വടുതലയില്‍ ദമ്പതികളെ തീകൊളുത്തിയത് വഴിയിൽ പിടിച്ചുനിർത്തി, പ്രതി ജീവനൊടുക്കിയത് സ്വന്തം വീട്ടില്‍
അയൽവാസികൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ്
കൊച്ചി: എറണാകുളം വടുതലയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി പ്രതി ആത്മഹത്യ ചെയ്തു. തീകൊളുത്തിയ പ്രതി വില്യംസിനെ വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊള്ളലേറ്റ ക്രിസ്റ്റഫർ, മേരി എന്നിവരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസികൾ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പ്രദേശവാസികൾ പറഞ്ഞു.
വടുതല ഗോൾഡൻ സ്ട്രീറ്റിനടുത്ത് ഇന്നലെ രാത്രി എട്ടുമണിക്കാണ് കൊലപാതകശ്രമം. സമീപത്തെ പള്ളിപ്പെരുന്നാൾ കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ക്രിസ്റ്റഫറിനെയും മേരിയെയും സംസാരിക്കാൻ എന്ന വ്യാജേന തടഞ്ഞുനിർത്തിയാണ് വില്യംസ് പെട്രോൾ ഒഴിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ക്രിസ്റ്റഫർ ഉടൻ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവർക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ക്രിസ്റ്റഫർ അതീവ ഗുരുതരാവസ്ഥയിലാണ്.
പ്രതി വില്യംസിനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിച്ചത് വില്യംസിന്റെ തന്നെ വീട്ടിൽ. ടിവി ഉച്ചത്തിൽ ഓൺ ചെയ്ത നിലയിലായിരുന്നു. പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ കതക് തുറന്ന് അകത്തു കടന്നുപോഴാണ് വില്യംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മാലിന്യം വീട്ടിലേക്ക് വലിച്ചെറിയുന്നതുള്‍പ്പെടെ വില്യംസ് സ്ഥിരം പ്രശ്‌നമുണ്ടായിരുന്നതായി ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു.