നിർമാതാക്കൾ അകറ്റി, ഷോകൾ റദ്ദാക്കി, റോഡിലിറങ്ങി ക്ഷണക്കത്ത് നൽകിയും ഓട്ടോയിൽ സ്റ്റിക്കർ ഒട്ടിച്ചും പ്രൊമോഷൻ; KGFനെയും മറികടന്ന് പ്രേമദ ഊരലി

ഷോകളുടെ എണ്ണം വര്‍ധിച്ചു. തിയേറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം പ്രേക്ഷകരുടെ എണ്ണം കൂടിയപ്പോള്‍ തിയേറ്ററുടമകള്‍ കൂടുതല്‍ കസേരകള്‍ ചേര്‍ത്തു. തറയിലിരിക്കാന്‍ വേണ്ടി പരവതാനികള്‍ വിരിച്ചു

Update: 2026-10-24 14:46 GMT

സെപ്തംബറില്‍ തീയേറ്ററിലെത്തി അപ്രതീക്ഷിതമായി സൂപ്പര്‍ഹിറ്റായ കന്നഡ ചിത്രമാണ് പ്രേമദ ഊരലി. വെറും 3 കോടി രൂപ ബജറ്റില്‍ നിര്‍മിച്ച ചിത്രം ഇതിനോടകം നേടിയത് 107 കോടി രൂപയാണ്. റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും പല തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുളായി ഓടുകയാണ്.

എന്നാല്‍ ഈ ചരിത്രവിജയത്തിലേക്കുള്ള യാത്ര സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. സിനിമയിലെ അവിസ്മരണീയ ദൃശ്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ രാജ്കാന്ത് എസ്.കെ തന്റെയും സിനിമയുടെയും പോരാട്ടത്തിന്റെ കഥ വിവരിക്കുന്നത് ഇങ്ങനെയാണ്.

Advertising
Advertising

താന്‍ ഒരു പ്രൊഫഷണല്‍ ഛായാഗ്രാഹകനല്ലെന്ന് രാജ്കാന്ത് പറയുന്നു. തനിക്ക് കോളജ് ബിരുദമില്ല. സ്‌കൂള്‍ വിദ്യാഭ്യാസം പോലും കഷ്ടിച്ചാണ് പൂര്‍ത്തിയാക്കിയത്. തുടക്കത്തില്‍ ഹസനിലെ ഒരു പബ്ലിക് ഹൗസ്‌കീപ്പിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടില്‍ വസ്ത്രാലങ്കാര-മേക്കപ്പ് വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവരില്‍ നിന്ന് സിനിമ മനസില്‍ കയറിക്കൂടി. പിന്നീട് അത് സ്വപ്‌നമായി മാറി. അതിനായി കഠിനാധ്വാനം ചെയ്തു.

ഫോട്ടോഗ്രാഫിയില്‍ രാജ്കാന്തിന് താത്പര്യമുണ്ടായിരുന്നു. മൊബൈല്‍ ഫോണുകളുടെ സഹായത്തോടെ ഫ്രെയിമിങ് പഠിച്ചു. ടെലിവിഷന്‍ സീരിയലുകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും അവര്‍ ഒന്നും പഠിപ്പിച്ചില്ല. ഈ സമയങ്ങളില്‍ സംവിധായകന്റെ പിന്നില്‍ നിന്ന് ദൃശ്യങ്ങള്‍ എങ്ങനെ ചിത്രീകരിക്കുന്നുവെന്ന് നിരീക്ഷിക്കുമായിരുന്നു.

2014-2015 കാലഘട്ടത്തില്‍ ഡ്രോണ്‍ ഓപ്പറേറ്ററായി രാജ്കാന്ത്. അന്ന് ഒരു മാസം 15-20 പ്രൊജക്ടുകള്‍ വരെ ചെയ്യുമായിരുന്നു. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ക്യാമറാ ആംഗിളുകളും വിഷ്വല്‍ കമ്പോസിഷനുകളും മെച്ചപ്പെടുത്താന്‍ രാജ്കാന്ത് ശ്രമിച്ചു. അങ്ങനെ പ്രേമദ ഊരലിയിലേക്ക് എത്തി.

തുടക്കത്തില്‍ ഒരു കോടി രൂപ ബജറ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സൗഹൃദങ്ങളും ബന്ധങ്ങളും ഉപയോഗിച്ച് ക്യാമറകളും അനുബന്ധ ഉപകരണങ്ങളും വിലക്കുറവില്‍ വാങ്ങി. ദിവസം 25,000 രൂപ വാടക വരുന്ന ഉപകരണങ്ങള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ 11,000 രൂപയ്ക്ക് സംഘടിപ്പിച്ചു. അതുകൊണ്ട് ലോ ബജറ്റായിരുന്നിട്ടും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നില്ല.

