെ സജീവമാകാറുണ്ട്. എന്നാല്‍ കമ്പനി ഇതൊന്നും വകവെക്കാറില്ല. വെറുമൊരു ടെക്നോളജി നിർമ്മാതാക്കൾ എന്നതിലുപരി, ലക്ഷ്വറി ലൈഫ് സ്റ്റൈൽ ബ്രാൻഡായാണ് ആപ്പിളിനെ അടയാളപ്പെടുത്തുന്നത്. മാത്രമല്ല ഫോണ്‍ വാങ്ങാനായി റീട്ടെയിൽ സ്റ്റോറുകളിലേക്ക് എത്തുന്നതും ഉപയോക്താവ് സാവധാനം ബോക്സ് തുറക്കുന്നതുമൊക്കെ ഒരു വൈകാരിക അനുഭവം സൃഷ്‌ടിച്ചെടുക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇതുകൊണ്ടൊക്കെ തന്നെയാണ് ആപ്പിളിനായി പുലര്‍ച്ചെ മുതല്‍ ആളുകള്‍ വരി നില്‍ക്കുന്നത്.
എന്നാൽ, ഈ വർഷത്തെ വിലവർദ്ധനവ് ആപ്പിള്‍ പ്രേമികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ അതേ ആവേശത്തോടെ ഇക്കുറി സ്റ്റോറുകൾക്ക് മുന്നിൽ ക്യൂ നിൽക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പുതിയ മോഡലുകള്‍ക്ക് മാത്രമല്ല ഐഫോണ്‍ 17, 16 തുടങ്ങിയ ബേസ് മോഡലുകളുടെ വിലയിലും ആപ്പിള്‍ 'കൈവെച്ചിട്ടുണ്ട്', ഏകദേശം 20,000 രൂപ വരെയാണ് വര്‍ധനവ്!