യുഡിഎഫിന് 100+ സീറ്റ് എങ്ങനെ കിട്ടും?

‘രണ്ട് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചാൽ മാത്രം സതീശൻ പറയുന്നത് പോലെ യുഡിഎഫ് നൂറ് കടക്കില്ല. രണ്ടും ഒരേസമയം സംഭവിക്കണം.....’ - സീനിയർ ന്യൂസ് എഡിറ്റർ എസ്.എ അജിംസ് എഴുതുന്നു

Update: 2026-04-23 10:46 GMT

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് ഭൂരിപക്ഷം പ്രവചനങ്ങളും. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും മുഴുവൻ ചർച്ചയും ആരാകും യുഡിഎഫിന്റെ മുഖ്യമന്ത്രിയെന്നാണ്. നൂറ് സീറ്റിന് മുകളിൽ നേടി അധികാരത്തിലെത്തുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അവകാശവാദം. കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. അങ്ങനെ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ അത് യുഡിഎഫിന് അനുകൂലമായ തരംഗമായി മാറുമെന്നും അവർ പ്രതീക്ഷിക്കുന്നു.കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നോ ഇല്ലെന്നോ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാതെ പറയാൻ കഴിയില്ല. 90 സീറ്റിന് മുകളിൽ നേടി യുഡിഎഫ് അധികാരത്തിലെത്തിയാൽ അത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി കാണാൻ കഴിയും. എന്നാൽ, 2011ലെത് പോലെ നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫ് അധികാരത്തിലെത്തിയാൽ അത് ഭരണവിരുദ്ധ വികാരമാണെന്നോ യുഡിഎഫ് അനുകൂല തരംഗമാണെന്നോ പറയാൻ കഴിയുകയുമില്ല.

Advertising
Advertising

കേവലഭൂരിപക്ഷത്തിനേക്കാൾ രണ്ട് സീറ്റിന് മാത്രമാണ് 2011ൽ യുഡിഎഫ് ജയിച്ചത്. 2016ൽ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായ സാഹചര്യത്തിലും എക്സിറ്റ് പോൾ ഫലങ്ങൾ എൽഡിഎഫിന് പ്രവചിച്ചത് 70 മുതൽ 85 സീറ്റ് വരെയായിരുന്നു. എന്നാൽ 90ലധികം സീറ്റുമായി എൽിഡഎഫ് അധികാരത്തിലെത്തുകയും ചെയ്തു. നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്ന വി.ഡി സതീശന്റെ അവകാശവാദം എത്രമാത്രം വിശ്വസനീയമാണ്. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അത്തരം വിജയം നേടാൻ യുഡിഎഫിന് കഴിയുമോ? എങ്കിൽ ഏത് ജില്ലയിലെ മുന്നേറ്റമായിരിക്കും യുഡിഎഫിനെ അതിന് സഹായിക്കുക?

യുഡിഎഫിന് വൻ വിജയം നേടണമെങ്കിൽ കോൺഗ്രസിന് സീറ്റ് വലിയ തോതിൽ കൂടണം. യുഡിഎഫിൽ ഏറ്റവും കുറവ് സ്ട്രൈക്ക് റേറ്റുള്ള പാർട്ടിയാണ് കോൺഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച 93 സീറ്റിൽ 22 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. 2016ലാകട്ടെ മൽസരിച്ച 87 പേരിൽ 21 പേർ മാത്രമാണ് ജയിച്ചത്. അപ്പോൾ കോൺഗ്രസിന് കൂടുതലായി ലഭിക്കുന്ന സീറ്റുകളാണ് യുഡിഎഫിന് വിജയം നൽകുകയെന്ന് വ്യക്തം. ഏത് ജില്ലകളിലാവും കോൺഗ്രസ് സീറ്റ് വർധിപ്പിക്കുക. കാൽ നൂറ്റാണ്ടായി കോൺഗ്രസിന് ഒരു സീറ്റ് പോലുമില്ലാത്ത ജില്ലയാണ് കോഴിക്കോട്. അവിടെ കോൺഗ്രസ് വലിയ മുന്നേറ്റം നടത്തുമെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. നാദാപുരം,കൊയിലാണ്ടി, സീറ്റുക ജയിക്കുമെന്ന ആത്മവിശ്വാസം അവർ പ്രകടിപ്പിക്കുന്നു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, ഇടുക്കി,പത്തനംതിട്ട ജില്ലകൾ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ കൈവിട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ഒരു സീറ്റും കൊല്ലത്ത് രണ്ട് സീറ്റും ലഭിച്ചപ്പോൾ ഇടുക്കിയിലും പത്തനംതിട്ടയിലും ഒറ്റസീറ്റും കോൺഗ്രസിന് ലഭിച്ചിരുന്നില്ല.



