തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ഹിജാബിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചെന്ന് ആരോപണം
ആരോപണം നിഷേധിച്ച് മുക്കോലയ്ക്കൽ സെൻറ് തോമസ് സെൻട്രൽ സ്‌കൂള്‍ അധികൃതര്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിൽ ഹിജാബിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചുവെന്ന് ആരോപണം. മുക്കോലയ്ക്കൽ സെൻറ് തോമസ് സെൻട്രൽ സ്കൂളിൽ ഹിജാബ് ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകാൻ ആകില്ലെന്ന് പറഞ്ഞെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാൽ സ്കൂളിൽ പുതുതായി യൂണിഫോം ഏർപ്പെടുത്തിയ നിബന്ധനകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടുപെടുക മാത്രമാണ് ചെയ്തതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
മാർത്തോമാ ചർച്ച് എജുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം മുക്കോലയിലെ സെൻ്റ് തോമസ് സെൻട്രൽ സ്കൂളിലാണ് സംഭവം. പ്ലസ് വൺ മാനേജ്മെൻറ് സീറ്റുകളിലേക്ക് വട്ടിയൂർക്കാവ് സ്വദേശികളായ രണ്ടു വിദ്യാർഥിനികൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അഡ്മിഷൻ നൽകുന്നതിന്‍റെ അവസാനഘട്ടത്തിൽ ഹിജാബ് ധരിച്ച് സ്കൂളിലെത്താനാകില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞെന്നാണ് പിതാവിന്‍റെ ആരോപണം.
ഇക്കാര്യത്തിൽ കുട്ടികളുടെ രക്ഷകർത്താക്കളും പ്രിൻസിപ്പലും തമ്മിലുള്ള സംഭാഷണവും കുടുംബം പുറത്തുവിട്ടു.എന്നാൽ സ്കൂളിലെ യൂണിഫോം കർശനമായി പാലിക്കണമെന്ന് മാത്രമാണെന്ന് നിർദ്ദേശിച്ചതെന്നാണ് സ്കൂളിൻറെ വിശദീകരണം. സ്കൂളിലെ വിദ്യാർഥികൾക്കിടയിൽ മതപരമായ വേർതിരിവ് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അധികൃതർ പറഞ്ഞു.