കോൺഗ്രസ് ആഹ്ലാദപ്രകടനം എവിടെയും അക്രമാസക്തമായിട്ടില്ല, സിപിഎം നാണംകെട്ട അക്രമസ്വഭാവം അവസാനിപ്പിക്കണം: കെ.പ്രവീൺ കുമാർ
കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫ് മത്സരിക്കുമെന്നും ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്നും പ്രവീൺകുമാർ
കോഴിക്കോട്: കോൺഗ്രസ് ആഹ്ലാദപ്രകടനം എവിടെയും അക്രമാസക്തമായിട്ടില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ. ഏറാമല പഞ്ചായത്തിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത് പൊലീസ് നോക്കിനിൽക്കെയാണെന്നും സിപിഎം നാണംകെട്ട അക്രമസ്വഭാവം അവസാനിപ്പിക്കണമെന്നും കെ.പ്രവീൺകുമാർ പറഞ്ഞു.
'ഏറാമല പഞ്ചായത്തിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി. പൊലീസ് നോക്കി നിൽക്കെയാണ് ആക്രമണം ഉണ്ടായത്. ഇതൊന്നും ജനം വെച്ചുപൊറുപ്പിക്കില്ല. ഓഫീസ് ആക്രമണം നടത്തിയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. പൊലീസ് അതിക്രമം തടഞ്ഞില്ലെന്ന് മാത്രമല്ല പ്രതികളെ ഇതുവരെ പിടികൂടിയില്ല. സിപിഎം നാണം കെട്ട അക്രമസ്വഭാവം അവസാനിപ്പിക്കണം' എന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
കൂടാതെ, കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫ് മത്സരിക്കുമെന്നും ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്നും പ്രവീൺകുമാർ വ്യക്തമാക്കി. അശാസ്ത്രീയ വാർഡ് വിഭജനവും, വോട്ടർപട്ടിക തിരിമറിയും അതിജീവിച്ചാണ് കോഴിക്കോട് കോർപറേഷനിൽ യുഡിഎഫ് മികച്ച വിജയം നേടിയതെന്നും പ്രവീൺ കുമാർ പറഞ്ഞു.