തെക്കൻ ജില്ലകളിൽ ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ മുന്നേറ്റം, കോഴിക്കോട് ജില്ലയിലെ തിരിച്ചുവരവ് ഈ രണ്ട് കാര്യങ്ങൾ കൊണ്ട് നൂറു കടക്കാനാകുമോ യുഡിഎഫിന്? ഇല്ല. വി.ഡി സതീശൻ അവകാശപ്പെടുന്നത് പോലെ കോൺഗ്രസ് നൂറ് കടക്കണമെങ്കിൽ വലിയ മുന്നേറ്റമുണ്ടാക്കേണ്ട ഒരു ജില്ലയുണ്ട്. അത് തൃശൂരാണ്.

എന്താണ്, തൃശൂരിന് ഇത്ര പ്രത്യേകത? രാഷ്ട്രീയ കേരളത്തിൽ ഇരുപത് വർഷം മുമ്പ് വരെ ഒരു ചൊല്ലുണ്ടായിരുന്നു. തൃശൂര് ആര് പിടിക്കുന്നോ അവർ കേരളം ഭരിക്കും. കരുണാകരന്റെ തട്ടകമായ തൃശൂരിൽ അതിന്റെ പ്രഭാവം ജില്ലയൊട്ടാകെ നിഴലിച്ചു.2001ൽ 100 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ തൃശൂർ ജില്ലയിലെ പതിനാലിൽ പന്ത്രണ്ട് സീറ്റിലും യുഡിഎഫാണ് വിജയിച്ചത്. ശക്തമായ സംഘടന, ശക്തമായ നേതൃത്വം ഇതൊക്കെയാണ് ഈ വിജയത്തിന് കോൺഗ്രസിനെ സഹായിച്ചത്. കരുണാകരനും മകൻ മുരളീധരനും കോൺഗ്രസിൽ നിന്ന് പുറത്ത് പോയതോടെ, തൃശൂരിലെ കോൺഗ്രസിന്റെ സംഘടനാ സംവിധാനം ദുർബലമായി. നേതൃനിരയും അപ്രത്യക്ഷമായി. പോയവർ തിരികെയെത്തിയെങ്കിലും അണികളും വോട്ടർമാരും തിരികെയെത്താത്തത് കോൺഗ്രസിനെ ക്ഷീണിപ്പിച്ചു. 2008 ൽ അസംബ്ലി മണ്ഡല പുനർനിർണയം തൃശൂരിന്റെ രാഷ്ട്രീയ ചിത്രം കൂടിയാണ് മാറ്റിവരച്ചത്. മണ്ഡലപുനർനിർണയത്തിൽ കരുണാകന്റെ മണ്ഡലമായി അറിയപ്പെട്ട മാള ഇല്ലാതായി, ചേർപ്പ്, കൊടകര സീറ്റുകളും ഇല്ലാതായി.പുതുതായി കൈപ്പമംഗലം,പുതുക്കാട് എന്നീ മണ്ഡലങ്ങളുണ്ടായി. മുമ്പ് ചേലക്കര മാത്രമായിരുന്നു പട്ടികജാതി സംവരണ മണ്ഡലമെങ്കിൽ ആ പട്ടികയിൽ നാട്ടിക കൂടി വന്നു.

വളരെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു തൃശൂരിലെ മണ്ഡല പുനർനിർണയം.ചേലക്കര, ഒല്ലൂർ മണ്ഡലങ്ങൾ മാത്രമാണ് അതിരുകൾ മാറ്റി വരയ്ക്കാതെ വിട്ടത്. കുന്നംകുളം മണ്ഡലത്തിൽ അടാട്ട്,അവനൂർ, കൈപ്പറമ്പ്, വടക്കാഞ്ചേരി മണ്ഡലത്തിൽ ലയിപ്പിച്ചു. ചൂണ്ടൽ, കണ്ടാണശേരി പഞ്ചായത്തുകൾ മണലൂരിലാക്കി. വടക്കാഞ്ചേരിയിൽ നിന്ന് എരുമപ്പെട്ടി,കടങ്കോട്,കടവല്ലൂർ,കട്ടാക്കമ്പാൽ,വേലൂർ പഞ്ചായത്തുകൾ കുന്നംകുളത്തേക്ക് മാറ്റി. ഇത്രയധികം പഞ്ചായത്തുകൾ എടുത്തു മാറ്റി പുതിയവ കൊണ്ടുവരുന്ന രീതി ഇംഗ്ലീഷിൽ ജെറി മാൻഡറിങ് എന്ന് പറയുന്ന പ്രക്രിയയാണെന്ന് വ്യക്തമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി അതിർത്തി മാറ്റിവരക്കൽ. കുന്നംകുളത്ത് നിന്ന് നാല് പഞ്ചായത്തുകൾ വടക്കാഞ്ചേരിക്ക് ലഭിച്ചപ്പോൾ കോലഴി,മുളങ്കുന്നത്തുകാവ് പഞ്ചായത്തുകൾ തൃശൂർ മണ്ഡലത്തിൽ നിന്ന് വടക്കാഞ്ചേരിക്ക് ലഭിച്ചു.

നാട്ടികയിൽ നിന്ന് ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഗുരുവായൂരിലേക്ക് ചേർത്തു. കുന്നംകുളത്ത് നിന്ന് ലഭിച്ച രണ്ട് പഞ്ചായത്തുകൾ കൂടാതെ നാട്ടികയിൽ നിന്ന് വാടാനപ്പള്ളി പഞ്ചായത്ത് മണലൂരിലേക്ക് ചേർത്തു. അന്തിക്കാട് പഞ്ചായത്ത് നാട്ടികയിൽ ചേർത്തു. തൃശൂർ മണ്ഡലം പൂർണമായും കോർപ്പറേഷൻ പരിധിയിലുള്ള മണ്ഡലമാക്കി. പഴയ ചേർപ്പ് മണ്ഡലം നാട്ടികയാക്കി മാറ്റിയപ്പോൾ, ആ മണ്ഡലത്തിന്റെ ഘടന അപ്പാടെ മാറി.എടത്തിരുത്തിയും കൈപ്പമംഗലവും കൈപമംഗലം പഞ്ചായത്തിലായി. വാടാനപ്പള്ളി മണലൂരിന് കൊടുത്തു. ഏങ്ങണ്ടിയൂർ മണലൂരിനും. പഴയ ചേർപ്പ് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകൾ മാത്രം നിലനിർത്തി മണലൂരിൽ നിന്ന് അന്തിക്കാട് നാട്ടികക്ക് കൊടുത്തു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആളൂർ പഞ്ചായത്ത് മാളയിൽ നിന്നെടുത്തു. പറപ്പൂക്കര പുതുക്കാടിന് കൊടുത്തു. പുതുതായി രൂപീകരിച്ച പുതുക്കാട് മണ്ഡലത്തിൽ ഇല്ലാതായ ചേർപ്പ് മണ്ഡലത്തിൽ നിന്ന് വല്ലച്ചിറ ഗ്രാമപഞ്ചായത്തും ഇരിങ്ങാലക്കുടയിൽ നിന്ന് പറപ്പൂക്കരയും ഇല്ലാതായ കൊടകരയിൽ നിന്ന് ആറ് പഞ്ചായത്തുകളും ചേർത്തു. ഇല്ലാതായ മാളയിൽ നിന്ന് ആറ് മണ്ഡലങ്ങൾ കൊടുങ്ങല്ലൂരിൽ ചേർത്തപ്പോൾ നേരത്തെ കൊടുങ്ങല്ലൂരിലുണ്ടായിരുന്ന അഞ്ചെണ്ണം കൈപമംഗലത്തിന് കൊടുത്തു. ചാലക്കുടിയിൽ പഴയ കൊടകരയിലെ കൊടകര ഗ്രാമപഞ്ചായത്ത് കൂടി കൂട്ടിച്ചേർത്തു.




 


ഭരണവിരുദ്ധ വികാരത്തിനിടയിലും കോൺഗ്രസിനെയും യുഡിഎഫിനെയും പിന്തുണച്ച തൃശൂർ ഇതോടെ മാറിമറിയുകയായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള പതിമൂന്ന് സീറ്റുകളിൽ ഏഴിലും എൽഡിഎഫ് ജയിച്ചു. പുതുതായി രൂപീകരിച്ച നാട്ടികയും കൈപമംഗലവും എൽഡിഎഫ് പിടിച്ചു.

