ഭരണകൂടത്തിന് ജനങ്ങളെ ഏതെല്ലാം മാര്‍ഗത്തിലൂടെ കബളിപ്പിക്കാന്‍ സാധിക്കുമോ ആ വഴികളെല്ലാം തേടുകയാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ. വനിതാസംവരണം പെട്ടെന്ന് നടപ്പാക്കണമെന്നൊരു ബോധോദയം ഉണ്ടായതും ജനങ്ങളെ കബളിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകും. വനിതകളെ കൈപിടിച്ചുയര്‍ത്താനെന്ന നാട്യത്തില്‍ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യം നേടാന്‍ ശ്രമിച്ച സര്‍ക്കാരിനെ ലോക്സഭയില്‍ പ്രതിപക്ഷ 'ഇന്‍ഡ്യ സഖ്യം' മുട്ടുകുത്തിച്ചു. 12 വര്‍ഷത്തിനിടയില്‍ നരേന്ദ്രമോദിയും അമിത് ഷായും ഭരണഘടനയുടെ അനിഷേധ്യ കരുത്തിനു മുന്നില്‍ അടിയറവ് പറഞ്ഞ ചരിത്ര സന്ദര്‍ഭം.
പ്രത്യേക ലോക്സഭാ സമ്മേളനത്തില്‍ സർക്കാർ നടത്തിയ അസാധാരണ നീക്കത്തിന്റേയും തോൽവിയുടേയും പിന്നിലെന്താണ്?
കേരളത്തിലും അസമിലും വോട്ടെടുപ്പ് അവസാനിച്ചെങ്കിലും പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും നടക്കാനിരിക്കുന്നതേയുള്ളൂ. അതായത് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒത്തമധ്യത്തിലാണ് രാജ്യം. അപ്പോഴാണ് പൊടുന്നനെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണമെന്ന ദീര്‍ഘകാല ആശയം കേന്ദ്രസര്‍ക്കാര്‍ പൊടിതട്ടിയെടുക്കുന്നത്. അതിനായി പ്രത്യേക ലോക്സഭാ സമ്മേളനം വിളിക്കുന്നു. വനിതാസംവരണ ബില്ലിന്റെ ചരിത്രമറിയുന്ന ഏതൊരാളെയും ഇത് അതിശയിപ്പിച്ചു. 2023ല്‍ 106-ാം ഭരണഘടനാഭേദഗതിയായി പാർലമെന്റ് പാസാക്കിക്കഴിഞ്ഞ വനിതാസംവരണത്തില്‍ ഇനിയെന്തു ചെയ്യാനാണ് സര്‍ക്കാര്‍ നീക്കമെന്നായി സംശയം.
പിന്നീടാണ് ഉദ്ദേശ്യം വെളിച്ചത്തുവരുന്നത്. നിലവില്‍ പാർലമെന്റ് പാസാക്കിയ വനിതാസംവരണ നിയമം എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാവുന്നതായിരുന്നു. അതിന് രാഷ്ട്രപതിയുടെ അംഗീകാരവും കിട്ടിക്കഴിഞ്ഞതാണ്. നിയമം നിലവില്‍ വന്നശേഷമുള്ള സെൻസസിനെ വേണം ആശ്രയിക്കാനെന്ന വ്യവസ്ഥ ഭേദഗതി ചെയ്താല്‍ മതിയാകും. എന്നാല്‍ സർക്കാർ കൊണ്ടുവരാനുദ്ദേശിച്ച ഭരണഘടനാ ഭേദഗതി ബില്ലിന്റെ് കരട് പുറത്തുവന്നപ്പോഴാണ് പൂച്ച് പുറത്തുചാടിയത്. വനിതാ ബില്ലിന്റെ മറവില്‍ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം സ്വന്തം രാഷ്ട്രീയ താല്പര്യംവച്ച് കൂട്ടുക എന്നതായിരുന്നു. സാങ്കേതികവശങ്ങളുടെ കെട്ടഴിച്ച് പരിശോധിച്ചാല്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകളുടെ അന്തിമഫലം ഇങ്ങനെയാണ്.
1. വനിതാസംവരണം ഇനി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ നടപ്പില്‍ വരുന്നു. എന്നാല്‍ അപ്പോഴേക്ക് ലോക്സഭയിലെ അംഗസംഖ്യ 850 ആകുന്നു. അതിലെ 33 ശതമാനമെന്ന് പറയുമ്പോള്‍ പുരുഷന്മാര്‍ക്ക് ഇതുവരെ കിട്ടിക്കൊണ്ടിരുന്ന സീറ്റുകള്‍ നഷ്ടമാകില്ല. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ പറഞ്ഞതുപോലെ ആ നിലയ്ക്ക് ഇത് വനിതാ സംവരണ ബില്ലല്ല, പുരുഷ സംവരണ ബില്ലാണ്.
