ധർമസ്ഥലയിൽ എൻഐഎ അന്വേഷണം അനിവാര്യം: പി.സന്തോഷ്‌കുമാർ. എംപി

ഇത്രയധികം ആരോപണം ഉയർന്നിട്ടും സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോ​ഗിക്കാത്തതിനെ എംപി വിമർശിച്ചു.

Update: 2025-07-19 16:05 GMT
Advertising

ധർമസ്ഥലയിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെയും കൂട്ട ശവസംസ്‌കാരങ്ങളുടെയും പശ്ചാത്തലത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പി.സന്തോഷ് കുമാർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു. കർണാടകയിലെ ധർമസ്ഥല നഗരത്തിലുണ്ടായിട്ടുള്ള ക്രൂരവും സംശയാസ്പദവുമായ കൊലപാതക പരമ്പരകളെക്കുറിച്ചും പ്രത്യേകിച്ച് സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള അതിക്രമങ്ങൾക്കിടയിൽ കണ്ടെത്തിയ കൂട്ട ശവസംസ്‌കാരങ്ങളെ കുറിച്ചും ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയുടെ അടിയന്തരവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ധർമസ്ഥലയും ചുറ്റുമുള്ള പ്രദേശങ്ങളെയും കുറിച്ച് കഴിഞ്ഞ പത്ത് വർഷമായി നടക്കുന്ന പല കുറ്റകൃത്യങ്ങളും അപൂർവമല്ലെന്നും മറിച്ച് നിഗൂഢമായ കൊലപാതകങ്ങളുടെ പരമ്പര തന്നെ നിലനിൽക്കുന്നുണ്ടെന്ന ഭീതിജനകവും ഗൗരവതരവുമായ സൂചനകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌കൂൾ ടീച്ചർ വേദവല്ലി എന്നയാളെ നിയമപ്രശ്‌നത്തിൽ വിജയം നേടിയതിനെ തുടർന്ന് 1979-ൽ തീ കൊളുത്തി കൊന്നതും, വിദ്യാർത്ഥിനിയായ പദ്മലതയുടെ 1986ലെ തിരോധാനവും കൊലപാതകവും, മെഡിക്കൽ വിദ്യാർഥിനിയായ അനന്യ ഭട്ട് 2004-ൽ അപ്രത്യക്ഷമായതും, 2012ൽ നിലം പിടിച്ചെടുക്കാനുള്ള സമ്മർദങ്ങൾക്കെതിരെ നിലകൊണ്ട നാരായണൻ- യമുന ദമ്പതികളുടെ ഇരട്ടകൊലപാതകം, അതേവർഷം നടന്ന 17 വയസ്സുള്ള സൗജന്യ എന്ന കുട്ടിയുടെ പീഡനവും കൊലപാതകവും - ഇവയിൽ മാനസിക രോഗിയെന്ന പേരിൽ ഒരു നിരപരാധിയെ കുറ്റവാളിയാക്കി തടവിലാക്കിയതും കേസിന്റെ വിചാരണ തടസ്സപ്പെടുത്താൻ ശ്രമിച്ചതും പ്രധാന സാക്ഷികൾ ദുരൂഹമായി മരിച്ചതിലും നിഗൂഢത നിലനിൽക്കുന്നുവെന്നും സന്തോഷ്‌കുമാർ പറഞ്ഞു.

ജനരോഷവും പരാതികളും ആവർത്തിച്ചിട്ടും സംസ്ഥാന സർക്കാർ ഇതുവരെ ഒരു വിശ്വസനീയമായ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടില്ല. അക്വിറ്റൽ റിവ്യൂ കമ്മിറ്റി എന്നത് അടിയന്തിരമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അതിന്റെ രൂപീകരണ നടപടികളും വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായി വളരെ ശക്തമായ സ്വാധീനം പുലർത്തുന്ന ശക്തികൾ അന്വേഷണത്തെ തടസപ്പെടുത്തുന്ന സാഹചര്യത്തിൽ, നിയമപരമായ, വിശ്വസനീയമായ അന്വേഷണത്തിനായി എൻഐഎ ക്ക് ഈ കേസ് കൈമാറേണ്ടത് അത്യാവശ്യമാണെന്നും എംപി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News