അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. വ്യത്യസ്ത തരം പക്ഷിമൃഗാദികളെയും ചെറുജീവികളെയും സസ്യങ്ങളെയും പ്രാണികളെയും കൊണ്ട് നിറഞ്ഞ ഇടം. കരയിലായാലും കടലിലായാലും പ്രകൃതി ഒരുക്കിയിരിക്കുന്ന മാജികുകൾ പൂര്‍ണമായി കണ്ടെത്താൻ മനുഷ്യനായിട്ടില്ലെന്നാണ് മറ്റൊരു വസ്തുത.
അത്തരത്തിൽ ശാസ്ത്രലോകത്തിന് തന്നെ അത്ഭുതമായി മാറിയ ഒരു ജീവിയാണ് സ്റ്റാർ-നോസ്ഡ് മോൾ' . കണ്ടാൽ പാവത്താൻ, വലിപ്പമാണെങ്കിൽ വളരെ ചെറുതും. എന്നാൽ ഭൂമിക്കടിയിലെ ഇരുളടഞ്ഞ തുരങ്കങ്ങളിൽ ഈ ജീവി കാട്ടിക്കൂട്ടുന്ന വേട്ടയാടൽ രീതികൾ കണ്ടാൽ ശാസ്ത്രലോകം പോലും അന്തിച്ചുപോകും. വടക്കേ അമേരിക്കയിലെ ചതുപ്പ് നിലങ്ങളിലും ഈർപ്പമുള്ള മണ്ണിലും കാണപ്പെടുന്ന 'സ്റ്റാർ-നോസ്ഡ് മോൾ' എന്ന ജീവിയാണ് ഇപ്പോൾ ശാസ്ത്രലോകത്തെ പ്രധാന ചർച്ചാവിഷയം.
പ്രകൃതിയിലെ ഏറ്റവും വേഗതയേറിയ വേട്ടക്കാരനായാണ് ഈ ജീവിയെ കണക്കാക്കുന്നത്. കാഴ്ചശക്തി പൂർണമായും നിഷ്പ്രഭമായ മണ്ണിനടിയിലെ ലോകത്ത് കേവലം 'സ്പർശന ശക്തി' കൊണ്ട് മാത്രം ജീവിക്കുന്ന ഈ കുഞ്ഞൻ ജീവിയുടെ വേഗത മനുഷ്യ മസ്തിഷ്കത്തിന്‍റെ ചിന്താശേഷിയേക്കാൾ വേഗത്തിലാണ് പ്രവർത്തിക്കുന്നത്.
എന്താണ് നക്ഷത്ര മൂക്കിന്‍റെ രഹസ്യം?
ഈ ജീവിയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ മൂക്ക് തന്നെയാണ്. സാധാരണ ജീവികളിൽ നിന്നും വ്യത്യസ്തമായി, 22 മാംസളമായ സ്പർശനികൾ നക്ഷത്രാകൃതിയിൽ വിടർന്നു നിൽക്കുന്നതാണ് ഇതിന്റെ മൂക്ക്. ഈ കൊച്ചു മൂക്കിൽ 25,000-ത്തിലധികം അതിസൂക്ഷ്മമായ സ്പർശന മുകുളങ്ങൾ ഉണ്ട്. മണ്ണിലൂടെ അതിവേഗം നീങ്ങുമ്പോൾ ഈ സ്പർശനികൾ ഉപയോഗിച്ച് ചുറ്റുമുള്ള അന്തരീക്ഷത്തെ ഇത് നിരന്തരം തൊട്ടറിയുന്നു. കണ്ണുകളോ മൂക്കോ സാധാരണ രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത ഇരുട്ടിൽ, ഈ 'നക്ഷത്ര മൂക്ക്' ആണ് ഇവരുടെ വഴികാട്ടിയും വേട്ടയാടൽ ആയുധവും.