മണ്ഡല പുനർനിർണയം മാത്രമാണ് എൽഡിഎഫിന്റെ ഈ മുന്നേറ്റത്തിന് മുന്നിലെന്ന് പൂർണമായും പറയുക സാധ്യമല്ല. 2006ലെ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. കരുണാകരൻ പാർട്ടിക്കുള്ളിൽ നടത്തിയ കലാപവും 2005ൽ ഡിഐസി രൂപീകരിച്ചതും വലിയ തിരിച്ചടിയായി കോൺഗ്രസിന്. 2006ൽ ഡിഐസി യുഡിഎഫുമായി ധാരണയിലെത്തിയിട്ടും അതുണ്ടാക്കിയ പരിക്ക് കോൺഗ്രസിനെ വിട്ടുപോയില്ല. തൃശൂരിലായിരുന്നു അതിന്റെ ആഘാതം ഏറ്റവുമധികമുണ്ടായത്.

ആ ആഘാതത്തിൽ നിന്ന് പിന്നീട് കരകയറാൻ കോൺഗ്രസിനായില്ല. 2016ൽ വടക്കാഞ്ചേരിയിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. അതും കേവലം നാൽപത്തിമൂന്ന് വോട്ടിന്.2021ൽ തൃശൂർ ജില്ല പൂർണമായും യുഡിഎഫിനെ കൈവിടാതെ കാത്തത് ചാലക്കുടിയിൽ യുഡിഎഫ് തിരിച്ചെത്തിയതാണ്.

കോൺഗ്രസ് സംസ്ഥാനത്ത് ദുർബലമായതിന് ഒരു കാരണം കരുണാകരന്റെ പുറത്ത് പോയതാണ്. അന്ന് കരുണാകരനോടൊപ്പം പുറത്തുപോയ അണികൾ പലരും കരുണാകരൻ കോൺഗ്രസിൽ തിരിച്ചെത്തിയിട്ടും തിരിച്ചുവന്നില്ല. ബിജെപി സംസ്ഥാനത്ത് അവരുടെ വോട്ട് വർധിപ്പിക്കുന്നത് ഇതിന് ശേഷമാണ്. തൃശൂരിൽ, ബിജെപി അതിന് ശേഷം നടത്തിയ വലിയ മുന്നേറ്റവും യാദൃശ്ചികമല്ല.

മണ്ഡല പുനർനിർണയം തൃശൂരിൽ മാത്രമല്ല, കോൺഗ്രസിന്റെ വിധി മാറ്റിമറിച്ചത്. കേരളമൊട്ടുക്കും ഈ പ്രതിഭാസമുണ്ട്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കും സിപിഎമ്മിലേക്കും ഒഴുകിപ്പോയ നേതാക്കളും അണികളും വോട്ടർമാരും കോൺഗ്രസിനെ കൂടുതൽ കുഴപ്പത്തിലാക്കി. ഈ രണ്ട് പ്രതിസന്ധികളെയും അതിജീവിച്ച് കോൺഗ്രസ് നൂറ് സീറ്റ് നേടണമെങ്കിൽ എന്ത് മാറ്റമാണ് സംഭവിക്കേണ്ടത്?

തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്വല വിജയമാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം. അസംബ്ലി തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തുകളിലേക്കാണ് രാഷ്ട്രീയ വോട്ട് ഉണ്ടാവുക. അവിടെ 7-7 ആണ് എൽഡിഎഫ്- യുഡിഎഫ് വിജയം. ഇനി അസംബ്ലി സീറ്റുകളുടെ അത്ര വോട്ടർമാരുള്ള ബ്ലോക്ക് പഞ്ചായത്തുകളുടെ കണക്കെടുത്താൽ 79 ഇടത്ത് യുഡിഎഫും 63 ഇടത്ത് എൽഡിഎഫുമാണ്. എന്നാൽ, യുഡിഎഫ് ഒടുവിൽ ജയിച്ച 2011ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2010ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എട്ട് ജില്ലാ പഞ്ചായത്തുകൾ യുഡിഎഫ് ജയിച്ചിരുന്നു. അസംബ്ലി മണ്ഡലങ്ങളോട് സാദൃശ്യമുള്ള ബ്ലോക്ക് പഞ്ചായത്തുകളിലാകട്ടെ, യുഡിഎഫ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 89 ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫ് ജയിച്ചു കയറി. എന്നാൽ, ഈ പ്രകടനം തൊട്ടടുത്ത വർഷം അസംബ്ലി തെരഞ്ഞെടുപ്പിൽ നിലനിർത്താൻ യുഡിഎഫിനായില്ല. നാല് സീറ്റിന്റെ വ്യത്യാസത്തിലാണ് അന്ന് എൽഡിഎഫ് പരാജയപ്പെട്ടത്.

ഇതിൽ നിന്ന് മനസിലാക്കേണ്ട പ്രധാന കാര്യം, തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം അതേപടി അസംബ്ലി തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ യുഡിഎഫിന് കഴിയില്ല എന്നാണ്. കാരണം ബ്ലോക്ക് പഞ്ചായത്തുകളുടെ ഘടനയല്ല അസംബ്ലി മണ്ഡലങ്ങളുടേത്. യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകൾ പലതും പല അസംബ്ലി മണ്ഡലങ്ങലിലായിരിക്കും. ഒരു ഉദാഹരണം, ഉമ്മൻചാണ്ടി തുടർച്ചയായി മത്സരിച്ചുപോന്ന, ഇപ്പോൾ ചാണ്ടി ഉമ്മൻ പ്രതിനിധീകരിക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ എട്ട് പഞ്ചായത്തുകളുണ്ട്. എന്നാൽ ഈ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളും പള്ളം, പാമ്പാടി ബ്ലോക്ക് പഞ്ചായത്തുകളിലാണ്. പള്ളം ബ്ലോക്ക് പഞ്ചായത്തിൽ അഞ്ച് പഞ്ചായത്തുകളേയുള്ളൂ, പാമ്പാടിയിലാകട്ടെ എട്ട് പഞ്ചായത്തുകളുണ്ട്. ഈ പഞ്ചായത്തുകളുടെ രാഷ്ട്രീയ സ്വഭാവവും വ്യത്യസ്തമാണ്.

അപ്പോൾ ഈ വ്യത്യാസങ്ങൾ കൊണ്ടുതന്നെ, തദ്ദേശ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ഫലം അസംബ്ലിയിൽ ആവർത്തിക്കണമെന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പും അസംബ്ലി തെരഞ്ഞെടുപ്പും വ്യത്യസ്ത പാറ്റേണിലാണ് ഫലം നൽകുക. അപ്പോൾ, മണ്ഡല പുനർനിർണയവും കോൺഗ്രസിന്റെ സംഘടനാ ദൌർബല്യവും മറികടന്ന് യുഡിഎഫ് നൂറ് സീറ്റ് നേടണമെങ്കിൽ രണ്ട് കാര്യങ്ങൾ സംഭവിക്കണം..

എൽഡിഎഫ് സർക്കാരിനെതിരെ അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ടാവണം. ഇതുവഴി പരമ്പരാഗത എൽഡിഎഫ് വോട്ടുകൾ പോലും യുഡിഎഫിലേക്ക് പോകണം. രണ്ട്, യുഡിഎഫ്, പ്രത്യേകിച്ച് കോൺഗ്രസ്, അതിന്റെ സ്വതവേയുള്ള സംഘടനാ ദൌർബല്യങ്ങൾ മറികടന്ന്, സ്ഥിരമായി തോൽക്കുന്ന മണ്ഡലങ്ങൾ തിരിച്ചു പിടിക്കണം. അങ്ങനെ തിരിച്ചു പിടിക്കണമെങ്കിൽ താഴെ തട്ടിൽ വൻതോതിൽ വോട്ടുകൾ മറിക്കാൻ കഴിയണം. എസ്ഐആർ സമയത്ത് വോട്ട് ചേർക്കൽ മുതൽ ബൂത്ത് തലത്തിലുള്ള അതിശക്തമായ പ്രവർത്തനം വരെ നടക്കണം. ഈ രണ്ട് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചാൽ മാത്രം സതീശൻ പറയുന്നത് പോലെ യുഡിഎഫ് നൂറ് കടക്കില്ല. രണ്ടും ഒരേസമയം സംഭവിക്കണം.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - എസ്.എ അജിംസ്

contributor

Similar News