തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു
കാറ്ററിങിന് പോയി മടങ്ങി വരുന്ന സമയത്താണ് അപകടം നടന്നത്
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊട്ടി വീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. ഡിഗ്രി വിദ്യാര്‍ഥിയാണ് അക്ഷയ്.
കാറ്ററിങിന് പോയി മടങ്ങി വരുന്ന സമയത്താണ് അപകടം നടന്നത്. മൂന്ന് പേരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. അക്ഷയ് ആണ് ബൈക്ക് ഓടിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ പെയ്ത കനത്തമഴയിലും കാറ്റിലുമായി മരച്ചില്ല റോഡില്‍ വീണു കിടന്നിരുന്നു.ഇതിനോടൊപ്പം തന്നെ ഇലക്ട്രിക് പോസ്റ്റും ഉണ്ടായിരുന്നു.ബൈക്ക് മറിഞ്ഞപ്പോള്‍ അക്ഷയുടെ കാല്‍ ലൈനില്‍ തട്ടുകയും ഉടന്‍ തന്നെ ഷോക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. പിറകിലുണ്ടായിരുന്ന രണ്ടുപേര്‍ ഷോക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.
ശബ്ദം കേട്ടയുടനെ നാട്ടുകാരാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാർ തന്നെയാണ് കെഎസ്ഇബിയിൽ വിവരമറിയിച്ചത്.എന്നാൽ കെഎസ്ഇബി ഉദ്യോഗസ്ഥരാരും സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ഉപയോഗിച്ച് അക്ഷയുടെ മൃതദേഹം മാറ്റുകയായിരുന്നു. ആംബുലൻസ് കാത്തുനിന്നെങ്കിലും അതും കിട്ടിയില്ല.തുടർന്ന് കാറിലാണ് അക്ഷയെ ആശുപത്രിയിലെത്തിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് അക്ഷയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.