മലയാള സർവകലാശാലക്ക് വേണ്ടി തുഞ്ചൻ ഗവൺമെന്റ് കോളേജിന്റെ 5 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ ശ്രമം: പരാതി
വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ടിഎംജി കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രംഗത്തെത്തി
മലപ്പുറം: മലയാള സർവകലാശാലക്ക് വേണ്ടി തുഞ്ചൻ ഗവൺമെന്റ് കോളേജിന്റെ 5 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ ശ്രമങ്ങൾ നടക്കുന്നതായി പരാതി. നേരത്തെ ടിഎംജി കോളേജ് നൽകിയ അഞ്ച് ഏക്കർ സ്ഥലത്താണ് സർവകലാശാല നിലവിൽ താൽക്കാലികമായി പ്രവർത്തിക്കുന്നത്. വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ടിഎംജി കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രംഗത്തെത്തി.
2013ൽ തുഞ്ചൻ ഗവൺമെന്റ് കോളേജിന്റെ 5 ഏക്കർ സ്ഥലം ഏറ്റെടുത്താണ് മലയാളം സർവകലാശാല താൽക്കാലികമായി പ്രവർത്തനമാരംഭിച്ചത്. ടിഎംജി കോളേജിൽ നാക്കിന്റെ തുടർ വികസന പ്രവർത്തനങ്ങളും കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും നടക്കാനിരിക്കെ, വീണ്ടും സ്ഥലം വിട്ടു നൽകുന്നത് കോളേജിന്റെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കും എന്നാണ് ആക്ഷേപം.
തിരൂർ മാങ്ങാട്ടിരിയിലെ പുഴയോട് ചേർന്നുള്ള ഈ ചതുപ്പ് പ്രദേശമാണ് മലയാളം സർവകലാശാല കെട്ടിടം പണിയാനായി ഏറ്റെടുത്തുള്ള ഭൂമി. വർഷങ്ങൾക്കു മുൻപ് സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടം നിർമിക്കാനായി കോടികൾ മുടക്കി വാങ്ങിയ ഭൂമിയാണിത്. നാലുവർഷം മുമ്പാണ് ഇവിടെ മുഖ്യമന്ത്രി തറക്കല്ലിട്ടത്. സർവകലാശാലയ്ക്ക് ആവശ്യമായ കെട്ടിടം നിർമ്മിക്കണമെന്നാണ് ആവശ്യമുയരുന്നത്. എന്നാൽ ഇവിടെ കെട്ടിടം നിർമ്മിക്കാൻ കഴിയാത്ത വിധത്തിലുള്ള ചതുപ്പുനിലമായതിനാലാണ് കെട്ടിടം നിർമ്മിക്കാൻ വൈകുന്നതെന്നാണ് ആരോപണം. ഇതിനിടയിലാണ് ടിഎംജി കോളേജിന്റെ 5 ഏക്കർ സ്ഥലം വീണ്ടും ആവശ്യപ്പെട്ട് സർവകലാശാല രംഗത്ത് വന്നത്.
അതേസമയം, സർവകലാശാലക്കായി കണ്ടെത്തിയ സ്ഥലത്ത് കണ്ടൽക്കാടുകളെ നിലനിർത്തിക്കൊണ്ട് പ്രകൃതി സൗഹൃദ കെട്ടിടങ്ങൾ പണിയുമെന്നാണ് സർവകലാശാല അധികൃതർ പറയുന്നത്.