തളിപ്പറമ്പിൽ 25 ഏക്കര്‍ വഖഫ് ഭൂമിയെച്ചൊല്ലി വിവാദം ; ലീഗ് നേതാക്കള്‍ക്കെതിരെ സിപിഎം രംഗത്ത്
ഭൂമി സ്വന്തം പേരിലാക്കാൻ കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നും വഖഫ് ബില്ലിനെതിരായ പ്രതിഷേധങ്ങളെ തുരങ്കം വെക്കുന്ന നീക്കമെന്നുമാണ് വഖഫ് സംരക്ഷണ സമിതിയുടെ ആരോപണം
കണ്ണൂർ: തളിപ്പറമ്പിൽ വഖഫ് ഭൂമിയെച്ചൊല്ലി വിവാദം . സർസെയ്‌ദ് കോളജ് സ്ഥിതിചെയ്യുന്ന 25 ഏക്കർ ഭൂമിയെ ചൊല്ലിയാണ് തർക്കം. വഖഫ് ഭൂമി സ്വന്തമാക്കാൻ മുസ്‍ലിം ലീഗ് നിയന്ത്രണത്തിലുള്ള കോളജ് ഭരണസമിതി ശ്രമിക്കുന്നുവെന്നും ഇതിനായി ഭൂമി വഖഫ് അല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയെന്നുമാണ് വഖഫ് സംരക്ഷണ സമിതിയുടെ ആരോപണം. എന്നാൽ ആരോപണം കോളജ് മാനേജ്മെന്റ് നിഷേധിച്ചു. വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള ലീഗ് നേതാക്കൾ ശ്രമിക്കുന്നുവെന്നാരോപിച്ച് സിപിഎമ്മും രംഗത്ത് എത്തിയിട്ടുണ്ട്.
തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള 25 ഏക്കർ ഭൂമിയിലാണ് സർസെയ്‌ദ് കോളേജ് സ്ഥിതി ചെയ്യുന്നത്. 1966 ലാണ് കോളേജ് പ്രവർത്തനം ആരംഭിച്ചത്. 1967 ലാണ് ഭൂമി അനുവദിച്ചത്. കോളേജ് മാനേജ്മെന്റ് ആയിരുന്നു ഈ ഭൂമിക്ക് നികുതി അടച്ചുവന്നിരുന്നത്. എന്നാൽ പള്ളിയുടെ ഭൂമിക്ക് പള്ളി തന്നെ നികുതി അടക്കണം എന്നാവശ്യപ്പെട്ട് 2021 ൽ തളിപ്പറമ്പ് തഹസീൽദാർക്ക് മുന്നിൽ പരാതിയെത്തി.
പിന്നാലെ കോളേജിന്റെ പേരിലുള്ള തണ്ടപ്പേർ പള്ളിയുടെ പേരിലേക്ക് മാറ്റി. പിന്നാലെയാണ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വഖഫ് അല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നതാണെന്നും കാണിച്ച് കോളേജ് മാനേജ്മെന്റ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത് .ഭൂമി സ്വന്തം പേരിലാക്കാൻ കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നും വഖഫ് ബില്ലിനെതിരായ പ്രതിഷേധങ്ങളെ തുരങ്കം വെക്കുന്ന നീക്കമെന്നുമാണ് വഖഫ് സംരക്ഷണ സമിതിയുടെ ആരോപണം.
എന്നാൽ ആരോപണം അടിസ്ഥാനരഹിതമെന്നും കോളേജിനെ തകർക്കാനുള്ള ചിലരുടെ ശ്രമമെന്നുമാണ് കോളേജ് ഭരണ സമിതിയുടെ വിശദീകരണം. ലീഗ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും സിപിഎം. തളിപ്പറമ്പ് ജുമാ അത്ത് പള്ളിക്ക് കീഴിൽ 600 ഏക്കർ ഭൂമിയാണ് ആകെ വഖഫ് ചെയ്തിരുന്നത്. ഇതിൽ 500 ഏക്കറോളം സ്വകാര്യ വ്യക്തികൾ കയ്യടക്കിയെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് വഖഫ് ഭൂമി സംരക്ഷണ സമിതിയുടെ ആവശ്യം.