2. ലോക്സഭയിലെ അംഗസംഖ്യ 543ല്‍ നിന്ന് 850 ആക്കുന്നത് നേരത്തേയാക്കുന്നു. അതിനുവേണ്ടി ഡീലിമിറ്റേഷന്‍ കമ്മിഷന്‍ കൊണ്ടുവരുന്നു. ഇതിന് ആധാരമാക്കുന്ന ജനസംഖ്യാ കണക്ക് 2026 ലെ സെന്‍സസ് ആയിരിക്കണമെന്നത് മാറ്റി ഇപ്പോള്‍ ലഭ്യമായിരിക്കുന്ന സെന്‍സസ് എന്നാക്കുന്നു. അങ്ങനെവരുമ്പോള്‍ ശരിയായ നിലയ്ക്കുള്ള ജനസംഖ്യാപ്രാതിനിധ്യം ഉണ്ടാകില്ലെന്ന് മാത്രമല്ല, ജനസംഖ്യാനിയന്ത്രണം വിജയകരമായി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ കുറയുകയും ചെയ്യും.
ബിജെപിക്ക് സ്വാധീനമുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 77 ശതമാനംവരെ സീറ്റ് കൂടാം. അതായത് യുപി ഉള്‍പ്പെടെ എട്ട് ഹിന്ദി ബെല്‍റ്റ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോഴുള്ള 207 സീറ്റുകള്‍ 366 വരെയാകാം. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വര്‍ധന 33 ശതമാനത്തിലൊതുങ്ങും. അതായത് 132 സീറ്റകള്‍ 176 സീറ്റാകുമെന്ന് മാത്രം. അങ്ങനെ വരുമ്പോള്‍ ലോക്സഭയിലെ അംഗസംഖ്യയില്‍ ഉത്തരേന്ത്യയുടെ ഷെയര്‍ 38.1 ശതമാനത്തില്‍ നിന്ന് 43.1 ശതമാനമായി ഉയരും. ദക്ഷിണേന്ത്യയുടേത് 24.3 ശതമാനത്തില്‍ നിന്ന് 20.7 ശതമാനമായി കുറയും. ഇതാണ് ബിജെപിയുടെ മനക്കണക്ക്.
ഇതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത് ഒരു കണ്‍കെട്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ട കണ്‍കെട്ടുകാരനാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കളിയാക്കിയത്. ജനങ്ങളെ കബളിപ്പിക്കാനുള്ള ഏര്‍പ്പാടാണെന്ന് ഇവിടെ തുടക്കത്തില്‍ പറഞ്ഞതും അതുകൊണ്ടാണ്. വെറും കബളിപ്പിക്കലല്ല ഇത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍ തകര്‍ക്കാനുള്ള ഗൂഢനീക്കമെന്നുതന്നെ പറയേണ്ടിവരും. ബിജെപിയുടെ പ്രധാനലക്ഷ്യം രാജ്യത്തെ ജനാധിപത്യപ്രക്രിയയില്‍ ഉൾച്ചേർന്നുകിടക്കുന്ന മതനിരപേക്ഷതയെ നശിപ്പിക്കുക എന്നതാണ്. മുസ്‌ലിം– ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തെ ഭരണസംവിധാനത്തില്‍ ഒരുവിധ പ്രാതിനിധ്യമോ പങ്കാളിത്തമോ ഇല്ലാതെയാക്കുക എന്നതാണ്. ഏത് സമയത്ത് നടന്നാലും ഏത് സെന്‍സസിനെ അടിസ്ഥാനപ്പെടുത്തി നടന്നാലും മണ്ഡല പുനർനിർണയത്തിന്റെ മുഖ്യലക്ഷ്യം ഇതാണ്.
ജമ്മു – കശ്മീരിലും അസമിലും നടന്ന മണ്ഡല പുനർനിർണയമാണ് ഇതിന് തെളിവ്. 2023ലാണ് ജമ്മു – കശ്മീരിലും അസമിലും മണ്ഡല പുനക്രമീകരണം നടന്നത്. ജനസംഖ്യയാണ് അടിസ്ഥാന പരിഗണനയെന്നാണ് പുറമേ പറഞ്ഞത്. എന്നാല്‍ പുനക്രമീകരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പ് തെളിയിച്ചത് മറ്റൊന്നാണ്. ജമ്മു-കശ്മീരില്‍ പുനർനിർണയത്തിനു മുമ്പ് ജമ്മുവില്‍ 37 സീറ്റ്. കശ്മീരില്‍ 46 സീറ്റ്. ആകെ 83 സീറ്റ്. പുനര്‍നിര്‍ണയത്തിന് ശേഷം ജമ്മുവില്‍ 43 സീറ്റ്. കശ്മീരില്‍ 47 സീറ്റ്. ജമ്മുവിൽ കൂടിയത് 6 സീറ്റ്. 2024ലെ തെരഞ്ഞെടുപ്പില്‍ ജമ്മുവിലെ പുതിയ 6 മണ്ഡലങ്ങളില്‍ 5ലും ബിജെപി ജയിച്ചു.
