മെഹര്‍ബാന്‍ | Short Story

| കഥ

Update: 2024-10-11 04:03 GMT
Advertising

എത്ര തിരക്കുള്ള ദിവസമാണമെങ്കിലും ഇസ്താംബൂളിന്റെ തെരുവിലൂടെ രണ്ടു നേരവും നടക്കുക എന്നത് മമ്മ തുടങ്ങിവെച്ച ശീലങ്ങളിലൊന്നാണ്. പുലരിയുടെ കറകളഞ്ഞ നിശബ്ദതയില്‍ വേഗത്തിലും സന്ധ്യയുടെ ചുവന്നു തുടുത്ത തിരക്കില്‍ പതുക്കെയും ഞങ്ങള്‍ നടക്കുമായിരുന്നു. രാവിലെ നടക്കുമ്പോള്‍ അബ്ബ കൂട്ട് വരാറുണ്ടായിരുന്നില്ല. മമ്മയാണെങ്കില്‍ ആരേയും ഒന്നിനു വേണ്ടിയും നിര്‍ബന്ധിക്കാറുമില്ല. അല്ലെങ്കിലും ആരോഗ്യ കാര്യത്തില്‍ കാര്യമായ കണിശതയൊന്നും അബ്ബക്ക് ഉണ്ടായിരുന്നില്ലല്ലോ. സമയ നിഷ്ഠയുടെ കാര്യത്തില്‍ മമ്മ തികഞ്ഞ കാര്‍ക്കശ്ശക്കാരിയും അബ്ബ തികച്ചും തോന്നിവാസിയുമായിരുന്നു. എന്നിരുന്നാലും ഒരിക്കല്‍ പോലും തങ്ങളുടെ നിഷ്ഠകള്‍ മറ്റൊരാളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ അവരിരുവരും ശ്രമിച്ചിട്ടില്ല.

സന്ധ്യാ നേരത്ത് ഹിപ്പോം ഡ്രാം നഗരത്തിന്റെ ചത്വരത്തിലൂടെ നടന്നു രാത്രി കാഴ്ചകള്‍ കാണാന്‍ ചെസ്നട്ട് കൊറിച്ചു കൊണ്ട് അബ്ബയും ഞങ്ങളോടൊപ്പം കൂടാറുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളില്‍ നിന്നും വളരെ പുറകിലായിരിക്കും നടക്കുന്നത്. തെരുവോരങ്ങളിലെ ഓരോ കാഴ്ചയും കണ്ണുകള്‍ കൊണ്ടും മനസ്സ് കൊണ്ടും ഒപ്പിയെടുക്കും. മഞ്ഞ് പെയ്യുന്ന തണുപ്പ് കാലങ്ങളിലെ രാത്രി സഞ്ചാരങ്ങളില്‍ ചൂടുള്ള ചെസ്നട്ട് തോലുപൊളിച്ച് കൊറിച്ചു നടക്കുന്നതിന്റെ രസം പിടിക്കാന്‍ ചിലപ്പോഴൊക്കെ അഞ്ചു ലിറ വീതം കൊടുത്തു ഓരോ കൂട് ചെസ്നട്ടുകള്‍ ഞങ്ങളും വാങ്ങാറുണ്ടായിരുന്നു.

മമ്മയും അബ്ബയുമില്ലാതെ ഫിദ ഒറ്റക്ക് നടക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. ഇവാന്‍ സാഹിക്കിന്റെ വിവാഹ പാര്‍ട്ടി കഴിഞ്ഞു വരുമ്പോഴാണ് അവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. അബ്ബ തല്‍ക്ഷണം മരിച്ചു. മമ്മ മൂന്നു ദിവസം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കിടന്നു. അന്ന് മുതല്‍ ഇന്നോളം പാതി തളര്‍ന്ന ശരീരവും ചലിക്കാത്ത നാവുമായി മമ്മ വീടിനകത്തൊതുങ്ങി. ആശുപത്രിയില്‍ തിരക്ക് കുറയുമ്പോള്‍ വല്ലപ്പോഴും മമ്മയുമായി പുറത്തിറങ്ങാറുണ്ട്. ഈ തെരുവു കാഴ്ചകള്‍ മമ്മക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്. പുറത്തിറങ്ങുമ്പോഴൊക്കെ മമ്മയുടെകണ്ണുകള്‍ ആരെയോ തേടുന്നതു പോലെ.