സംവിധായകന്‍ മനോജ് കുമാറിന്റെ സഹോദരനും മമത ദേവേന്ദ്രയുമാണ് ചിത്രത്തിനായി ആദ്യം പണം മുടക്കിയത്. ചെലവുകള്‍ വര്‍ധിച്ചതോടെ കൂടുതല്‍ ആളുകളില്‍ നിന്ന് പണം സ്വരൂപിച്ചു. ചിലര്‍ പത്ത് ലക്ഷം രൂപയും മറ്റുചിലര്‍ 20 ലക്ഷം രൂപയും തന്നു. അങ്ങനെ സിനിമയ്ക്ക് ഏകദേശം പതിനഞ്ചോളം നിക്ഷേപകരായി.

സിനിമയുടെ ചിത്രീകരണത്തിനായി ഒരു ഗ്രാമം മുഴുവന്‍ സഹകരിച്ചെന്ന് രാജ്കാന്ത് പറയുന്നു. ദിവസവും നൂറിലധികം അണിയറപ്രവര്‍ത്തകര്‍ ചിത്രീകരണ സമയത്തുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം പ്രത്യേകം മുറിയെടുക്കുന്നതിന് പകരം വലിയ ഹാളുകള്‍ വാടകയ്ക്കെടുത്തു. 50,000 രൂപ വാടക നല്‍കിയെടുത്ത ഓഡിറ്റോറിയത്തില്‍ 50 പേരെ താമസിപ്പിച്ചു. ശുചിമുറികള്‍ താത്കാലികമായി നിര്‍മിച്ചു. അഭിനേതാക്കള്‍ക്കായി മാത്രം ലോഡ്ജുകള്‍ ബുക്ക് ചെയ്തു. ഇതിനെല്ലാം നാട്ടുകാരുടെ പൂര്‍ണ സഹകരണമുണ്ടായിരുന്നു. പലരും സിനിമാ ചിത്രീകരണത്തിനായി അവരുടെ പറമ്പുകളും വയലുകളും സൗജന്യമായി വിട്ടുതന്നു. വിളകള്‍ക്ക് നഷ്ടം സംഭവിക്കാതിരിക്കാന്‍ വേണ്ടി മാത്രം ചെറിയ തുകകള്‍ അവര്‍ക്ക് കൊടുത്തു. അങ്ങനെ അണിയറപ്രവര്‍ത്തകരുടെ സുഖസൗകര്യങ്ങള്‍ക്കായി മുടക്കേണ്ട പണം സിനിമയുടെ സാങ്കേതിക മികവിനായി പ്രയോജനപ്പെടുത്താന്‍ സാധിച്ചു.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുക എന്നത് പോരാട്ടത്തിന്റെ ആദ്യഘട്ടം മാത്രമായിരുന്നു. സിനിമയുടെ പ്രൊമോഷനും റിലീസിനും വേണ്ടി വളരെ കുറച്ച് പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. റിലീസിനായി 15 ലക്ഷത്തോളം രൂപ ആവശ്യമായിരുന്നു. നിരവധി നിര്‍മാതാക്കളെ സമീപിച്ച് ചിത്രം അവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. അവര്‍ക്കെല്ലാം സിനിമ ഇഷ്ടപ്പെട്ടെങ്കിലും ആരും പണം നിക്ഷേപിക്കാന്‍ തയ്യാറായില്ല.

ഇതോടെ സാധാരണ നിലയില്‍ സിനിമയുടെ പ്രൊമോഷന്‍ നടക്കില്ലെന്ന് സംവിധായകന്‍ മനോജ് കുമാറിന് മനസ്സിലായി. സിനിമ തിയേറ്ററിലെത്തിക്കാന്‍ വേറെ മാര്‍ഗമില്ലെന്നായി. എന്നാല്‍ തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സിനിമയുടെ 10,000ത്തിലധികം റേഡിയം സ്റ്റിക്കറുകള്‍ അച്ചടിച്ച് കര്‍ണാടകയിലൂടനീളമുള്ള ഓട്ടോറിക്ഷകളുടെ പിറകില്‍ പതിപ്പിച്ചു. ഓരോ സ്റ്റിക്കറിനും 80 രൂപ വില വരുമായിരുന്നു. അങ്ങനെ 8 ലക്ഷം രൂപ ചെലവായി. ശേഷം ക്ഷണക്കത്തുകള്‍ അച്ചടിച്ചു. പ്രൊമോഷന്‍ പരിപാടികള്‍ വെയ്ക്കുന്നതിന് പകരം നിരത്തിലിറങ്ങി ഓരോ ആളുകളെയും കണ്ട് സിനിമ കാണാനായി ക്ഷണിച്ചു. അവര്‍ക്ക് ക്ഷണക്കത്തുകള്‍ നല്‍കി. വിവാഹത്തിന് ക്ഷണിക്കുന്നത് പോലെ ആളുകളെ സിനിമ കാണാന്‍ ക്ഷണിച്ചു.

