'സ്‌കൂൾ വിട്ടു മടങ്ങിയ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു'; ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾ ചർച്ചയാവുമ്പോൾ പഴയ സംഭവം ഓർമിച്ച് പി.കരുണാകരൻ

ധർമസ്ഥലയിൽ നൂറ് കണക്കിന് ഏക്കർ സ്ഥലം ഒരു കുടുംബത്തിന്റെ പേരിൽ മാത്രമാണ്. അവിടെയുള്ള കച്ചവടസ്ഥാപനങ്ങളും മറ്റ് ഓഫീസുകളും അവരുടെ നിയന്ത്രണത്തിൽ തന്നെയാണെന്നും പി.കരുണാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Update: 2025-07-20 11:37 GMT
Advertising

കോഴിക്കോട്: ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾ ചർച്ചയാവുമ്പോൾ ബൽത്തങ്ങാടിയിൽ സ്‌കുൾ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ഓർമിച്ച് മുൻ കാസർകോട് എംപി പി.കരുണാകരൻ. ധർമസ്ഥലയിൽ നിന്ന് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെങ്കിലും ഇത്തരം സഭവങ്ങൾ ശരിയാകാനാണ് സാധ്യതയെന്നാണ് കരുണാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

താൻ എംപിയായിരിക്കുമ്പോൾ ബെൽത്തങ്ങാടി പോകാനുള്ള സന്ദർഭമുണ്ടായി. അവിടത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഒരു പെൺകുട്ടി കൊലചെയ്യപ്പെട്ട ദാരുണ സംഭവം അറിയിച്ചതിനെ തുടർന്നാണ് പോയത്. സ്‌കൂളിൽ നിന്നും ബസ്സിന് വരുന്ന കുട്ടി ടൗണിൽ ഇറങ്ങി വിജനമായ സ്ഥലത്ത് കൂടി രണ്ട് കിലോമീറ്റർ നടന്നിട്ടാണ് വീട്ടിൽ എത്തുക. വാഹനങ്ങൾ ഒന്നും തന്നെയില്ല. കുട്ടി ഒറ്റക്ക് നടന്ന് പോകുമ്പോഴാണ് ഒരു സംഘം ആളുകൾ കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

തങ്ങൾ ആ വീട്ടിൽ എത്തിയപ്പോൾ അച്ഛനും അമ്മക്കും സംസാരിക്കുവാൻ പോലും ഭയമായിരുന്നു. ധർമസ്ഥലയിൽ നൂറ് കണക്കിന് ഏക്കർ സ്ഥലം ഒരു കുടുംബത്തിന്റെ പേരിൽ മാത്രമാണ്. അവിടെയുള്ള കച്ചവടസ്ഥാപനങ്ങളും മറ്റ് ഓഫീസുകളും അവരുടെ നിയന്ത്രണത്തിൽ തന്നെ. സാക്ഷി പറയാൻ പോലും ആരും തയ്യാറാവില്ല. ബെൽത്തങ്ങാടിയിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടന്നു. വലിയൊരു പൊലീസ് സംഘം അവിടെ എത്തിയിരുന്നു, ഈ വിഷയം അന്ന് താൻ പാർലിമെന്റിൽ ഉന്നയിച്ചിരുന്നു. ബൃന്ദ കാരാട്ട് വീട് സന്ദർശിക്കുകയും നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പ്രതിഷേധം ശക്തിപ്പെട്ടപ്പോൾ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തില്ല. തെളിവില്ലെന്ന് പറഞ്ഞു കേസ് തള്ളുകയാണ് ചെയ്തത്. ഇങ്ങനെ എത്രയോ കേസുകൾ. ഭരണാധികാരികളും പൊലീസും ഇവർക്ക് പൂർണമായും പിന്തുണ നൽകും. അന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേര് സ്മിത എന്നാണ് ഓർമ. സംഭവം കഴിഞ്ഞ് പിറ്റേദിവസം തന്നെപ്രതികൾ സ്ഥലം വിട്ടിരുന്നുവെന്നാണ് അറിഞ്ഞത്. വാദിയും, പ്രതിയും പൊലീസും കോടതിയും സാക്ഷിയും എല്ലാം ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുക. ആത്മീയതയുടെ മുഖം മൂടിയും. നിഷ്പക്ഷമായി അന്വേഷിച്ചാൽ ഞെട്ടിപ്പിക്കുന്ന വിവരം കിട്ടും. ഒരു കേസുമില്ലാതെ എത്രയാ സംഭവങ്ങൾ ആരുറിയാതെ മാഞ്ഞുപോകുന്നു. നമ്മുടെ ജനാധിപത്യ നാട്ടിൽ സ്ത്രീകളും നിരപരാധികളും ക്രൂശിക്കപ്പടുകയാണെന്നും കരുണാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News