ചരിത്രം കുറിച്ച് ബഹ്റൈൻ പാർലമെന്റ്; ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കറാകുന്ന ആദ്യ വനിതയായി എം.പി. ജലീല അല്‍ സയ്യിദ്
21 വോട്ടുകള്‍ നേടിയാണ് ജലീല അൽ സെയ്ദ് വിജയിച്ചത്
മനാമ: ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കറാകുന്ന ആദ്യ വനിതയായി എം.പി. ജലീല അല്‍ സയ്യിദ് തെരെഞ്ഞെടുക്കപ്പെട്ടു. മൂന്ന് പേരുണ്ടായിരുന്ന തെരഞ്ഞെടുപ്പിൽ 21 വോട്ടുകള്‍ നേടിയാണ് അവര്‍ വിജയിച്ചത്. മത്സരത്തില്‍ പങ്കെടുത്ത മറ്റ് സ്ഥാനാര്‍ഥികളായ ബസ്മ മുബാറക് അഞ്ച് വോട്ടുകളും, അബ്ദുല്ല അല്‍ റൊമൈഹി എട്ട് വോട്ടുകളും നേടി.
മുന്‍ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ അബ്ദുല്‍നബി സല്‍മാന്‍ ഉള്‍പ്പെടെ മൂന്ന് എം.പി.മാരുടെ അംഗത്വം മെയ് മാസത്തില്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഈ പദവി ഒഴിഞ്ഞുകിടന്നത്. ആകെ 35 ബാലറ്റ് പേപ്പറുകളാണ് ഉണ്ടായിരുന്നത്. അംഗത്വം റദ്ദാക്കപ്പെട്ട മൂന്ന് പേര്‍ക്ക് പുറമെ രണ്ട് എം.പി.മാര്‍ കൂടി സഭയില്‍ ഹാജരായിരുന്നില്ല. 2018 മുതല്‍ 2022 വരെ രാജ്യത്തിന്റെ ആദ്യ വനിതാ സ്പീക്കറായി ഫൗസിയ സൈനൽ സേവനമനുഷ്ടിച്ചിരുന്നു. അതിന് ശേഷം പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യത്തിലെ പുതിയ നാഴികക്കല്ലാണ് ഈ വിജയം.
തെരഞ്ഞെടുപ്പിന് ശേഷം സംസാരിച്ച ജലീല അല്‍ സയ്യിദ്, സഹപ്രവര്‍ത്തകരായ എം.പി.മാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കി. സ്ഥാപനപരമായ സഹകരണത്തിന്റെയും പാര്‍ലമെന്ററി നേതൃത്വത്തില്‍ സ്ത്രീകളുടെ പങ്കിന്റെയും വ്യക്തമായ സന്ദേശമാണ് തന്റെ നിയമനം നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു. കൂടാതെ പാര്‍ലമെന്റും എക്സിക്യൂട്ടീവ് വിഭാഗവും തമ്മിലുള്ള ഏകോപനം കൂടുതല്‍ ശക്തമാക്കാന്‍ ഇത് അവസരമൊരുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാല് വര്‍ഷമായി പാര്‍ലമെന്റില്‍ താന്‍ നേടിയെടുത്ത അനുഭവസമ്പത്തിന്റെയും ബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരിക്കും തന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.
കുടുംബച്ചെലവുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍, പ്രത്യേകിച്ചും വൈദ്യുതി, പെട്രോള്‍ വിലയുമായി ബന്ധപ്പെട്ടവ എം.പി.മാര്‍ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ജലീല അല്‍ സയ്യിദ് അഭിപ്രായപ്പെട്ടു. നിലവിലുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനിര്‍മാണ കാലാവധി നീട്ടി നല്‍കിക്കൊണ്ടുള്ള രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രത്യേക സമ്മേളനം ചേരുന്നത്. സാമ്പത്തിക മുന്‍ഗണനകള്‍, ഫലപ്രദമായ നിയമനിര്‍മാണം, പ്രാദേശിക സുരക്ഷ, ദേശീയ ഐഡന്റിറ്റി എന്നിവക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ആറാം ലെജിസ്ലേറ്റീവ് ടേമിന്റെ അഞ്ചാം സെഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള ഹമദ് രാജാവിന്റെ പ്രസംഗം വരുംകാല പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു വഴികാട്ടിയാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.