രാത്രി ഏഴ് മണിക്ക് മുന്നേ കടകള്‍ ഓരോന്നായി അടച്ചു തുടങ്ങി. തെരുവില്‍ സൂപ്പ് വിറ്റിരുന്ന തട്ടുകടക്കാരന്‍ zപാലീസിനെ കണ്ട് ഭയന്ന് അതിവേഗം തന്റെ വണ്ടി ഉന്തി മുന്നോട്ട് പോയി. റെസ്റ്ററന്റുകള്‍ അപ്പോഴും വെളിച്ചത്തിന്റെ പ്രഭാവത്തില്‍ സജീവത നിലനിലനിര്‍ത്തുന്നു. റെസ്റ്ററന്റിന് പുറത്തിട്ട തീന്‍ മേശക്കരികിലിരുന്ന് ആളുകള്‍ ആഹാരം കഴിക്കുന്നത് കണ്ടു. ഫിദ മട്ടന്‍ കബാബിനു ഓര്‍ഡര്‍ കൊടുത്ത് ആളൊഴിഞ്ഞ മേശക്കരികില്‍ ഇരിപ്പുരപ്പിച്ചു.

കബാബ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് ആദം സാര്‍ കടന്നു വന്നത്. തനിക്കരികില്‍ കസേര വലിച്ചിട്ടിരുന്ന് വിശേഷങ്ങള്‍ പങ്കുവെച്ച അദ്ദേഹത്തിനെ ഭക്ഷണത്തിന് ക്ഷണിച്ചെങ്കിലും സ്‌നേഹപൂര്‍വ്വം അത് നിരസിച്ചു.

മെഹര്‍ എങ്ങനെ ഇരിക്കുന്നു ഫിദ? ആദം സാര്‍ ചോദിച്ചു.

ആരോഗ്യം പഴയത് പോലെ തന്നെ, പക്ഷെ മമ്മക്ക് തന്നോടെന്തോ പറയാനുള്ളത് പോലെ, അവ്യക്തമായി എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട് സാര്‍, പക്ഷെ എനിക്കിതുവരെ അതൊന്നും വ്യക്തമായിട്ടില്ല.

അടുത്ത ദിവസം വീട്ടില്‍ വരാം എന്ന് പറഞ്ഞു എഴുന്നേല്‍ക്കുന്നത് നോക്കി നിന്നപ്പോള്‍ വാര്‍Oക്യം സാറിനെ വല്ലാതെ ക്ഷീണിപ്പിച്ചിട്ടുണ്ട് എന്ന് ഫിദക്ക് തോന്നി.

ഞാനും അബ്ബയുമല്ലാതെ മമ്മയുമായി ബന്ധമുള്ള ആകെയുള്ളൊരാള്‍ ആദം സാറാണ്. കാലത്ത് തന്നെ സാറ് വീട്ടില്‍ വന്നു. മമ്മയുടെ മുന്നില്‍ കുറച്ചു നേരം ഇരുന്നു സംസാരിച്ചു. അവ്യക്തമായി മമ്മ പറഞ്ഞതൊക്കെയും അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്. കുറച്ചു നേരം കഴിഞ്ഞു താന്‍ തിടുക്കപ്പെട്ട് ആശുപത്രിയില്‍ പോകാനൊരുങ്ങുമ്പോള്‍ സാറ് വിളിച്ചു, ഉടനെ പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു ഒരു ലെറ്റര്‍ ഏല്‍പിച്ചു. കേരളത്തിലേക്ക് തുര്‍ക്കിയില്‍ നിന്നൊരു കത്ത്. ഫിദക്ക് ആശ്ചര്യം തോന്നിയെങ്കിലും അവളൊന്നും ചോദിക്കാന്‍ മുതിര്‍ന്നില്ല.

