വെള്ളാപ്പള്ളിയുടേത് സാമുദായിക വൈര്യം വളർത്തുന്ന അധിക്ഷേപം; നാഷണൽ ലീഗ്

ഇത്തരം നിലപാടുകളെ ഇടതുപക്ഷത്തിന് പിന്തുണക്കാനാവില്ല, വർഗീയ വിഭജന വിലപേശലുകൾക്ക് ഇടം കൊടുത്ത ചരിത്രം ഇടതുപക്ഷത്തിനില്ലെന്നും എന്‍.കെ അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു

Update: 2025-07-20 11:06 GMT
Advertising

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് രാഷ്ട്രീയ വിമർശനങ്ങൾ അല്ലെന്നും, സാമുദായിക വൈര്യം വളർത്തുന്ന അധിക്ഷേപ പരാമർശങ്ങൾ ആണെന്നും, വെള്ളാപ്പള്ളി തിരുത്തണമെന്നും നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എന്‍.കെ അബ്ദുൽ അസീസ്. ഇത്തരം നിലപാടുകളെ ഇടതുപക്ഷത്തിന് പിന്തുണക്കാനാവില്ല, വർഗീയ വിഭജന വിലപേശലുകൾക്ക് ഇടം കൊടുത്ത ചരിത്രം ഇടതുപക്ഷത്തിനില്ല. വർഗീയത വിളമ്പി സംഘപരിവാറിന് നിലമൊരുക്കാൻ ഒരുങ്ങിയിറങ്ങിയവരോട് ഒരിക്കലും സന്ധി ചെയ്യാനാവില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.

കാലങ്ങളായി സംഘപരിവാർ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ വെള്ളാപ്പള്ളി ഏറ്റുപിടിക്കരുത്, സർവ്വ സ്വീകാര്യനായ കാന്തപുരം ഉസ്താദിനെ ഉൾപ്പെടെയുള്ള ആത്മീയ നേതാക്കളെ അനാവശ്യ വിവാദങ്ങളിലേക്ക് ബോധപൂർവ്വം വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ല. ജനസംഖ്യ വർദ്ധനവ്, ജനസംഖ്യ ആനുപാതികമായ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളുടെ ഔദ്യോഗിക കണക്കുകൾ നിലനിൽക്കെ, തെറ്റിദ്ധാരണകൾ പരത്തുന്നത് ദൗർഭാഗ്യകരമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

ന്യൂനപക്ഷ സാമുദായിക നേതൃത്വങ്ങൾ ഈ വിദ്വേഷ വർഗീയ കെണിയെ മുഖവിലക്കെടുക്കരുത്, സൗഹാർദാന്തരീക്ഷത്തെ മലിനമാക്കാൻ ശ്രമിക്കുന്നവരെ അവഗണിക്കണം, നാളിതുവരെ സ്വീകരിച്ചു പോന്ന മാതൃകാപരമായ നിലപാടുകളിൽ ഉറച്ചുനിൽക്കണം. പ്രകോപനങ്ങളെ വിവേകത്തോടെ നേരിട്ട ചരിത്രങ്ങൾ ഇനിയും തുടരും. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് വർഗീയ മാലിന്യങ്ങളെ പുറന്തള്ളുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News