Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ബെംഗളൂരു: പത്തുവര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിരവധി സ്ത്രീകളെ കുഴിച്ചിടാന്‍ സഹായിച്ചെന്ന ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കങ്ങളിലേക്കാണ് നയിച്ചത്. ക്രൂരമായ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ മൃതദേഹമാണ് ധര്‍മസ്ഥലയില്‍ ഭീഷണിയെ തുടര്‍ന്ന് താന്‍ കുഴിച്ചിട്ടത് എന്നായിരുന്നു ശുചീകരണ തൊഴിലാളി വ്യക്തമാക്കിയത്.
2012 ല്‍ കൊല്ലപ്പെട്ട സൗജന്യയുടെ മാതാവ് കുസുമതി തന്റെ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് മീഡിയവണുമായി പങ്കുവെച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ മഞ്ജുനാഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളാണെന്നാണ് ഇവരുടെ ആരോപണം.
ക്രൂരമായ കുറ്റകൃത്യങ്ങളുടെ പരമ്പരയുടെ അവസാന ഇരയാണ് സൗജന്യ. 2012 ലാണ് സൗജന്യയെ കാണാതാകുന്നത്. കോളജില്‍ നിന്ന് മടങ്ങവെ ബസ്‌റ്റോപ്പില്‍ നിന്നാണ് സൗജന്യയെ കാണാതാകുന്നത്. വാഹനത്തിലെത്തിയ ഒരു സംഘം സൗജന്യയെ തട്ടികൊണ്ടുപോവുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
എന്നാല്‍ ഈ മൊഴികളൊന്നും പൊലീസ് കാര്യമാക്കി എടുത്തില്ലെന്നാണ് ആരോപണം. തൊട്ടടുത്ത ദിവസം മന്നസംഘ ഫോറസ്റ്റ് എന്ന സ്ഥലത്ത് വെച്ചാണ് പെണ്‍കുട്ടിയുടെ നഗ്‌നമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ മനോരോഗിയായ ഒരു യുവാവിനെയാണ് പൊലീസ് പ്രതിചേര്‍ത്തത്. എന്നാല്‍ തെളിവില്ലെന്ന് കണ്ട് ഇയാളെ കോടതി വിട്ടയച്ചു.
മഞ്ജുനാഥ ക്ഷേത്ര ട്രസ്റ്റുമായി പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെട്ട അഞ്ചുപേരാണ് പ്രതിയെന്ന് കാണിച്ച് യുവാവിനെ പൊലീസിന് മുന്നില്‍ ഹാജരാക്കിയത്. അന്നുമുതല്‍ സംഭവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും പൊലീസ് ഇവ പരിഗണിച്ചില്ല. സൗജന്യയുടെ കൂട്ടുകാരിയെയായിരുന്നു ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ ലക്ഷ്യമിട്ടത് എന്നാണ് മറ്റൊരു ആരോപണം.
ഈ പെണ്‍കുട്ടിയുടെ പിതാവുമായി ക്ഷേത്ര ട്രസ്റ്റിയിലുളളവര്‍ക്ക് പ്രശ്‌നമുണ്ടായിരുന്നു. ആളു മാറിയാണ് സൗജന്യയെ തട്ടികൊണ്ടുപോയത് എന്നാണ് വെളിപ്പെടുത്തല്‍. നിയമപരമായി അര്‍ഹിക്കുന്ന നീതി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സൗജന്യയുടെ മരണത്തിന് ശേഷം ധര്‍മസ്ഥല പരിസരത്ത് പിന്നീട് മൃതദേഹങ്ങള്‍ കണ്ടില്ലെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.
അതേസമയം, ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവ് ചെയ്തെന്ന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എസ്.ഐ.ടി രൂപീകരിച്ച് കര്‍ണാടക ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. ഐജി, എം.എന്‍ അനുചേത്, ഡിസിപി സൗമ്യലത, എസ്,പി ജിതേന്ദ്രകുമാര്‍ ദായം എന്നിവരും സംഘത്തില്‍.
വലിയ കോളിളക്കങ്ങള്‍ ഉണ്ടായിട്ടും എസ് ഐ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുതിര്‍ന്ന അഭിഭാഷകരുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് എസ് ഐ ടി വേണമെന്ന് നിവേദനം നല്‍കിയിരുന്നു. വന്‍ രാഷ്ട്രീയ സ്വാധിനമുള്ള വ്യക്തികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തെന്നാണ് പരാതി. പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറിയിരിക്കുന്നത്.