Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും കെഎസ്ഇബിക്കും വീഴ്ച സംഭവിച്ചുവെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഗ്രൗണ്ട് ക്ലിയറന്‍സില്‍ വിഴ്ച വന്നു. തറനിരപ്പിൽ നിന്നും നിശ്ചിത ഉയരം വേണമെന്ന വ്യവസ്ഥ പാലിച്ചില്ല.
ഷെഡ് കെട്ടുമ്പോള്‍ മാനേജ്‌മെന്റ് അനുമതി തേടിയില്ലെന്ന് മന്ത്രി പറഞ്ഞു. തറയില്‍ നിന്നും നിശ്ചിത ഉയരം വേണമെന്ന വ്യവസ്ഥ പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ല. വിശദമായ അന്വേഷണം നടത്തുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
കുട്ടിയുടെ കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം രൂപ നല്‍കും. പ്രാഥമികമായാണ് 5 ലക്ഷം നല്‍കുന്നത്. സംഭവത്തില്‍ കെഎസ്ഇബി ഉന്നതല അന്വേഷണം നടത്തും. ഷെഡിന്റെ റൂഫും വൈദ്യുതി ലൈനും തമ്മിൽ ആവശ്യത്തിന് അകലുമുണ്ടായിരുന്നില്ല. കൊല്ലം ഇലക്ട്രിക്കൽ സർക്കിളിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകി.
എന്നാൽ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതിൽ സ്കൂളിന് വീഴ്ചയില്ലെന്ന് മാനേജർ തുളസീധരക്കുറുപ്പ്. ഷെഡിന് മുകളിൽ കുട്ടികൾ വലിഞ്ഞുകയറുമെന്ന് പ്രതീക്ഷിക്കുന്നില്ല. ലൈൻ താഴ്ന്നു കിടക്കുന്നതായി ആരും പരാതി പറഞ്ഞിട്ടില്ല. നാൽപതു വർഷമായുള്ള ലൈനാണ്. നാല് പഞ്ചായത്തിലെ ജനങ്ങൾ വോട്ട് ചെയ്താണ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതെന്നും സിപിഎം മൈനാഗപ്പള്ളിലോക്കൽ സെക്രട്ടറികൂടിയായ തുളസീധരക്കുറിപ്പ് പറഞ്ഞു.
ഇന്ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍(13) ഷോക്കേറ്റ് മരിച്ചത്. സ്കൂള്‍ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. വൈദ്യുതിലൈൻ താഴ്ന്നു കിടക്കുന്നെന്ന് നാട്ടുകാർ പലവട്ടം പരാതി പറഞ്ഞിട്ടും കെഎസ്ഇബി തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ട്. കെഎസ്ഇബിയുടേയും സ്കൂൾ മാനേജ്മെന്റിന്റേയും ഗുരുതര അനാസ്ഥയാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.