രാമപുരത്ത് ബിസിനസ് പങ്കാളി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്
കോട്ടയം: രാമപുരത്ത് ബിസിനസ് പങ്കാളി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ജ്വല്ലറി ഉടമ അശോകൻ മരിച്ചു.പ്രതിയായ മറ്റൊരു കടയുടമ തുളസീദാസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം.70 ശതമാനത്തിലേറെ പൊള്ളലേറ്റ അശോകൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഇതോടെ ഇന്നലെ അറസ്റ്റിലായ പ്രതി തുളസി ദാസിനെതിരെ കൊലക്കുറ്റം ചുമത്തും. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .
ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ കട തുറന്നതിനു പിന്നാലെ സ്ഥലത്ത് എത്തിയ പ്രതി തുളസീദാസ് കയ്യിൽ കരുതിയ പെട്രോൾ അശോകൻ്റെ ശരീരത്തിൽ ഒഴിച്ചു. തീ ആളിപ്പടർന്നതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത് . സംഭവത്തിനു പിന്നാലെ കടയിൽ നിന്നും ഇറങ്ങി ഓടിയ തുളസീദാസിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം സംബധിച്ച് കോടതിയിൽ കേസുണ്ട്. ഇതേ ചൊല്ലി കഴിഞ്ഞ ദിവസം വീണ്ടും തർക്കമുണ്ടായതായാണ് വിവരം.