മുട്ടയുടെ മഞ്ഞക്കരു വില്ലനാണോ?, ഹൃദയാഘാതമുണ്ടാകുമോ?; യാഥാർഥ്യമറിയാം...
കൊളസ്ട്രോളിനെ പേടിച്ച് മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള മാത്രമാണ് പലരും കഴിക്കുന്നത്
പ്രോട്ടീനുകളാൽ സമ്പന്നമാണെങ്കിലും കോഴിമുട്ട കഴിക്കാൻ ചിലർക്കെങ്കിലും പേടി കാണും. മുട്ട കഴിക്കുന്നത് കൊളസ്‌ട്രോൾ കൂട്ടുമെന്നുമെന്നാണ് പൊതുവെ പറഞ്ഞ് കേൾക്കാറ്.പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു കൊളസ്‌ട്രോൾ ഉയർത്തുമെന്നും ഇതുവഴി ഹൃദയാഘാതത്തിന് വരെ സാധ്യതയുണ്ടെന്നുമൊക്കെയാണ് പലരും വിശ്വസിക്കുന്നത്. ഹൃദയാരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്ക് മുട്ട ഒരു നല്ല ഭക്ഷണമാണോ എന്ന പേടിയും ചിലരിലുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ മുട്ടയുടെ മഞ്ഞക്കരു അത്രവലിയ വില്ലനല്ല എന്നാണ് ഡൽഹിയിലെ പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ. ശുഭം വത്സ്യ പറയുന്നത്.
ആരോഗ്യമുള്ള വ്യക്തികള്‍ ഒരു ദിവസം ഒന്നോ രണ്ടോ മുട്ടയുടെ മഞ്ഞക്കരു കഴിച്ചാലും ഹൃദയാഘാതത്തിന് കാരണമാകില്ലെന്ന് ഡോ. ശുഭം വാത്സ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ വിശദീകരിക്കുന്നു.
യാഥാര്‍ഥ്യമെന്ത് ?
മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുകയും ഒടുവിൽ ധമനികളില്‍ അടിയുകയും ഹൃദയാഘാതത്തിന് കാരണമാകുമെന്നുമെന്നുമാണ് പോഷകാഹാര വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതുകൊണ്ട് തന്നെ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രമാണ് പലരും കഴിക്കുന്നത്.
എന്നാല്‍ ഭക്ഷണത്തിൽ നിന്ന് കൊളസ്‌ട്രോൾ ഉണ്ടാകുന്നതിനേക്കാൾ കരൾ തന്നെയാണ് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ 80 ശതമാനവും ഉത്പാദിപ്പിക്കുന്നത്. ഏതെങ്കിലും പ്രത്യേക ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനേക്കാള്‍ നല്ലത് ഹൃദയരോഗ്യത്തിന് നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം പാലിക്കുകയാണ് വേണ്ടതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വാസ്തവത്തിൽ, മഞ്ഞക്കരു നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ പോലുള്ളവ) വർധിപ്പിക്കുന്നു. ഹൃദയം, കരൾ, തലച്ചോറ് എന്നിവയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ല്യൂട്ടിൻ, കോളിൻ, മറ്റ് അവശ്യ വിറ്റാമിനുകളും മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിട്ടുണ്ട്.
1,50,000-ത്തോളം ആളുകളിൽ നടത്തിയ പഠനത്തിൽ, ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പ്രശ്നം പാചക രീതിയില്‍..
മുട്ട എങ്ങനെ പാകം ചെയ്ത് കഴിക്കുന്ന എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലരും മുട്ടയില്‍ ഒരുപാട് ഓയിലോ ബട്ടറോ,ക്രീമോ ഒക്കെ ചേര്‍ത്താണ് പാകം ചെയ്യാറുള്ളത്. ഇത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. പ്രമേഹവും രക്താതിമർദ്ദവും ഇല്ലാത്ത ആരോഗ്യമുള്ള ഒരു മുതിർന്നയാൾക്ക് എല്ലാ ദിവസവും മൂന്ന് മുട്ടകൾ മുഴുവൻ കഴിക്കാമെന്ന് ഡോ. വാത്സ്യ പറയുന്നു.അതേസമയം, ഉയര്‍ന്ന അളവില്‍ പ്രമേഹം, കുടുംബപരമായ ഹൈപ്പർ കൊളസ്‌ട്രോളീമിയ, ഹൃദ്രോഗികള്‍ തുടങ്ങിയവര്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് പരിമിതപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.
മുട്ട സുരക്ഷിതമായി എങ്ങനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം...?
നിങ്ങൾ ആരോഗ്യവാനാണ്,ഡോക്ടര്‍മാര്‍ മുട്ട കഴിക്കരുതെന്ന് നിര്‍ദേശിച്ചിട്ടില്ലെങ്കില്‍ ദിവസം ഒരു മുട്ട കഴിക്കാം.
മുട്ടകൾ പൊരിച്ചെടുക്കുന്നതിനു പകരം പുഴുങ്ങിയെടുക്കാം.
പച്ചക്കറികൾ, ധാന്യങ്ങൾ, ഒലിവ് ഓയിൽ പോലുള്ളവയോടൊപ്പം മുട്ട കഴിക്കാം
സംസ്കരിച്ച മാംസം, ഓയില്‍,ബട്ടര്‍ എന്നിവ കൂടുതലായി ഉപയോഗിച്ച് മുട്ട പാകം ചെയ്യാതിരിക്കുക.
പുഴുങ്ങിയ മുട്ടയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ
കലോറി: 77
ആകെ കൊഴുപ്പ്: 5.3 ഗ്രാം
പൂരിത കൊഴുപ്പ്: 1.6 ഗ്രാം
കൊളസ്ട്രോൾ: 186 മില്ലിഗ്രാം
സോഡിയം: 62 മില്ലിഗ്രാം
കാർബോഹൈഡ്രേറ്റ്സ്: 0.56 ഗ്രാം
പഞ്ചസാര: 0.56 ഗ്രാം
പ്രോട്ടീൻ: 6.3 ഗ്രാം