കാലപ്പഴക്കത്തിന്റെ മാറാപ്പിനുള്ളിലേക്ക് തിരുകി കയറ്റി വെച്ച ഓര്‍മകള്‍ പലതും പഴകി ദ്രവിച്ചു തുടങ്ങിയിരുന്നെങ്കിലും ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ നിറവുകളും മെഹര്‍ബാന്‍ എന്ന ഒറ്റപ്പേരില്‍ അബ്ദുവിന്റെ ഉള്ളം നിറച്ചു പെയ്തു കൊണ്ടിരുന്നു. വര്‍ഷം പലത് കഴിഞ്ഞു തുര്‍ക്കിയില്‍ നിന്ന് ഇങ്ങനെ ഒരു കത്ത് തന്നെ തേടി വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. വര്‍ധിച്ച ഉത്സാഹത്തോടെയാണ് അബ്ദു ആ കത്തിന്റെ ഉള്ളടക്കം സൈനബിന് പറഞ്ഞു കൊടുത്തത്. ഭര്‍ത്താവിന്റെ മനസ്സറിഞ്ഞ ഭാര്യ തുര്‍ക്കിയിലേക്ക് എത്രയും പെട്ടൊന്ന് പുറപ്പെടണമെന്ന് കണിശമായി പറഞ്ഞു.

ഇരുപത് കൊല്ലം മുന്നേ തുര്‍ക്കിയിലെ സൈനികാശുപത്രിയില്‍ മരണത്തോട് മല്ലിട്ട് കിടക്കുമ്പോള്‍ ഇനിയുമൊരു ജീവിതമില്ലെന്ന് അബ്ദു ഉറപ്പിച്ചതാണ്. നുഴഞ്ഞു കയറ്റക്കാരനാണെന്ന വ്യാജേനേ സൈനികര്‍ നടത്തിയ അക്രമണത്തില്‍ ജീവനെങ്കിലും തിരിച്ചു ലഭിച്ചത് അവസാന നിമിഷം താന്‍ വെറുമൊരു യാത്രികനാണെന്ന് അവര്‍ തിരിച്ചറിഞ്ഞപ്പോഴാണ്. ജീവിതത്തിലേക്ക് തിരിച്ചു വന്നുവെന്നറിഞ്ഞ നേരം കണ്ണു തുറന്നപ്പോള്‍ ആദ്യം കണ്ടത് അവളുടെ മുഖമായിരുന്നു. ഇരുപത്തിയൊന്ന് ദിവസം അനക്കമില്ലാതെ കിടന്ന തന്നെ പരിചരിക്കാന്‍ ചുമതലപ്പെടുത്തിയവള്‍. അപ്പോള്‍ ആ നിമിഷത്തില്‍ അപരിചിതയായ ആ പെണ്ണ് പുഞ്ചിരിയോടെ ഒരിറ്റു കണ്ണുനീര്‍ പൊഴിച്ചതെന്തിനെന്ന് അബ്ദു ആശ്ചര്യപ്പെട്ടു. അത്യാവശ്യത്തേലേറെ മലയാളവും പിടിച്ചു നില്‍ക്കാന്‍ പാകത്തില്‍ ഹിന്ദിയും സംസാരിക്കാന്‍ അറിയാമായിരുന്നെങ്കിലും ഞങ്ങള്‍ സംസാരിച്ചതത്രയും മനസ്സ് കൊണ്ടായിരുന്നു. 


