വി.എസിന്‍റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

സംസ്കാരം ഇന്ന് പുന്നപ്ര പറവൂരിലെ വീട്ടു വളപ്പിൽ നടക്കും

Update: 2025-10-16 02:56 GMT
Editor : Jaisy Thomas | By : Web Desk

ആലപ്പുഴ: സഹോദരന്‍റെ വിപ്ലവ പോരാട്ടസ്‌മരണകൾ നെഞ്ചേറ്റി ജീവിച്ച ആഴിക്കുട്ടി ഓർമയായി. വി.എസ് അച്യുതാനന്ദന്‍റെ ഏക സഹോദരി പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് വി.എസിന്‍റെ ജന്മവീട് കൂടിയായ വെന്തലത്തറ വീട്ടിൽ വ്യാഴം പുലർച്ചെ 12.10 ഓടെയാണ് അന്ത്യം. ഒരു വർഷത്തിലേറെയായി ശാരീരിക അവശതകളെത്തുടർന്ന് കിടപ്പിലായിരുന്നു.

12 വർഷം മുമ്പ്‌ മകൾ സുശീല മരിച്ചു. തുടർന്ന് മരുമകൻ പരമേശ്വരനും കൊച്ചുമകൻ അഖിൽ വിനായകുമാണ് ആഴിക്കുട്ടിയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. വി.എസ് ഉൾപ്പെടെ മൂന്ന് സഹോദരന്മാർക്ക് ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി. സഹോദരന്മാരിൽ ഗംഗാധരനും പുരുഷനും നേരത്തെ മരിച്ചു.

Advertising
Advertising

ഓണം ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ വി.എസ് വെന്തലത്തറയിലെ വീട്ടിലെത്തി ആഴിക്കുട്ടിയെ കാണാതെ മടങ്ങാറില്ലായിരുന്നു. 2019ലാണ് അവസാനമായി വി.എസ് ആഴിക്കുട്ടിയെ കാണാനെത്തിയത്. ഓണപ്പുടവയുമായെത്തി മടങ്ങിയതാണന്ന്. കിടപ്പിലാകുന്നതിന് മുമ്പുവരെ ആരോഗ്യവിവരം അന്വേഷിച്ചെത്തുന്നവരോട് നൂറുനാവോടെ വി. എസിനെക്കുറിച്ച്‌ ആഴിക്കുട്ടി സംസാരിക്കും.

സംസ്‌കാരം വ്യാഴാഴ്‌ച വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്‌കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല. മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ. മറ്റ് സഹോദരങ്ങൾ: പരേതരായ വി.എസ് ഗംഗാധരൻ, വി.എസ് പുരുഷൻ.

Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News