'പൊതിച്ചോറുമായി വരുന്നയാളുടെ കയ്യിൽ വടിവാൾ'; പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുതയെന്ത്?
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്
കോഴിക്കോട്: ആദ്യം കയ്യിൽ പൊതിച്ചോറുമായി നിൽക്കുന്ന ചുവന്ന മുണ്ടുടുത്ത യുവാവ്..അടുത്തതിൽ കയ്യിൽ വടിവാളുമായി നിന്ന് മുന്നിലിരിക്കുന്നയാളെ ഭീഷണിപ്പെടുത്തുന്ന മറ്റൊരാൾ...സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രമാണിത്. എന്താണ് ഇതിന് പിന്നിൽ?
കഴിഞ്ഞ ദിവസം പാനൂർ- പാറാട്ട് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം പ്രവർത്തകർ വ്യാപക അക്രമം നടത്തിയിരുന്നു. ചുവന്ന മുണ്ടുടുത്ത് ചുവന്ന തുണികൊണ്ട് മുഖം മറച്ചവരും അല്ലാത്തവരും ആയ പ്രവർത്തകർ വടിവാളുമായി വീടുകൾ കയറിയും റോഡിൽ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തിയിരുന്നു. അതിനിടെയാണ് ഒരു വീട്ടിൽ കയറി അവിടെയിരിക്കുന്ന ആൾക്ക് നേരെ ചുവന്ന മുണ്ടുടുത്ത യുവാവ് വാൾ വീശിയത്. വീഡിയോ കാണാം...
സംഭവത്തിൽ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രദേശത്ത് ലീഗ് സിപിഎം സംഘർഷമുണ്ടായിരുന്നു. ലീഗ് പ്രവർത്തകരാണ് ആദ്യം അക്രമം നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്.
പാറാട്ട് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഫോട്ടോ പ്രചരിക്കുന്നത്. യഥാർഥത്തിൽ പൊതിച്ചോറ് കൊടുക്കാനാണ് യുവാവ് എത്തിയതെന്നും വടിവാളുമായി എത്തിയത് ഫേക്ക് ആണ് എന്ന രീതിയിലാണ് ഫോട്ടോ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തോറ്റാലും പൊതിച്ചോറ് വിതരണം അടക്കമുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പരാജയം ഒന്നിന്റെ അവസാനമല്ലെന്നും സിപിഎം സൈബർ പേജുകളിൽ പ്രചാരണം നടത്തിയിരുന്നു.