Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: എറണാകുളത്ത് എംഡിഎംഎയുമായി പിടിയിലായ ടിടിഇ അഖില്‍ ജോസഫിനെതിരെ നേരത്തെയും നിരവധി പരാതികള്‍ ലഭിച്ചിരുന്നു എന്നാണ് പോലിസ് പറയുന്നത്. യോദ്ധാവ് എന്ന പോലീസ് പോര്‍ട്ടലിലാണ് പരാതികള്‍ ലഭിച്ചത്. അഖിലിനെ മുന്‍പ് ലഹരി ഉപയോഗിക്കുന്നു എന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു പക്ഷെ ഒന്നും കണ്ടെത്താനായിരുന്നില്ല. കോയമ്പത്തൂര്‍ - എറണാകുളം റൂട്ടിലെ ടിടിഇ ആയ അഖില്‍ പത്തുവര്‍ഷമായി റെയില്‍വേ ഉദ്യോഗസ്ഥനാണ്.
ഇയാള്‍ ട്രെയിന്‍ മാര്‍ഗം ലഹരി കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. അഖിലിന്റെ സുഹൃത്തുക്കളെയും പോലീസ് നിരീക്ഷിക്കും. റെയില്‍വേ മേഖലയില്‍ അഖിലിന് ലഹരി ശൃംഗല ഉള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്നതിനൊപ്പം ലഹരി വില്പനയും അഅഖില്‍ നടത്തുന്നുണ്ട് എന്നാണ് പോലീസ് കണ്ടെത്തല്‍.
അതേസമയം എളംകുളത്ത് ഫ്‌ലാറ്റില്‍ യുവാക്കളില്‍ നിന്നും പിടികൂടിയ ലഹരി ഗുളികകള്‍ ജര്‍മ്മന്‍ നിര്‍മ്മിതം എന്ന് കണ്ടെത്തിയിട്ടുണ്ട്. നര്‍ക്കോട്ടിക് വിഭാഗമാണ് ലഹരി ഗുളികകള്‍ ജര്‍മ്മന്‍ നിര്‍മ്മിതം എന്ന് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്നാണ് കൊച്ചിയിലേക്ക് ലഹരി ഗുളിക എത്തിച്ചത് എന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.
പ്രതികളില്‍ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഷാമില്‍ എട്ടുമാസമായി ലഹരി കച്ചവടം നടത്തുന്നയാള്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്.ഗള്‍ഫില്‍ ഇയാള്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു എന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് പോലിസ് പറയുന്നത്.
പ്രതികള്‍ക്കായി കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസമാണ് എളംകുളത്തെ ഫ്‌ലാറ്റില്‍ നിന്നും ഒരു വനിത അടക്കം നാലു പ്രതികളെ എക്സ്റ്റസി പില്‍, എംഡിഎംഎ അടക്കമുള്ള ലഹരി മരുന്നുകളുമായി പിടികൂടിയത്.