' ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്കെങ്ങനെ ചോറ് തൊണ്ടയിൽ നിന്നിറങ്ങും'; ആഘോഷങ്ങളില്ലാതെ മലയാളത്തിന്‍റെ എഴുത്തമ്മക്ക് പിറന്നാൾ
അമേരിക്കയിൽനിന്ന് അനുജൻ ശ്രീധരൻ ടീച്ചറിന് പിറന്നാൾ ആശംസ നേർന്നിരുന്നു
കൊച്ചി: പിറന്നാൾ ദിനത്തിലും ഗസ്സയിലെ കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്ത് വേദനയിലായിരുന്നു മലയാളത്തിന്‍റെ എഴുത്തമ്മ. മലയാള മാസം ചിങ്ങത്തിലെ ഭരണിയിൽ ജനിച്ച ഡോ.എം. ലീലാവതിക്ക് വെള്ളിയാഴ്ചയായിരുന്നു 98 തികഞ്ഞത്. ജനനതിയതി നോക്കുകയാണെങ്കിൽ സെപ്തംബര്‍ 16നാണ് പിറന്നാൾ. 98ന്‍റെ നിറവിലും ആഘോഷമൊന്നും വേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് ടീച്ചര്‍.
''ഭക്ഷണത്തിനായി ഇരുന്ന് പാത്രവും നീട്ടിനൽക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക'' ആശംസകളുമായി എത്തിയവരോട് ലീലാവതി ടീച്ചര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
1927 സെപ്‌തംബർ 16ന് ഭരണി നക്ഷത്രത്തിൽ തൃശൂരിലെ കോട്ടപ്പടിയിലാണ് ജനനം. അമേരിക്കയിൽനിന്ന് അനുജൻ ശ്രീധരൻ ടീച്ചറിന് പിറന്നാൾ ആശംസ നേർന്നിരുന്നു. പിറന്നാൾ ആഘോഷം പതിവില്ലെങ്കിലും അടുപ്പമുള്ള ചിലരൊക്കെ ആശംസകളുമായി വീട്ടിലെത്താറുണ്ട്. എന്നാൽ, ഇത്തവണ വീട്ടിലേക്ക് വരാനിരുന്നവരെയും ടീച്ചര്‍ വിലക്കി. മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി വിവർത്തക ലീലാ സര്‍ക്കാര്‍ പതിവുപോലെ ടീച്ചറിന്‍റെ പ്രിയശിഷ്യ മുഖേന ഇത്തവണയും പൂക്കൾ കൊടുത്തയച്ചിരുന്നു. പിറന്നാൾ ആഘോഷങ്ങളില്ലെങ്കിലും എഴുത്തിന് അവധി കൊടുത്തില്ല ടീച്ചര്‍. കുസാറ്റിനുസമീപം പൈപ്പ്‌ലൈൻ റോഡിലെ വീട്ടിൽ ‘മഹാഭാരതം പുനരാഖ്യാനം’ കൃതി പൂർത്തിയാക്കാനുള്ള തിരക്കിലായിരുന്നു എഴുത്തമ്മ.