മീലാദ് മുബാറക് 1500-ാം വാർഷികം: അന്തർ ദേശീയ ഗ്രാന്റ് കോൺഫറൻസ് ദാറുസ്സുന്നയിൽ
വിവിധ വിദേശ രാജ്യങ്ങളിലെ പ്രതിനിധികളടക്കം 313 പണ്ഡിതന്മാർ സ്ഥിരാംഗങ്ങളായുള്ള പഠന ക്യാമ്പാണ് സമ്മേളനത്തിന്റെ മുഖ്യ ആകർഷണം.
മലപ്പുറം: മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേരി ദാറുസ്സുന്ന നടത്തി വരുന്ന മീലാദ് മുബാറക് 1500-ാം വാർഷികത്തിന്റെ വിവിധ പരിപാടികൾ സെപ്തംബർ 17,18,19 തീയതികളിൽ നടക്കുന്ന അന്തർ ദേശീയ ഗ്രാന്റ് കോൺഫറൻസോടെ സമാപിക്കും. വിവിധ വിദേശ രാജ്യങ്ങളിലെ പ്രതിനിധികളടക്കം 313 പണ്ഡിതന്മാർ സ്ഥിരാംഗങ്ങളായുള്ള പഠന ക്യാമ്പാണ് സമ്മേളനത്തിന്റെ മുഖ്യ ആകർഷണം. നാളിതുവരെ മുഹമ്മദ് നബിയുടെ ജീവിതത്തെയും വ്യക്തിത്വത്തെയും അപമാനിച്ചും അധിക്ഷേപിച്ചും വിമർശകരുന്നയിക്കുന്ന എല്ലാ ദുരാരോപണങ്ങൾക്കും ക്യാമ്പിൽ വിശദമറുപടികൾ നൽകും.
നിരന്തര പഠനത്തിലൂടെ തയ്യാറാക്കിയ എട്ട് ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ചർച്ചയുമാണ് ഒന്നാം ദിനം നടക്കുക. ഖുർആൻ, സുന്നത്ത് എന്നിവക്ക് പുറമെ തിരുവിവാഹ- കുടുംബ ജീവിതം, സൈനിക നീക്കങ്ങൾ, വൈയക്തിക വിമർശനങ്ങൾ തുടങ്ങിയവയിലും ചർച്ച നടക്കും. 18ന് നടക്കുന്ന പൊതുസമ്മേളനത്തോടെ പ്രബന്ധങ്ങൾ ലോകത്തിനു സമർപ്പിക്കുകയും ചെയ്യും. ദാറുസ്സുന്നയിൽ നിന്നും ദാറാനി സർട്ടിഫിക്കറ്റ് നേടിയവർക്കും, ബിരുദാനന്തര ബിരുദമായ എംഡി കോഴ്‌സ് പൂർത്തിയാക്കിയവർക്കുമുള്ള ബിരുദദാന സമ്മേളനം, പ്രവാസി സമ്മിറ്റ്, പൊതുസമ്മേളനം, സ്വലാത്ത് പ്രാർഥനാ സംഗമം, എന്നിവയും നടക്കും.
നേരത്തെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിൽ കുടുംബങ്ങൾ പങ്കെടുത്ത തിരുമധുരം കുടുംബ സംഗമങ്ങൾ, നബിയുടെ ജീവിതം അനാവരണം ചെയ്യുന്ന 63 തിരുചരിത പ്രഭാഷണങ്ങൾ, നബികുടുംബത്തിലെ 63 വയസ്സ് പൂർത്തിയായ സയ്യിദുമാരെ ആദരിക്കുന്ന 'സാദാത്താദരം', വള്ളത്തോൾ അടക്കം പ്രമുഖ മലയാള കവികൾ എഴുതിയ പ്രവാചക കവിതകളുടെ ആലാപനം, വസന്ത ഹർഷം എന്ന പേരിൽ പഴയ കാല മാപ്പിളപ്പാട്ടുകളുടെ പുനരാവിഷ്‌കാരം, വിവിധ വിഷയങ്ങളിൽ അക്കാദമിക് സമ്മിറ്റുകൾ എന്നിവ പൂർത്തിയായിട്ടുണ്ട്.
മലപ്പുറം മുനിസിപ്പൽ സമ്പൂർണ്ണ സ്വാഗത സംഘം സമ്മേളനം ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ഹുജ്ജത്തുൽ ഉലമാ മൗലാനാ എ. നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ചെയർമാൻ സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, പി. അലി അക്ബർ മൗലവി, ഇ പി അഷ്‌റഫ് ബാഖവി കാളികാവ്, യു.ജഅ്ഫർ അലി വഹബി, ശംസുദ്ദീൻ വഹബി ചുങ്കത്തറ, സി.ഹംസ വഹബി, റശീദലി വഹബി, മരുത അബ്ദുൽ ലത്തീഫ് മൗലവി, ശബീർ വഹബി, ഇ.കെ. അബ്ദുറശീദ് മുസ്‌ലിയാർ, സുഫിയാൻ മുഈനി, മുജീബ് വഹബി പുവ്വത്തിക്കൽ, അബ്ദുസ്സമദ് വഹബി പ്രസംഗിച്ചു.