രോഗം ബേധമായി തുടങ്ങിയത് മുതല്‍ ഉദ്യോഗസ്ഥര്‍ തന്നെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. യാത്രാ മധ്യാ ലഭിച്ച മുഷിഞ്ഞ ചില നോട്ടുകളും തന്റെ വസ്ത്രങ്ങളും യാത്രാ രേഖകളും അടങ്ങിയ ബാഗ് എവിടെയോ നഷ്ടമായിരിക്കുന്നു, എങ്കിലും അതൊന്നും തന്നെ അസ്വസ്ഥപ്പെടുത്തിയില്ല. താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി കഴിഞ്ഞാല്‍ മെഹര്‍ബാന്‍ എന്ന ആനന്ദത്തില്‍ നിന്നും എടുത്തെറിയപ്പെടും എന്ന വേവലാതി മാത്രമായിരുന്നു അബ്ദുവിന്റെ ഉള്ളില്‍ പെരുകി കിടന്നത്. അവളുടെ ചുമലില്‍ താങ്ങി പതുക്കെ നടക്കുമ്പോള്‍, ഭാഷാ സഹായമില്ലാതെ അടുത്തിരുന്ന് കണ്ണുകള്‍ കൊണ്ട് കഥ പറയുമ്പോള്‍, കുസൃതി നിറഞ്ഞ കളി രസങ്ങളില്‍ മുഴുകി തന്നെ സന്തോഷിപ്പിക്കുമ്പോഴൊക്കെ അവളെന്റെ ഉള്ളിലേക്ക് തുളഞ്ഞു കയറുകയായിരുന്നു. അവള്‍ വെളിച്ചമായിരുന്നു. ഒന്നും മിണ്ടാതെ എല്ലാം പറയാന്‍ വ്യാപ്തിയുള്ള മുഖ ചലനങ്ങള്‍. ആ നോട്ടത്തിന്റെ കരുത്തില്‍ ഞാന്‍ അനുസരണയുള്ളവനായി. അവളുടെ സമയ നിഷ്ഠയില്‍ ഞാന്‍ ചുമതലയുള്ളവനായി. കലാപരമായ മെഹറിന്റെ ചെയ്തികളില്‍ ഞാന്‍ ഉത്സാഹമുള്ളവനായി. നാടൊട്ടുക്ക് അലഞ്ഞു ശീലിച്ച തനിക്ക് ഇനി യുള്ള കാലം അവളുടെ തണല്‍ പറ്റി കഴിഞ്ഞാല്‍ മതിയെന്നായി.

എന്നിട്ടും മൂന്നു മാസം തികഞ്ഞതിന്റെ പിറ്റേന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാ രേഖകളുമായി ഉദ്യോഗസ്ഥന്‍ വന്നപ്പോള്‍ എതിര്‍ത്ത് നില്‍ക്കാനുള്ള പാങ്ങെനിക്കുണ്ടായില്ല. യാത്ര പറച്ചിലിനായി അവളുടെ അരികിലേക്ക് നീങ്ങി നിന്നപ്പോഴും അന്നത്തെ പ്പോലെ ഒരിറ്റു കണ്ണുനീര്‍ ആ കണ്‍ കോണുകളില്‍ കൊരുത്ത് കിടന്നു. എന്തോ ഓര്‍ത്തിട്ടെന്നപോലെ സ്വന്തം കൈ വിരലിലണിഞ്ഞ ഒരു മോതിരമെടുത്തു തന്റെ വിരലില്‍ അണിയിച്ചു തന്നു.വിരഹത്തിന്റെ അഗാധതയിലേക്ക് കൂപ്പു കുത്തി കൊണ്ടിരുന്ന തന്നെ പ്രതീക്ഷയുടെ തുരുത്തിലെത്തിച്ചു ആ കുഞ്ഞു മോതിരം.

നാട്ടില്‍ തിരിച്ചെത്തിയതും കാലില്‍ കയറിടാതിരുന്നാല്‍ മകന്‍ ഇനിയും നാട് വിട്ടു പോകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ അബ്ദുവിനെ അവര്‍ നിക്കാഹ് കഴിപ്പിച്ചു. കോഴിക്കോട്ടുകാരി സൈനബ് അബ്ദുവിന്റെ ജീവിത സഖിയായി മാറിയതങ്ങനെയാണ്.

മതിയായ രേഖകളില്ലാതെ യാത്ര ചെയ്തതിന്റെ പേരില്‍ കിട്ടിയ ഓരോ അടിയുടേയും ചോരതുള്ളികള്‍ അബ്ദു ചുമച്ചു തുപ്പുകയാണിപ്പോള്‍.

