വിദ്വേഷ പ്രസംഗത്തിന് വെള്ളാപ്പള്ളി ആയുധമാക്കിയത് വി.എസിന്റെ പരാമർശവും പിണറായിയുടെ പിന്തുണയും

മലപ്പുറം വിദ്വേഷ പ്രസ്താവനയിൽ പിണറായിയുടെ പിന്തുണയാണ് തനിക്കെതിരായ ആക്രമണം ഇല്ലാതാക്കിയത് എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

Update: 2025-07-20 10:48 GMT
Advertising

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്റെ വിദ്വേഷ പരാമർശത്തിന് ആയുധമാക്കുന്നത് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാമർശവും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയും. 2040 എത്തുന്നതോടെ കേരളത്തിൽ മുസ്‌ലിം ഭൂരിപക്ഷമാകുമെന്ന് വി.എസ് അച്യുതാനന്ദൻ മുമ്പ് പറഞ്ഞു. എന്നാൽ അതുവരെ എത്തേണ്ടി വരുമെന്ന് തോന്നുന്നില്ല എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

മലപ്പുറം വിദ്വേഷ പ്രസ്താവനയിൽ പിണറായിയുടെ പിന്തുണയാണ് തനിക്കെതിരായ ആക്രമണം ഇല്ലാതാക്കിയത് എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ''മലപ്പുറത്ത് ഞാനൊരു സത്യം പറഞ്ഞുപോയി. തീവ്രവാദികളും ഇടത്- വലതുപക്ഷ ആളുകളും കാന്തപുരം മുതൽ കുഞ്ഞാലിക്കുട്ടി വരെയും എന്നെ ആക്രമിച്ചു. പിണറായി വിജയൻ ചേർത്തലയിലെ സമ്മേളനത്തിൽ ഇതേപ്പറ്റി പറഞ്ഞതോടെ എല്ലാവരുടെയും വായടഞ്ഞു''- വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളിക്ക് ചേർത്തല എസ്എൻഡിപി യൂണിയൻ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ പിന്തുണച്ചത്.

''വെള്ളാപ്പള്ളി പ്രത്യേക വിരോധമോ മമതയോ വച്ചുപറഞ്ഞതല്ല. യാഥാർഥ്യം പറയുകയായിരുന്നു. പറഞ്ഞത് ഒരു രാഷ്ട്രീയപാർട്ടിക്ക് എതിരായി. ആ പാർട്ടിയെ സംരക്ഷിക്കാൻ താത്പര്യമുള്ളവരെല്ലാം ഇതിനെതിരെ രംഗത്തുവന്നു. അതാണ് സംഭവിച്ചത്. വെള്ളാപ്പള്ളി ഏതെങ്കിലും ഒരു മതത്തിനെതിരെ നിലപാട് സ്വീകരിച്ച ചരിത്രമുള്ളയാളല്ല. വിവിധ മതങ്ങളുമായി യോജിച്ചുള്ള ഒട്ടേറെ കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചയാളാണ്. എതെങ്കിലും കുറവ് വെള്ളാപ്പള്ളിയിൽ നിന്ന് വന്നെന്നല്ല, ഇതാണ് നാട്. ഏതിനെയും വക്രീകരിക്കാനും തെറ്റായി ചിത്രീകരിക്കാനും നോക്കുന്ന കാലമാണ്''- മുഖ്യമന്ത്രി പറഞ്ഞു.

ലീഗ് മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്നു എന്ന തലക്കെട്ടിലാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന സിപിഎം മുഖപത്രമായ 'ദേശാഭിമാനി' ഇന്ന് റിപ്പോർട്ട് ചെയ്തത്.

കടുത്ത വിദ്വേഷ പ്രസംഗങ്ങൾ തുടരുമ്പോഴും വെള്ളാപ്പള്ളിയെ പുകഴ്ത്തുന്ന നിലപാടാണ് സിപിഎം തുടരുന്നത്. വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ നിർഭയ നിലപാടുകൾ ഉത്തരവാദിത്തത്തോടെ പറയുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും മന്ത്രി പ്രശംസിച്ചു. വെള്ളാപ്പള്ളിക്ക് എറണാകുളം പള്ളുരുത്തിയിൽ ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News