ഇന്ത്യയുടെ ഭൂതകാലത്തെയും രാഷ്ട്രീയത്തെയും പുനർവിചിന്തനം ചെയ്യാൻ സഹായിക്കും; വായിച്ചിരിക്കേണ്ട രണ്ടു പുസ്തകങ്ങളെക്കുറിച്ച് ജാവേദ് അക്തർ

ചരിത്രത്തെ വളച്ചൊടിക്കുന്ന, അല്ലെങ്കിൽ തിരുത്തി എഴുതുന്ന രാഷ്ട്രീയ സാഹചര്യം രാജ്യത്ത് നിലനിൽക്കെ ജാവേദ് അക്തർ പ്രിയപ്പെട്ടതെന്ന് പറഞ്ഞ പുസ്തകങ്ങൾ വായിക്കപ്പെടേണ്ടതു തന്നെയാണ്

Update: 2025-08-06 08:11 GMT

ഇന്ത്യയിലെ പ്രമുഖ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ അടുത്തിടെ ഒരു അഭിമുഖത്തിൽ തനിക്കേറെ പ്രിയപ്പെട്ട രണ്ടുപുസ്തകങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് തന്നെ ഏറെ സ്വാധീനിച്ച രണ്ട് പുസ്തകങ്ങളെക്കുറിച്ച് ജാവേദ് വെളിപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ജാവേദ് നടത്തുന്ന ഇടപെടലുകളിൽ ഈ പുസ്തകങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. ചരിത്രത്തെ വളച്ചൊടിക്കുന്ന, അല്ലെങ്കിൽ തിരുത്തി എഴുതുന്ന രാഷ്ട്രീയ സാഹചര്യം രാജ്യത്ത് നിലനിൽക്കെ ജാവേദ് അക്തർ പ്രിയപ്പെട്ടതെന്ന് പറഞ്ഞ പുസ്തകങ്ങൾ വായിക്കപ്പെടേണ്ടതു തന്നെയാണ്. ഷംസുൽ ഇസ്‌ലാമിന്റെ 'മുസ്‌ലിംസ് എഗൈൻസ്റ്റ് പാർടീഷൻ', അരുൺ ഷൂറിയുടെ 'ദ ന്യൂ ഐകൺ: സവർക്കർ ആന്റ് ദ ഫാക്ട്‌സ്' എന്നിവയാണ് ജാവേദ് അക്തർ പറഞ്ഞ പുസ്തകങ്ങൾ.

Advertising
Advertising

വിഭജനത്തെ എതിർത്ത മുസ്‌ലിം നേതാക്കളുടെ ചരിത്രം പറയുന്നതാണ് ഷംസുൽ ഇസ്‌ലാമിന്റെ പുസ്തകമെങ്കിൽ വിഡി സവർക്കറിന്റെ ഹിന്ദുത്വ നിലപാടുകളെ നിശിതമായി വിമർശിക്കുന്നതാണ് അരുൺ ഷൂറിയുടെ പുസ്തകം.

മുസ്‌ലിംസ് എഗൈൻസ്റ്റ് പാർടീഷൻ ഓഫ് ഇന്ത്യ - ഷംസുൽ ഇസ്‌ലാം

1947ൽ പാകിസ്താൻ രൂപീകരണത്തെ എതിർത്ത വലിയൊരു വിഭാഗം മുസ്‌ലിംകളുടെയും സംഘടനകളുടെ വിസ്മരിക്കപ്പെട്ട ചരിത്രത്തെ വീണ്ടും വെളിച്ചത്തേക്ക് കൊണ്ടുവരുന്നതാണ് ഷംസുൽ ഇസ്‌ലാമിന്റെ കൃതി. വിഭജനമെന്നത് മുഴുവൻ മുസ്‌ലിംകളും ഐക്യകണ്‌ഠേന ആവശ്യപ്പെട്ടതാണെന്ന മുഖ്യധാരാ ആഖ്യാനത്തെ ഈ പുസ്തകം വെല്ലുവിളിക്കുന്നു. ശേഖരിക്കപ്പെട്ട രേഖകൾ, ഉറുദു കവിതകൾ, രാഷ്ട്രീയ പ്രസ്താവനകൾ എന്നിവയുടെ പിൻബലത്തിൽ വളരെ സ്പഷ്ടമായി തന്നെ തന്റെ വാദം സമർഥിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.