ദിവസങ്ങള്‍ മാത്രം വളര്‍ച്ചയുള്ള പ്രണയം പോലൊരിഷ്ടം അബ്ദുവിന്റെ കൈവിരലിലും മനസ്സിലും തിളങ്ങി നിന്നു. സൈനബിനോട് അബ്ദു എപ്പോഴും പറയുമായിരുന്നു, ആയുസൊടുങ്ങും മുമ്പ് ഒരുവട്ടം കൂടി തുര്‍ക്കിയില്‍ പോകണം. മെഹറിനെ കണ്ട് അവളുടെ ചാരെ ഇരുന്ന് പഴയ കഥകളെ താലോലിക്കണം, ആ കൈവിരലില്‍ ചേര്‍ത്ത് പിടിക്കണം. അകവും പുറവും നിറച്ച് അവളുടെ ഓര്‍മ നിറയുമ്പോള്‍ കൊതിച്ചു കാത്തിരുന്ന സന്തോഷമാണ് അടുത്ത ദിവസം യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. കേരളത്തിന്റെ തനതായ രുചികള്‍ തുര്‍ക്കിയിലേക്ക് പൊതിഞ്ഞു കെട്ടി തന്നപ്പോള്‍ അബ്ദു സൈനബിന്റെ ഹൃദയം അടുപ്പിച്ചു പിടിച്ചു നെറുകിലൊരു മുത്തം കൊടുത്തു.

അബ്ദു എത്തിയപ്പോള്‍ മെഹറിനെ എന്തോ ശാരീരിക അസ്വസ്ഥത കാരണം ഗ്ലോബല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയതായി അറിഞ്ഞു. ആദം സാറിന്റെ കൂടെ ആശുപത്രിയില്‍ എത്തിയപ്പോള്‍ അബ്ദുവിന്റെ നെഞ്ച് പതിവിലേറെ മിടിച്ചു കൊണ്ടിരുന്നു. മുറിയിലേക്ക് കടന്നപ്പോള്‍ ഫിദ മെഹറിന് ഓറഞ്ചല്ലികള്‍ വായില്‍ വെച്ച് കൊടുക്കുകയാണ്. തങ്ങളെ കണ്ട് തല തിരിച്ചു നോക്കിയ മെഹറിനു തന്നെ മനസ്സിലായിട്ടില്ലെന്ന് അവളുടെ തറച്ച നോട്ടത്തില്‍ അബ്ദുവിന് മനസ്സിലായി.

മെഹര്‍ നിനക്ക് ആളെ മനസ്സിലായില്ലേ എന്ന് ആദം സാറ് ചോദിച്ചപ്പോള്‍ വേണ്ട ചോദിക്കണ്ട എന്ന് ഞാന്‍ കണ്ണുകള്‍ കൊണ്ട് തടഞ്ഞു. മെഹറിന്റെ കട്ടിലിനരികെ കസേര വലിച്ചിട്ടിരുന്ന് ആ വിരലുകളെടുത്ത് തന്റെ മോതിരത്തില്‍ സ്പര്‍ശിച്ചു. തണുത്തുറഞ്ഞു കിടന്ന ആ വിരലുകളില്‍ പെട്ടൊന്ന് ചൂട് പടരുന്നതായി അനുഭവപ്പെട്ടു. ഉന്മേഷത്തിന്റെ പുത്തനുണര്‍വ്വ് വിരലുകളില്‍ നിന്നും ആ മുഖത്തേക്ക് പടര്‍ന്നു. കണ്ണിമ വെട്ടാതെ തന്നെ തന്നെ നോക്കുന്ന അവള്‍ അബ്ദുവിന്റെ കൈകളെടുത്ത് മുഖത്തോടടുപ്പിച്ചു, ആ കണ്‍ കോണുകളിലേ കണ്ണുനീര്‍ ഞാനെന്റെ കൈകളില്‍ ഒപ്പിയെടുത്തു. ഫിദയുടെ കയ്യില്‍ ബാക്കി വന്ന ഓറഞ്ചല്ലികള്‍ വാങ്ങി ഞാനവളുടെ വായില്‍ വെച്ച് കൊടുത്തു. മതി ഇത് മതിയാകും തങ്ങള്‍ക്ക് കഴിഞ്ഞു പോയ കാലങ്ങളില്‍ കരുതി വെച്ച പ്രണയം പങ്കുവെക്കാന്‍.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ജുവൈരിയ സലാം

Writer

Similar News

കടല്‍ | Short Story