റമദാൻ ആദ്യ പകുതി: മക്കയിൽ സൗദി റെഡ് ക്രസന്റ് കൈകാര്യം ചെയ്തത് 23,700ലധികം അടിയന്തര കേസുകൾ
വൈകുന്നേരം 4 മണി മുതൽ അർധരാത്രി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്
മക്ക: വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ പകുതിയിൽ മക്ക മേഖലയിൽ സൗദി റെഡ് ക്രസന്റ് അതോറിറ്റി ഉജ്ജ്വലമായ സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ഈ കാലയളവിൽ ലഭിച്ച 23,709 അടിയന്തര റിപ്പോർട്ടുകളോട് അതോറിറ്റി അതിവേഗം പ്രതികരിച്ചു. ഇതിൽ 8,798 പേരെ വിദഗ്ധ ചികിത്സയ്ക്കായി വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിട്ട 41 പേർക്കും സ്ട്രോക്ക് ലക്ഷണങ്ങൾ കാണിച്ച 49 പേർക്കും പ്രത്യേക മെഡിക്കൽ പ്രോട്ടോക്കോൾ പ്രകാരം കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കി. കൂടാതെ, അതീവ ഗുരുതരാവസ്ഥയിലായിരുന്ന 15 രോഗികളെ എയർ ആംബുലൻസ് വഴി അതിവേഗം ആശുപത്രികളിൽ എത്തിക്കാനും റെഡ് ക്രസന്റിന് സാധിച്ചു.
ഹറം പള്ളിയിലെ തിരക്കേറിയ ഇടങ്ങളിൽ സേവനം മെച്ചപ്പെടുത്താൻ ആധുനിക സാങ്കേതിക വിദ്യകളാണ് അതോറിറ്റി പ്രയോജനപ്പെടുത്തിയത്. ജനത്തിരക്കുള്ള മതാഫ്, ഇടനാഴികൾ എന്നിവിടങ്ങളിൽ രോഗികളെ വേഗത്തിൽ മാറ്റുന്നതിനായി റുഫൈദ എന്ന ഇലക്ട്രിക് എമർജൻസി ചെയറുകൾ വലിയ സഹായമായി. റമദാൻ പത്താം ദിവസമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ (1,860 കേസുകൾ) ലഭിച്ചത്. വൈകുന്നേരം 4 മണി മുതൽ അർധരാത്രി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്.