Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ഗവർണർമാരുടെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനായി അയച്ചതോ പരിഗണനക്കായി മാറ്റിവച്ചതോ ആയ സംസ്ഥാനങ്ങളുടെ ബില്ലുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതിക്ക് സമയപരിധികൾ 'ഏർപ്പെടുത്താനും' അവരുടെ പെരുമാറ്റരീതി നിർദേശിക്കാനും കഴിയുമോ എന്ന് ചോദ്യം ചെയ്യുന്ന രാഷ്ട്രപതിയുടെ റെഫറൻസ് ജൂലൈ 22 ന് സുപ്രിം കോടതി കേൾക്കും. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി.എസ് നരസിംഹ, എ.എസ് ചന്ദൂർക്കർ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഭരണഘടനയുടെ ആർട്ടിക്കിൾ 200 (സംസ്ഥാന ബില്ലുകൾക്ക് ഗവർണർമാർ അനുമതി നൽകുന്ന പ്രക്രിയ), 201 (ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്കായി ഗവർണർമാർ നീക്കിവക്കുന്നത്) എന്നിവ പ്രകാരം സംസ്ഥാനങ്ങളുടെ ബില്ലുകളുടെ മുകളിൽ രാഷ്ട്രപതിയും ഗവർണർമാരും എത്ര സമയം, എങ്ങനെ പ്രവർത്തിക്കണമെന്ന് ജുഡീഷ്യൽ ഉത്തരവുകൾക്ക് നിർദേശിക്കാൻ കഴിയുമോ എന്ന രാഷ്ട്രപതിയുടെ റെഫറൻസ് പരിഗണിച്ച് കൊണ്ടാണ് കോടതി വാദം കേൾക്കുക.
'നിലവിൽ ഈ വിഷയത്തിൽ ഭരണഘടനാപരമായി നിശ്ചയിച്ചിട്ടുള്ള സമയപരിധിയോ അധികാരങ്ങൾ വിനിയോഗിക്കുന്ന രീതിയോ ഇല്ലാത്ത സാഹചര്യത്തിൽ ജുഡീഷ്യൽ ഉത്തരവുകൾ വഴി സമയപരിധി നിശ്ചയിക്കാനും അധികാരങ്ങൾ വിനിയോഗിക്കുന്ന രീതി നിർദേശിക്കാനും കഴിയുമോ? ആർട്ടിക്കിൾ 201 പ്രകാരം രാഷ്ട്രപതിക്ക് അധികാരങ്ങൾ വിനിയോഗിക്കുന്നതിനുള്ള സമയപരിധി ജുഡീഷ്യൽ ഉത്തരവുകൾക്ക് നിശ്ചയിക്കാൻ കഴിയുമോ?' എന്നതായിരുന്നു രാഷ്ട്രപതിയുടെ റെഫറൻസ്.
തമിഴ്നാട് പാർലമെന്റ് പാസാക്കിയ 10 ബില്ലുകൾ പാസാക്കുന്നതിൽ സംസ്ഥാന ഗവർണർ വരുത്തിയ കാലതാമസത്തെയും തുടർന്ന് അവ രാഷ്ട്രപതിയുടെ പരിഗണനക്കായി മാറ്റിവെക്കാനുള്ള അദേഹത്തിന്റെ നടപടിയെയും ചോദ്യം ചെയ്ത് തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹരജിയിൽ ഏപ്രിൽ 8ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിൽ നിന്നാണ് കോടതിയുടെ ഉപദേശക അധികാരപരിധിയിൽ വ്യക്തത തേടാനുള്ള രാഷ്ട്രപതിയുടെ നീക്കം. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് രണ്ടംഗ ബെഞ്ച് വിധിച്ചിരുന്നു.