Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: വിതുരയില്‍ കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ വിതുര ആശുപത്രിയില്‍ വച്ച് രോഗിയുമായ പോയ വാഹനം തടഞ്ഞെന്നാണ് ആരോപണം.
ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിലായ ബിനുവിനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിതുര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എത്രയും വേഗം രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ബിനുവുമായി മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെടുന്നതിനിടെ ആംബുലന്‍സ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ തടഞ്ഞു എന്നാണ് ബന്ധുക്കളുടെ ആരോപണം.
ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം ഉണ്ടായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ രോഗിയുമായി പോകുമ്പോള്‍ വാഹനം തടഞ്ഞിട്ടില്ല. കാലപ്പഴക്കം ചെന്ന ആംബുലന്‍സ് ആയിരുന്നു ആശുപത്രിയിലെത്.
ഇത് ഓടിക്കുന്നത് അപകടമുണ്ടാക്കും. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ വിതുര പോലീസില്‍ പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം.
അതേസമയം, വിതുരയിൽ കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഒ ആർ കേളു. മരിച്ച ബിനുവിന്റെ വീട് മന്ത്രി സന്ദർശിച്ചു. ആംബുലൻസ് തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് DYFI - ഉം AIYF -ഉം ആവശ്യപ്പെട്ടു.