ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ധർമശാല: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾ ഔട്ടായി. രണ്ടാമതായി ബാറ്റ് ചെയ്ത ഇന്ത്യ 15.5 ഓവറിൽ ലക്ഷ്യം കണ്ടു. 18 പന്തിൽ 35 റൺസ് നേടിയ ഓപണർ അഭിഷേക് ശർമയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റൻ എയ്‌ഡൻ മാർക്രം മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ധർമശാലയിലെ എച്പിസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കം മുതൽ വിക്കറ്റുകൾ പിഴുതു തുടങ്ങി. ആദ്യ രണ്ട് ഓവറുകളിൽ അർശ്ദീപ് സിങ്ങും ഹർഷിത് റാണയും ചേർന്ന് ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാരായ റീസ് ഹെൻഡ്രിക്രിസിനെയും ഡി കൊക്കിനെയും പുറത്താക്കി. പിന്നാലെ ക്രീസിലേക്ക് വന്ന ക്യാപ്റ്റൻ മാർക്രം ഒരു ഭാഗത്ത് പൊരുതി നിന്നെങ്കിലും മറുഭാഗത്ത് തുടരെ വിക്കറ്റുകൾ വീഴുന്ന കാഴ്ചയാണ് കണ്ടത്. മൂന്നാം ഓവറിൽ ഡിവാൾഡ് ബ്രെവിസിനെ ഹർഷിത് റാണ പുറത്താക്കി. 20 റൺസ് നേടിയ ഡൊണോവൻ ഫെറയ്‌റയും 12 റൺസ് നേടിയ നോർട്ടിയെയും 61 റൺസ് നേടിയ ക്യാപ്റ്റൻ മാർക്രമും മാത്രമാണ് ഇരട്ട സംഖ്യയിലെത്തിയത്. അർശ്ദീപ് സിങ്ങിനും ഹർഷിത് റാണക്കും കുൽദീപ് യാദവിനും വരുൺ ചക്രവർത്തിക്കും രണ്ട് വിക്കറ്റുകൾ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി തുടക്കത്തിൽ ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ 50 റൺസിന് മുകളിലെത്തിച്ചു. ആറാം ഓവറിൽ കോർബിൻ ബോഷ് ആണ് അഭിഷേക് ശർമയെ പുറത്താക്കി ആദ്യ വിക്കറ്റ് നേടുന്നത്. പിന്നാലെ വന്ന തിലക് വർമയും ചേർന്ന് ബാറ്റിങ് തുടർന്ന ഗിൽ 12 ഓവറിൽ മാർകോ യൻസ്ന്റെ പന്തിലാണ് പുറത്തായത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ അപ്പോൾ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വെറും 12 റൺസ് നേടി പുറത്തായെങ്കിലും ക്രീസിൽ നിലയുറപ്പിച്ച തിലക് വർമയും ശിവം ദുബെയും ചേർന്ന് 118 റൺസ് ലക്ഷ്യത്തിലേക്ക് ഇന്ത്യയെ എത്തിച്ചു.
പരമ്പരയിലെ നാലാം മത്സരം ബുധനാഴ്ച ലഖ്‌നൗവിലാണ് നടക്കുക. പരമ്പരയിൽ 2-1 എന്ന സ്‌കോറിൽ ഇന്ത്യ ലീഡ് ചെയ്യുന്നു.