'കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും പറയാനുള്ളത് പറയും, എന്നെ കത്തിച്ചാൽ പോലും അഭിപ്രായത്തിൽ നിന്ന് പിറകോട്ടില്ല'; വെള്ളാപ്പള്ളി നടേശന്‍
മതപണ്ഡിതന്മാര്‍ ഭരണത്തില്‍ ഇടപെടുന്നെന്നും വെള്ളാപ്പള്ളി
കൊച്ചി: മുസ്‍ലിം സമുദായത്തിനും കാന്തപുരത്തിനും വിദ്വേഷ പരാമർശത്തിലുറച്ച് വെള്ളാപ്പള്ളി നടേശൻ.തന്നെ കത്തിച്ചാൽ പോലും അഭിപ്രായത്തിൽ നിന്ന് പിറകോട്ടില്ല. കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും താൻ പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി കൊച്ചിയില്‍ പറഞ്ഞു. എസ്എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ആദരവ് നൽകുന്ന ചടങ്ങിലായിരുന്നു വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തിയത്.
'മതപണ്ഡിതന്മാര്‍ ഭരണത്തില്‍ ഇടപെടുന്നു. സർക്കാർ എന്ത് ചെയ്താലും കാന്തപുരം ഉൾപെടെ മതനേതാക്കൾ ഇടപെടുന്നു. സര്‍ക്കാര്‍ നല്ലകാര്യം ചെയ്യുമ്പോഴും അത് തകർക്കുമെന്ന് മതനേതാക്കൾ വെല്ലുവിളിക്കുന്നു. താൻ പറഞ്ഞത് മുസ്‌ലിം സമുദായത്തിന് എതിരല്ല, സമുദായത്തെ ആക്ഷേപിച്ചുവെന്ന വ്യാഖ്യാനമുണ്ടാക്കുകയാണ്. ഓണത്തിനും വിഷുവിനും എന്നെ വന്ന് കണ്ട് കൈനീട്ടം വാങ്ങുന്ന മുസ്‌ലിം വിഭാഗം ഉണ്ട്.എന്നെ കത്തിച്ചാൽ പോലും അഭിപ്രായത്തിൽ നിന്ന് പുറകോട്ടില്ല. ഞാന്‍ തീയിൽ കുരുത്തവനാണ്. SNDP കസേരയിൽ ഇരുന്ന് മറ്റു കസേരയിൽ പോകാൻ എനിക്ക് ആഗ്രഹമില്ല.എന്നെ ഇരുത്തിയ സമുദായത്തിന് വേണ്ടി പറയുക എന്നത് എൻ്റെ കടമ'.. വെള്ളപ്പള്ളി പറഞ്ഞു.
'ഈഴവനെ ആരെങ്കിലും മുഖ്യമന്ത്രി ആക്കുമോ? മുഖ്യമന്ത്രി ആകാൻ നായർ സമുദായത്തിലും മുസ്‌ലിം സമുദായത്തിലും ക്രിസ്ത്യാനികളിലും ഇഷ്ടം പോലെ പേരുണ്ട്. ഇപ്പോൾ പിണറായി ഉണ്ട്, ഇനി ഒരാള്‍ ഈഴവനിൽ നിന്ന് മുഖ്യമന്ത്രി ആകാൻ സാധ്യത കുറവാണ്.യഥാർത്ഥ വർഗീയ വാദി ആരാണ്... ലീഗ് അല്ലേ... പേരിൽ തന്നെ വർഗീയതയില്ലേ? എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ വർഗീയ വാദി ആവുന്നു'..അദ്ദേഹം പറഞ്ഞു.
മുസ്‍ലിംകളെയും ക്രൈസ്തവരെയും ചാരി വിദ്വേഷ പ്രസംഗം നടത്തുകയും കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരെ അധിക്ഷേപിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശന് തൊട്ടടുത്ത ദിവസമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സ്വീകരണമൊരുക്കിയത്. ചടങ്ങിന്‍റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിർവഹിച്ചത്.
ഉത്തരവാദിത്ത ബോധത്തിൽ ഊന്നിയ പ്രവർത്തനം കാഴ്ചവെക്കുന്ന നേതാവ് വെള്ളാപ്പള്ളിയെന്നും ഊർജ്ജസ്വലനായ നേതാവാണെന്നും മന്ത്രി വാസവന്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ കൈപിടിച്ച് ഉയർത്തി.പറയാനുള്ളത് പറയുകയും വ്യക്തമായ അഭിപ്രായങ്ങൾ നിർഭയമായി രേഖപ്പെടുത്തുന്ന നേതാവാണ് അദ്ദേഹമെന്നും വാസവന്‍ പ്രകീര്‍ത്തിച്ചു.