Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ലോകകപ്പ് ജേതാവ് ലയണൽ മെസ്സി ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി രാജ്യത്തുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് മെസ്സി സന്ദർശിക്കുന്നത്. കൊൽക്കത്ത സന്ദർശനത്തിനിടെ മെസ്സിയെ നേരെ കാണാൻ സാധിക്കാത്തതിന്റെ തുടർന്ന് ആരാധകർ സാൾട് ലേയ്ക്ക് സ്റ്റേഡിയം അടിച്ചു തകർത്തതോടെ സന്ദർശനത്തിന് വാർത്ത പ്രാധാന്യം വർധിച്ചിരുന്നു. എന്നാൽ മെസ്സിയാണോ ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന ലോക ജേതാവ്? കൂടുതലറിയാം.
1. പെലെ
മൂന്ന് തവണ ഫിഫ ലോകകപ്പ് ജേതാവായ ബ്രസീലിയൻ ഇതിഹാസം പെലെ 1977ൽ ന്യൂയോർക്ക് കോസ്മോസിനൊപ്പം ഇന്ത്യ സന്ദർശിച്ചു. ഈഡൻ ഗാർഡനിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നായി തുടരുന്നു.
2. മറഡോണ
1986ലെ ലോകകപ്പ് ഹീറോയായ അർജന്റീനിയൻ ഇതിഹാസം ഡീഗോ മറഡോണ രണ്ട് തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 2008ൽ കൊൽക്കത്തയിലും 2012ൽ കേരളത്തിലുമാണ് മറഡോണ എത്തിയത്. ഫുട്ബോളിലെ ഏറ്റവും മികച്ച ഐക്കണുകളിൽ ഒരാളായി ഇന്നും ആളുകൾ വിലയിരുത്തുന്ന മറഡോണയെ കാണാൻ ആയിരങ്ങളാണ് അന്ന് തടിച്ചുകൂടിയത്.
3. റോബർട്ടോ കാർലോസ്
2002ലെ ലോകകപ്പ് ജേതാവും ബ്രസീലിയൻ ഇതിഹാസവുമായ റോബർട്ടോ കാർലോസ് ഇന്ത്യ സന്ദർശിക്കുക മാത്രമല്ല, ഇന്ത്യയിലെ ലീഗായ ഐഎസ്എല്ലിൽ പന്തുതട്ടുകയും ചെയ്തിട്ടുണ്ട്. 2015-ൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഡൽഹി ഡൈനാമോസിന് വേണ്ടിയാണ് അദ്ദേഹം കളത്തിലിറങ്ങിയത്. ക്ലബ്ബിന്റെ മാനേജരായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
4. അലസാൻഡ്രോ ഡെൽ പിയറോ
2006ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച ഇതിഹാസ താരം അലസാൻഡ്രോ ഡെൽ പിയറോയും ഇന്ത്യൻ സൂപ്പർ ലീഗിൽ പന്തുതട്ടിയിട്ടുണ്ട്. ഉദ്ഘാടന സീസണിലാണ് ആദേശം ഡൽഹി ഡൈനാമോസിന് വേണ്ടി പന്ത് തട്ടിയത്. ഡെൽ പിയറോയുടെ സാന്നിധ്യം വലിയ ജനക്കൂട്ടത്തെയും ആഗോള മാധ്യമ ശ്രദ്ധയെയും ആകർഷിച്ചു.