ഇനി, അസമിലേക്ക് വരാം. 126 നിയമസഭാ മണ്ഡലങ്ങളെന്ന കണക്കില്‍ പുനര്‍നിര്‍ണയത്തിന് ശേഷവും മാറ്റമില്ല. അതിനുശേഷമുള്ള ആദ്യ വോട്ടെടുപ്പാണ് ഇപ്പോള്‍ നടന്നത്. പുനര്‍നിര്‍ണയത്തിന് മുമ്പ് 35 മണ്ഡലങ്ങളില്‍ മുസ്‌ലിംകളായിരുന്നു ഭൂരിപക്ഷം. അതില്‍ 15 എണ്ണം പുനര്‍നിര്‍ണയത്തിലൂടെ അങ്ങനെയല്ലാതാക്കി മാറ്റി. 2001ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയാണ് പുനര്‍നിര്‍ണയം നടന്നത്. അതായത് 25 വര്‍ഷം മുമ്പുള്ള ജനസംഖ്യ. ഇതുപ്രകാരമുണ്ടായ മാറ്റത്തെ രാഷ്ട്രീയ നിരീക്ഷകന്‍ യോഗേന്ദ്ര യാദവ് വിവരിക്കുന്നത് 'കാസിരംഗ' ലോക്സഭാ സീറ്റിനെ മുന്‍ നിര്‍ത്തിയാണ്.
കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി 2014 മുതല് നിലനിര്‍ത്തിപ്പോരുന്ന കാലിയബോര്‍ ലോക്സഭാ മണ്ഡലം മാറ്റിവരച്ചതാണ് കാസിരംഗ മണ്ഡലം. കാലിയബോറില്‍ ഉണ്ടായിരുന്ന മൂന്ന് ന്യൂനപക്ഷ മേല്ക്കൈയുള്ള അസംബ്ലി സെഗ്മെന്റുകള്‍ അവിടെനിന്ന് തൊട്ടടുത്ത നാഗവോണിലേക്ക് മാറ്റി. നാഗവോണില്‍ നിന്ന് മൂന്ന് സെഗ്മെന്റുകള്‍ കാസിരംഗയിലേക്കും മാറ്റി. ഫലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ബലത്തില്‍ കാസിരംഗയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കാനുള്ള സാധ്യത ഇല്ലാതാക്കി.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവിടെ ബിജെപി വിജയിച്ചു. ഇതേ നിലയിലാണ് ബാര്‍പെട്ട, ധുബ്രി സീറ്റുകളുടെയും മാറ്റം. ഒരുകാര്യം സുവ്യക്തമാണ്. ലോക്സഭയില്‍ ഇത്തവണ പ്രതിപക്ഷ സഖ്യം നേടിയിരിക്കുന്ന വിജയത്തിന്റെ വില വലുതാണ്. വനിതാ സംവരണമെന്ന മുഖംമൂടിയിട്ട് ജനാധിപത്യത്തെ വഞ്ചിക്കാനുള്ള നീക്കമാണ് നടന്നത്. അത് കൃത്യമായി തിരിച്ചറിയുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം വിജയിച്ചു. 2026ലെ സെന്‍സസില്‍ ജാതി സെന്‍സസ് ഉള്‍പ്പെടുത്തിയെന്ന് വീരവാദം പറയുന്നു ബിജെപി. എന്നാല്‍ ആ സെന്‍സസ് റിപ്പോര്ട്ടിന് മുന്നേ മണ്ഡലപുനര്‍നിര്‍ണയം നടത്താനുള്ള നീക്കം പിന്നാക്ക, ദലിത് വിഭാഗങ്ങളെ പുറന്തള്ളാനാണെന്ന ശക്തമായ വാദവും രാഹുല്‍ ഉയര്‍ത്തി.
ഇന്ത്യന്‍ ഭരണഘടന ഒരു മഹാമേരുവാണ്. ദേശീയ സ്വാതന്ത്ര്യ സമരത്തിലൂടെ ജനനായകരായി ഉയര്‍ന്നു വന്ന മനീഷികളുടെ ധിഷണാബലമാണ് അതിനെ ഇത്രയും കരുത്തുറ്റതാക്കിയത്. ഫാഷിസ്റ്റ് ലക്ഷ്യമുള്ള സംഘ്പരിവാറിന്റെ സര്‍ക്കാരിന് അത് റദ്ദ് ചെയ്ത് മുന്നോട്ടുപോകാനാകില്ല. അതിനാല്‍ ജനാധിപത്യത്തിന്റെ വിടവുകളിലൂടെ ഫാഷിസം നടപ്പില്‍ വരുത്തുകയും അതിന് സാധുത ചമയ്ക്കുന്ന വെറും നിയമപുസ്തകമായി ഭരണഘടനയെ ചുരുക്കുകയുമാണ് അവരുടെ ലക്ഷ്യം. ഏപ്രില്‍ 17ന് രാത്രിയിലുണ്ടായതുപോലുള്ള തിരിച്ചടികള്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന ചെകിടത്തടിയാണ്.