'കേന്ദ്രം കാണിക്കുന്നത് മണ്ടത്തരം,കേരളം ധൈര്യപൂർവം നിലപാടെടുക്കണം'; സിനിമാ വിലക്കില്‍ സംവിധായകൻ സയീദ് അക്തർ മിർസ

പ്രതിഷേധങ്ങൾക്ക് പിന്നാലെ ഐഎഫ്എഫ്കെയിൽ വിലക്കിയ നാല് ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിച്ചു

Update: 2025-12-16 06:09 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം:ലോകത്ത് എല്ലായിടത്തും പ്രദർശിപ്പിച്ച ക്ലാസിക് ചിത്രങ്ങളാണ് ഐഎഫ്എഫ്കെയിൽ  തടഞ്ഞുവെച്ചതെന്ന് സംവിധായകൻ സയീദ് അക്തർ മിർസ. കേന്ദ്ര സർക്കാർ കാണിക്കുന്നത് മണ്ടത്തരമാണെന്നും  ഇത് രാഷ്ട്രീയമാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

'സിനിമകളിൽ കേന്ദ്ര ഇടപെടൽ അംഗീകരിക്കാനാവില്ല.നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചപ്പോൾ ബംഗാൾ സർക്കാർ സിനിമകൾ പ്രദർശിപ്പിച്ചിരുന്നു. കേരള സർക്കാർ സമാന തീരുമാനമെടുത്താൽ താൻ അതിനൊപ്പം നിൽക്കുമെന്നും' സയീദ് അക്തർ മിർസ പറഞ്ഞു.

അതിനിടെ,  പ്രതിഷേധങ്ങൾക്ക് പിന്നാലെ ഐഎഫ്എഫ്കെയിൽ വിലക്കിയ നാല് ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിച്ചു. ഇനി 15 ചിത്രങ്ങൾക്ക് കൂടി അനുമതി ലഭിക്കാനുണ്ട്.അതേസമയം വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ശിവദാസൻ എംപി രാജ്യസഭയിൽ നോട്ടീസ് നൽകി.

Advertising
Advertising

ഐഎഫ്എഫ്കെയില്‍  അഞ്ചാം ദിനമായ ഇന്ന് 9 ചിത്രങ്ങളുടെ പ്രദർശനം മുടങ്ങും. ഫലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്.

പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. ലോകപ്രശസ്തമായ ക്ലാസിക്കൽ സിനിമകളൊക്കെ വെട്ടിയൊതുക്കുന്നു.കേന്ദ്രം ആരെയോ ഭയക്കുന്നുണ്ട്. ഫലസ്തീൻ സിനിമകൾ കാണിക്കാൻ പാടില്ലെന്ന് പറയേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. 'രാജ്യവിരുദ്ധമാണ് സിനിമയുടെ ഉള്ളടക്കമെങ്കിൽ കാണിക്കേണ്ട കാര്യമില്ല. സിനിമ കാണുന്നത് സാങ്കേതിക മികവും സാമൂഹിക അന്തരീക്ഷവും രാഷ്ട്രീയ വീക്ഷണങ്ങൾ,മൗലികമായ പ്രസക്തി എന്നിവ ചർച്ച ചെയ്യാനാണ്.പുതിയ തലമുറക്ക് പഠിക്കാൻ പറ്റുന്ന മേളയാണ് നടക്കുന്നത്. സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ച് ഏറ്റവും വലിയ മേളയാണ് നടക്കുന്നത്. സിനിമാ ടൂറിസം വലിയ രീതിയിൽ പ്രമോട്ട് ചെയ്യുന്ന സമയത്താണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. എല്ലാ തരത്തിലും കേരളത്തെ കേന്ദ്രം ദ്രോഹിക്കുകയാണ്'. മന്ത്രി പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News