ഇന്ത്യയെ രണ്ടായി പിളർക്കുന്നതിനെതിരെ വിവിധ നേതാക്കളും സംഘങ്ങളും നടത്തിയ ശ്രമങ്ങളെ പുസ്തകം വ്യക്തമായി അടയാളപ്പെടുത്തുന്നു. 1857ലെ സ്വാതന്ത്ര്യ സമരം, 1940ലെ ആസാദ് മുസ്‌ലിം സമ്മേളനം തുടങ്ങിയ സുപ്രധാന സംഭവങ്ങളെയും പുസ്തകത്തിലൂടെ പുനരവലോകനം ചെയ്യുന്നു. ഇതുവഴി കൊളോണിയൽ നയങ്ങളും പ്രബലമായ വർഗീയ രാഷ്ട്രീയവും മനപൂർവം മാറ്റി നിർത്തിയ മതേതര മുസ്‌ലിം ദേശീയതയുടെ തെളിവുകൾ നിരത്തുകയാണ് എഴുത്തുകാരൻ.

നാഷണൽ അർകൈവ്‌സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള അപൂർവമായ ചിത്രങ്ങളും വസ്തുകളും ഉൾപ്പെടുത്തിയാണ് പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇവ സാതന്ത്ര്യ സമരത്തിന്റെ സൂക്ഷ്മമായ പുനർ വിചിന്തനത്തിന് അടിത്തറ പാകുന്നതാണ്. 

ദ ന്യൂ ഐക്കൺ; സവർക്കർ ആന്റ് ദ ഫാക്ട്‌സ് - അരുൺ ഷൂറി

ഇന്ത്യയുടെ ദേശീയ ചരിത്രത്തിലെ വിവാദ വ്യക്തികളിലൊരാളായ വിനായക് ദാമോദർ സവർക്കറിന്റെ ജീവിത്തെക്കുറിച്ചുള്ള അന്വേഷണമാണ് അരുൺ ഷൂറിയുടെ 'ദ ന്യൂ ഐക്കൺ; സവർക്കർ ആന്റ് ദ ഫാക്ട്‌സ്'. സവർക്കറുടെ എഴുത്തുകൾ, പ്രസ്താവനകൾ, പ്രവർത്തികൾ, ബ്രിട്ടീഷ് ഗവൺമെന്റ് രേഖകൾ എന്നിവ ഇഴകീറി പരിശോധിച്ച് സവർക്കറെക്കുറിച്ചുള്ള ചോദ്യങ്ങളുടെയും മിത്തുകളുടെയും സത്യാവസ്ഥ തേടുകയാണ് ഷൂറി തന്റെ കൃതിയിലൂടെ.

മർസെയിലസിലെ സവർക്കറിന്റെ രക്ഷപ്പെടൽ, മഹാത്മാഗാന്ധിയുമായുള്ള സൗഹൃദം, ആൻഡമാനിലെ തടവിൽ കഴിയുമ്പോൾ നൽകിയ വിവാദ ദയാ ഹരജി, തുടങ്ങിയ വാദങ്ങളെ പുസ്തകത്തിലൂടെ പരിശോധിക്കുന്നു. സവർക്കറിന്റെ ഹിന്ദുത്വ, ഹിന്ദു മതം, വിഭാവനം ചെയ്തിരുന്ന രാഷ്ട്രം തുടങ്ങിയ പ്രത്യയശാസ്ത്ര നിലപാടുകളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

സ്വാതന്ത്ര്യ സമരത്തിലെ സവർക്കറിന്റെ പങ്കിനെക്കുറിച്ച് മൂർച്ചയുള്ള വിശകലനത്തിലൂടെയും ചരിത്രകാരന്റെ സംശയത്തോടും കൂടിയാണ് ഷൂറി സമീപിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരുമായുള്ള സവർക്കറിന്റെ സഹകരണം, നിലവിലെ രാഷ്ട്രീയ ആഖ്യാനങ്ങളിൽ സവർക്കറിനുള്ള സ്വാധീനം തുടങ്ങിയവയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നതാണ് ഈ കൃതി. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സഹകരണത്തോടെ സവർക്കറിനെ രാഷ്ട്രീയ പരിഷ്‌കർത്താവായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലത്ത് വസ്തുതകളെ ഫിക്ഷനിൽ നിന്നും വേർപ്പെടുത്താനുള്ള ശ്രമമാണ് തന്റെ പുസ്തകത്തിലൂടെ എഴുത്തുകാരൻ നടത്തുന്നത്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News