റമദാൻ ആദ്യ പകുതി; സൗദിയിലെ 84,000-ത്തിലധികം പള്ളികളിൽ നടത്തിയത്1.76 ലക്ഷം പരിശോധനകൾ
പള്ളികൾ പൂർണ സജ്ജമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം
റിയാദ്: വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ പകുതിയിൽ സൗദി അറേബ്യയിലുടനീളമുള്ള പള്ളികളിലും പ്രാർഥനാ ഹാളുകളിലുമായി 1,76,000 ഫീൽഡ് പരിശോധനകൾ നടത്തിയതായി ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ആരാധകർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുമായാണ് വിപുലമായ ഈ പരിശോധനകൾ നടത്തിയത്. 84,000-ത്തിലധികം പള്ളികളിലായി നടന്ന പരിശോധനകളിൽ ശുചിത്വം, അറ്റകുറ്റപ്പണികൾ, ശബ്ദസംവിധാനങ്ങൾ എന്നിവയുടെ കാര്യക്ഷമത 7,000-ത്തോളം ഇൻസ്പെക്ടർമാർ വിലയിരുത്തി.
ബാങ്ക് വിളിക്കുന്നതിനും നമസ്‌കാരങ്ങൾക്കും ഉമ്മുൽ ഖുറാ കലണ്ടർ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കി. നമസ്‌കാര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനും സോഷ്യൽ മീഡിയ വഴി തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുമുള്ള നിരോധനവും കർശനമായി നിരീക്ഷിച്ചു. ആരാധനകൾ നിർവഹിക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പള്ളികളിൽ പൂർത്തിയായിട്ടുണ്ട്. ബോധവൽക്കരണ ക്ലാസുകളും പ്രഭാഷണങ്ങളും പള്ളികളിൽ തുടരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.