ഇക്കാലത്ത്, മിക്ക സ്മാർട്ട്‌ഫോണുകളിലും മറ്റ് ഗാഡ്‌ജെറ്റുകളിലും ടൈപ്പ്-സി പോര്‍ട് ലഭ്യമാണ്. മിക്ക ആളുകളും ഇത് ചാർജ് ചെയ്യാൻ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്നാൽ ചാർജിങ്ങിനപ്പുറം നിങ്ങളുടെ ദൈനംദിന ഡിജിറ്റൽ ജീവിതം കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന നിരവധി മികച്ച ഫീച്ചറുകൾ ഈ സിംഗിൾ പോർട്ടിലുണ്ട്.
ടൈപ്പ്-സി പോർട്ട് വഴി ഫോണിനെ പവർ ബാങ്കാക്കി മാറ്റാം!
പുതിയ സ്മാർട്ട്‌ഫോണുകളിൽ ഭൂരിഭാഗവും 'റിവേഴ്സ് ചാർജിംഗ്' എന്ന ഫീച്ചറിനെ പിന്തുണയ്ക്കുന്നുണ്ട്. അതായത്, ടൈപ്പ്-സി പോർട്ട് വഴി ഫോൺ ചാർജ് ചെയ്യുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ഫോൺ ഉപയോഗിച്ച് മറ്റ് ഫോണുകൾ, ഇയർബഡുകൾ, ഫിറ്റ്നസ് ബാൻഡുകൾ എന്നിവ ചാർജ് ചെയ്യാനും സാധിക്കും. ഇതിനായി ഒരു 'ടൈപ്പ്-സി ടു ടൈപ്പ്-സി' കേബിൾ മാത്രം മതിയാകും. ഇത് കണക്ട് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിന്‍റെ ടൈപ്പ്-സി പോർട്ട് അതിനെ ഒരു പവർ ബാങ്കായി മാറ്റി മാറ്റും.
ഞൊടിയിടയിൽ ഡാറ്റ ട്രാൻസ്ഫര്‍ ചെയ്യാം
ക്വിക് ഷെയർ അല്ലെങ്കിൽ എയർഡ്രോപ്പ് വഴി ഫയലുകൾ അയക്കുന്നത് എളുപ്പമാണെങ്കിലും വലിയ ഫയലുകൾ കൈമാറുമ്പോൾ കൂടുതൽ സമയമെടുക്കാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ടൈപ്പ്-സി പോർട്ട് ഉപകാരപ്പെടും. ഒരു 'ടൈപ്പ്-സി ടു ടൈപ്പ്-സി' കേബിൾ ഉപയോഗിച്ച് രണ്ട് ഫോണുകൾ തമ്മിൽ കണക്ട് ചെയ്താൽ വളരെ വേഗത്തിൽ ഡാറ്റ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും.
ഫോണിനെ ഒരു മിനി കമ്പ്യൂട്ടറാക്കി മാറ്റാം
ടൈപ്പ്-സി പോർട്ട് ഉപയോഗിച്ച് നിങ്ങളുടെ ഫോണിനെ ഒരു മിനി കമ്പ്യൂട്ടർ പോലെ മാറ്റി ഉപയോഗിക്കാൻ സാധിക്കും. ഈ പോർട്ടിലേക്ക് ഒരു ബ്ലൂടൂത്ത് ഡംഗിൾ അല്ലെങ്കിൽ യുഎസ്ബി ഹബ് കണക്ട് ചെയ്താൽ, വയർലെസ്സ് കീബോർഡും മൗസും ഉപയോഗിച്ച് ഫോൺ പ്രവർത്തിപ്പിക്കാം. ഫോണിന്റെ ടച്ച്‌സ്‌ക്രീൻ തകരാറിലാകുന്ന സാഹചര്യങ്ങളിൽ ഫോണിലെ വിവരങ്ങൾ എടുക്കാനും അത് ഉപയോഗിക്കാനും ഇത് സഹായിക്കും.
വലിയ സ്ക്രീനിൽ കാണാം
ഫോണിന്റെ ചെറിയ സ്ക്രീനിൽ സിനിമകളോ ഷോകളോ കണ്ട് മടുത്തുവെങ്കിൽ, ടൈപ്പ്-സി പോർട്ട് നിങ്ങൾക്ക് വളരെ ഉപകാരപ്പെടും. പല സ്മാർട്ട്‌ഫോണുകളും ടൈപ്പ്-സി പോർട്ട് വഴിയുള്ള 'വീഡിയോ ഔട്ട്പുട്ട്' പിന്തുണയ്ക്കുന്നുണ്ട്. ഒരു 'HDMI ടു ടൈപ്പ്-സി'കേബിൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നേരിട്ട് ടിവിയുമായി കണക്ട് ചെയ്യാം. കണക്ട് ചെയ്തു കഴിഞ്ഞാൽ ഫോണിൽ പ്ലേ ചെയ്യുന്ന വീഡിയോകൾ ടിവിയുടെ വലിയ സ്ക്രീനിൽ വ്യക്തമായി കാണാൻ സാധിക്കും.