തിരുവനന്തപുരത്തെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് ഗുരുതര വീഴ്ചപറ്റിയെന്ന് ഡിഎംഒ റിപ്പോര്‍ട്ട്
'ആശുപത്രിക്ക് അനുമതിയുള്ളത് പല്ല് - ത്വക്ക് രോഗ ചികിത്സകൾക്ക് മാത്രം'
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ കേസിൽ ഡോക്ടർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. പല്ല് - ത്വക്ക് രോഗ ചികിത്സകൾക്ക് മാത്രമാണ് കോസ്മെറ്റിക് ആശുപത്രിക്ക് അനുമതിയുള്ളത്.അനുമതിയില്ലാതെ മറ്റു ചികിത്സകളും ആശുപത്രിയിൽ നടക്കാറുണ്ടെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു.അന്വേഷണ റിപ്പോർട്ട് ഡിഎംഒ പൊലീസിന് കൈമാറി.
സംഭവത്തില്‍ യുവതിയുടെ കുടുംബം കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സോഫ്റ്റ് വെയർ എൻജിനീയർ നീതുവിന്റെ കുടുംബം ഡിജിപിയെ നേരിൽക്കണ്ടാണ് പരാതി നൽകിയത്. കോസ്മെറ്റിക് ക്ലിനിക്കിനെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. നേരത്തെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് കുടുംബം പറയുന്നത്.
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ പിഴവുണ്ടായ ആശുപത്രിക്ക് ലൈസൻസ് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞിരുന്നു. തെറ്റായ രീതിയിലാണ് ലൈസൻസ് കൊടുത്തതെങ്കിൽ കണ്ടെത്തണം.ആരോഗ്യവകുപ്പിന്റെ കീഴിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും സതീദേവി പറഞ്ഞു.