8 മില്ലിസെക്കൻഡിൽ തീരുമാനമെടുക്കുന്ന മസ്തിഷ്കം
'ഡിസ്കവർ മാഗസിൻ' പുറത്തുവിട്ട പഠനങ്ങൾ അനുസരിച്ച്, ഒരു ഇര മുന്നിലെത്തിയാൽ അത് ഭക്ഷ്യയോഗ്യമാണോ അല്ലയോ എന്ന് തീരുമാനിക്കാൻ ഈ ജീവിക്ക് വേണ്ടത് വെറും 8 മില്ലിസെക്കൻഡ് (ഒരു സെക്കന്‍റിന്‍റെ നൂറിലൊരംശം) മാത്രമാണ്! മനുഷ്യൻ കണ്ണുചിമ്മുന്നതിനേക്കാൾ വേഗതയിലാണിത്. ഒരു ഇരയെ കണ്ടെത്തി, അതിനെ തിരിച്ചറിഞ്ഞ്, വിഴുങ്ങാൻ മൊത്തത്തിൽ 120 മുതൽ 230 വരെ മില്ലിസെക്കൻഡ് സമയം മാത്രമേ ഇവയ്ക്ക് ആവശ്യമുള്ളൂ. ജീവശാസ്ത്രപരമായ നാഡീവ്യവസ്ഥയ്ക്ക് കൈവരിക്കാൻ കഴിയുന്ന ഏറ്റവും പരമാവധി വേഗതയാണിത്.
ഇരപിടുത്തത്തിലെ ശാസ്ത്രീയ തന്ത്രം
ഇവയുടെ മസ്തിഷ്കം ഈ പ്രത്യേക വേട്ടയാടലിന് വേണ്ടി മാത്രം രൂപമാറ്റം സംഭവിച്ചതാണെന്ന് ഗവേഷകർ പറയുന്നു. മൂക്കിന്റെ മധ്യഭാഗത്തുള്ള ഒരു പ്രത്യേക സ്പർശനിയാണ് ഇവരുടെ പ്രധാന ഫോക്കസ് പോയിന്റ്. മനുഷ്യർ ഒരു വസ്തുവിനെ കൃത്യമായി കാണാൻ കണ്ണുകൾ കേന്ദ്രീകരിക്കുന്നതുപോലെ, ഈ ജീവി പുറം സ്പർശനികൾ വഴി എന്തെങ്കിലും വസ്തുവിനെ തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ മൂക്കിന്റെ മധ്യഭാഗം അങ്ങോട്ട് തിരിച്ച് കാര്യം ഉറപ്പുവരുത്തുന്നു. ഒരു ലെയർ സുരക്ഷാ പരിശോധന പോലെയാണ് ഈ ഇരപിടുത്തം നടക്കുന്നത്. മണ്ണിലെ ചെറിയ പുഴുക്കൾ, പ്രാണികൾ, അവയുടെ ലാർവകൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.
വളരെ ചെറിയ ഇരകളെ മാത്രം ഭക്ഷിക്കുന്നത് കൊണ്ട് തന്നെ ഇവയ്ക്ക് ശരീരസംരക്ഷണത്തിന് വലിയ അളവിൽ ആഹാരം നിരന്തരം ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ മണ്ണിൽ ഒട്ടും സമയം കളയാതെ അതിവേഗം ഇരകളെ കണ്ടെത്തേണ്ടത് ഇവയുടെ അതിജീവനത്തിന് അനിവാര്യമാണ്. തലമുറകളായി മണ്ണിലെ ഇത്തരം കഠിനമായ സാഹചര്യങ്ങളോട് പോരാടിയാണ് 'സ്റ്റാർ-നോസ്ഡ് മോൾ' ഈ അസാധാരണ വേഗത സ്വന്തമാക്കിയത്. വലിപ്പമോ കരുത്തോ അല്ല, കൃത്യതയും വേഗതയുമാണ് അതിജീവനത്തിന്‍റെ ഏറ്റവും വലിയ മാർഗമെന്ന് ഈ കൊച്ചു ജീവി തെളിയിക്കുന്നു.