ഷാർജയിൽ യുവതിയുടെ ദുരൂഹമരണം: അതുല്യയെ ഭര്‍ത്താവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കുടുംബം; കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്
ഭർത്താവ് സതീഷ് പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതുല്യ നേരത്തേ നാട്ടിൽ പൊലീസിനെ സമീപിച്ചിട്ടുണ്ട്. കേസ് പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു
ദുബൈ/കൊല്ലം: ഷാർജയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ദുരൂഹമരണത്തിൽ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തു. ഭർത്താവ് സതീഷിനെതിരെ കൊലപാതകകുറ്റം ചുമത്തിയാണ് കേസ്. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ ഇന്നലെയാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടത്.
അതുല്യയെ ഭര്‍ത്താവ് സതീഷ് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കുടുംബം പുറത്ത് വിട്ടു. ഭർത്താവ് സതീഷ് പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതുല്യ നേരത്തേ നാട്ടിൽ പൊലീസിനെ സമീപിച്ചിട്ടുണ്ട്. കേസ് പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു. അമ്മ തുളസീഭായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീധന പീഡനം, ശാരീരിക പീഡനം തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തിയാണ് എഫ്. ഐ.ആർ. മകൾ ഒരു കാരണവശാലും ആത്മഹത്യചെയ്യില്ലെന്ന് അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു.
12 വർഷം മുമ്പാണ് അതുല്യയും സതീഷും വിവാഹിതരായത്. രണ്ടുവർഷം മുമ്പ് അതുല്യ യു.എ.ഇയിലെത്തി. ഷാർജയിലെ ഒരു മാളിൽ മാർക്കറ്റിങ് പ്രൊമോട്ടറായി ജോലിയിൽ പ്രവേശിക്കാനിരിക്കേയാണ് മരണം. ഇവരുടെ സഹോദരിയും ഭർത്താവും ഷാർജയിലുണ്ട്. മരിക്കുന്നതിന് തലേന്ന് രാത്രി സഹോദരിയെ സന്ദർശിച്ച് ജോലി ലഭിച്ച വിവരവും പങ്കുവെച്ച് മടങ്ങിയതാണ് അതുല്യ. രാവിലെയാണ് മരണവാർത്ത അറിയുന്നത്. പുലർച്ചെ മൂന്നോടെ അജ്മാനിൽ നിന്ന് ഫ്ലാറ്റിലെത്തിയ ഭർത്താവാണ് ഷാർജ പൊലീസിൽ മരണ വിവരമറിയിച്ചത്.
വെള്ളിയാഴ്ച രാത്രിയും ഇവർ തമ്മിൽ വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. നേരത്തേ ഗാർഹിക പീഡനത്തിന് ഷാർജയിൽ പരാതി നൽകാൻ അതുല്യ ശ്രമിച്ചിരുന്നു. ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ അതും ഒഴിവാക്കിയെന്നാണ് വിവരം. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഷാർജ പൊലീസ് അന്വേഷണം തുടരുകയാണ്. തുടർനടപടികൾക്കായി സഹോദരിയുടെ കുടുംബം ഷാർജ ഇന്ത്യൻ അസോസിയേഷനെയും, ദുബൈ ഇന്ത്യൻ കോൺസുലേറ്റിനെയും സമീപിച്ചിട്ടുണ്ട്.