എന്നാല്‍ പോരാട്ടം അവിടം കൊണ്ടും തീര്‍ന്നില്ല. ആദ്യം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സമ്മതിച്ച നിരവധി തിയേറ്റര്‍ ഉടമകള്‍ അവസാന നിമിഷം പിന്‍മാറി. ചിലര്‍ വലിയ റിലീസുകള്‍ക്ക് മുന്‍ഗണന നല്‍കി. പ്രമുഖ നിര്‍മാതാക്കള്‍ അവരുടെ തിയേറ്ററുകള്‍ വാടകയ്ക്കെടുത്തിട്ടുണ്ടെന്ന് അവകാശപ്പെട്ട് പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പോലും വിസമ്മതിച്ചു. നിരവധി ഷോകള്‍ റദ്ദാക്കി.

ഇത്രയേറെ പ്രതിസന്ധികള്‍ നേരിട്ടിട്ടും പ്രേക്ഷകര്‍ സിനിമ സ്വീകരിക്കുമെന്ന ആത്മവിശ്വാസമാണ് അണിയറപ്രവര്‍ത്തകരെ മുന്നോട്ടുനയിച്ചത്. ആ ധൈര്യം വിജയമായി മാറാന്‍ അധികംനേരം വേണ്ടിവന്നില്ല. ഒരു തിയേറ്ററില്‍ ഒറ്റ സ്‌ക്രീനില്‍ മാത്രം പ്രദര്‍ശിപ്പിച്ച ചിത്രം രണ്ടാം ഷോ ആയപ്പോഴേക്കും അവിടെ 400ലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചു. ആളുകള്‍ നൃത്തം ചെയ്യാനും ആര്‍പ്പുവിളിക്കാനും തുടങ്ങി. പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുന്നത് കണ്ടപ്പോള്‍ തങ്ങള്‍ വിജയിച്ചുവെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് മനസിലായി. പ്രമുഖപത്രങ്ങള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ എഴുതി. വാമൊഴിയായി സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ഷോകളുടെ എണ്ണം വര്‍ധിച്ചു. തിയേറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം പ്രേക്ഷകരുടെ എണ്ണം കൂടിയപ്പോള്‍ തിയേറ്ററുടമകള്‍ കൂടുതല്‍ കസേരകള്‍ ചേര്‍ത്തു. തറയിലിരിക്കാന്‍ വേണ്ടി പരവതാനികള്‍ വിരിച്ചു. ചില സ്ഥലങ്ങളില്‍ 500 രൂപയ്ക്ക് പോലും ടിക്കറ്റുകള്‍ വിറ്റഴിച്ചു. ടിക്കറ്റുകള്‍ ബ്ലാക്കില്‍ വിറ്റഴിച്ച് ഓരോ തിയേറ്ററുടമകളും കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും നേടി.

ഇപ്പോള്‍ ചിത്രം നിര്‍മിക്കാന്‍ വിസമ്മതിച്ച നിര്‍മാതാക്കളെല്ലാം അവരുടെ തീരുമാനത്തില്‍ ഖേദിക്കുകയാണെന്ന് രാജ്കാന്ത് പറയുന്നു. പോസ്റ്റ് പ്രൊഡക്ഷനും റിലീസിനുമായി വലിയൊരു നിര്‍മാതാവിനെ പോയി കണ്ടപ്പോള്‍ അയാള്‍ തങ്ങളെ നിരസിച്ചു. സിനിമ റിലീസായി കഴിഞ്ഞാല്‍ ഖേദിക്കുമെന്ന് അന്ന് താന്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് അദ്ദേഹം ഈ ചിത്രത്തിന്റെ നിര്‍മാതാവിനെ കാണാന്‍ ഒരു ഡേറ്റിനായി കാത്തുനില്‍ക്കുകയാണ്. തങ്ങളെ നിരസിച്ച എല്ലാ നിര്‍മാതാക്കള്‍ക്കും കുറ്റബോധവും പശ്ചാത്താപവും കൊണ്ട് ഉറക്കമില്ലാത്ത രാത്രികളാണെന്ന് രാജ്കാന്ത്് പറയുന്നു.

ഇപ്പോള്‍ കന്നഡ സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആറാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് പ്രേമദ ഊരലി. കളക്ഷനില്‍ യാഷിന്റെ കെജിഎഫ്, ഋഷഭ് ഷെട്ടിയുടെ കാന്താര എന്നീ സിനിമകളെ ചിത്രം മറികടന്നു. മനോജ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീ റാം, രംഗയാന രഘു, തപസവിനി പൂനാച്ച, രമിക ശിവു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags:    

Writer - അതുല്യ സെബാസ്റ്റ്യൻ

contributor

Editor - അതുല്യ സെബാസ്റ്റ്യൻ

contributor

By - അതുല്യ സെബാസ്റ്റ്യൻ

contributor

Similar News