നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിൽ വിറളിപൂണ്ട് സംഘ്പരിവാർ അനുകൂലികൾ
ഹൂതി ഭീകരന്മാരുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചാണ് ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥ് കാന്തപുരത്തെ ആക്ഷേപിച്ചത്
കോഴിക്കോട്: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടൽ പുരോഗമിക്കുന്നതിനിടെ വിറളിപൂണ്ട് സംഘ്പരിവാർ അനുകൂലികൾ. ഇടപെടലിന് നേതൃതം കൊടുക്കുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് നേരെയാണ് പരാമർശങ്ങൾ.
ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥനാണ് ഇതിന് മുന്നിൽ നിൽക്കുന്നത്. ഹൂതി ഭീകരന്മാരുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചാണ് ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥ് കാന്തപുരത്തെ ആക്ഷേപിച്ചത്. സർക്കാരിന്റെ പങ്കാളിത്തം ചർച്ചകളിൽ ഇല്ലെ? നയതന്ത്ര തലത്തിൽ ഔദ്യോഗികമായി ആണോ കാന്തപുരം ഇടപെടുന്നത് എന്നും കേരളത്തിൽ നിന്നും മതം മാറ്റി സിറിയയിൽ കൊണ്ട് പോയ പെൺകുട്ടികൾക്ക് വേണ്ടി ഇത്തരത്തിൽ ഇടപെടലുകൾ നടക്കാത്തത് എന്ത് കൊണ്ടാണെന്നുമാണ് പ്രതീഷിന്റെ ചോദ്യം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതീഷ് രംഗത്ത് എത്തിയത്.
സമാനമായ അഭിപ്രായമാണ് പ്രമുഖ യുക്തിവാദ നേതാവായ ആരിഫ് ഹുസൈനും പങ്കുവെച്ചത്. കാന്തപുരത്തിന്റെ ഹൂതി ബന്ധം ദുരൂഹമാണ്, ഇക്കാര്യം അന്വേഷിക്കണം എന്നതിനൊപ്പം അദ്ദേഹം ഇസ്‌ലാമിന്റെ അന്തകനാണെന്നും പറഞ്ഞായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ആരിഫ് ഹുസൈന്റെ ആക്രമണം. തീവ്രകൃസ്ത്യൻ കൂട്ടായ്മയായ കാസയ്ക്കും കാന്തപുരത്തിന്റെ ഇപടെൽ രസിച്ചിട്ടില്ല. കേരളത്തിൽ ഇപ്പോൾ നടക്കുന്ന മൂന്നാംകിട കാന്തപുരം സ്തുതിയും ആഘോഷവും എല്ലാം അവസാനിപ്പിക്കണമെന്നാണ് കാസ നേതാവായ കെവിന് പീറ്റര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന്റെ ചുവട് പിടിച്ചാണ് സമൂഹമാധ്യമങ്ങളില്‍ കാന്തപുരത്തിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെയ്ക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ കാന്തപുരത്തെ അഭിനന്ദിച്ച് വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയ നേതാക്കളെല്ലാം കാന്തപുരത്തെ അഭിനന്ദിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. നിമിഷപ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണെന്നും വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെയെന്നുമായിരുന്നു നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്.