‘അസ്ഥിയെങ്കിലും കണ്ടെത്തി തരൂ,അന്ത്യ കർമ്മങ്ങൾ ചെയ്തോട്ടെ’; ധർമ്മസ്ഥലയിൽ കാണാതായ മെഡിക്കൽ വിദ്യാർഥിനിയുടെ മാതാവ്

2003 ൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ധർമ്മസ്ഥല ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് കാണാതായതെന്ന് സുജാത പരാതിയിൽ പറഞ്ഞു

Update: 2025-07-16 06:29 GMT
Advertising

മംഗളൂരു: ധർമ്മസ്ഥല സന്ദർശനത്തിനിടെ ദുരൂഹമായി കാണാതായ മെഡിക്കൽ വിദ്യാർഥിനിയുടെ മാതാവ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ കുമാറിന്റെ മുന്നിലെത്തി.മണിപ്പാൽ മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ടാണ് (60) അഡ്വ.എൻ.മഞ്ചുനാഥ് മുഖേന എസ്പിയെ സന്ദർശിച്ചത്.

ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ താൻ  നിർബന്ധിതമായി കുഴിച്ചു മൂടി എന്നശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അറിഞ്ഞാണ് സുജാത നീതി തേടി എത്തിയത്. 

എസ്പിയുടെ നിർദേശപ്രകാരം അവർ ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ സമർത്ത് ആർ. ഗാനിഗറിന് പരാതി നൽകി. 20 വയസായിരുന്ന അനന്യ ഭട്ടിനെ 2003 ൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ധർമ്മസ്ഥല ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് കാണാതായതെന്ന് സുജാത പരാതിയിൽ പറഞ്ഞു. താൻ കൊൽക്കത്തയിൽ ജോലി ചെയ്യുകയായിരുന്ന ആ കാലം മകളെ കാണാതായത് സംബന്ധിച്ച് പരാതിപ്പെടാൻ ചെന്നപ്പോഴത്തെ അനുഭവം ഉണർത്തുന്ന ഭീതി കാരണം കൃത്യമായ വിലാസം വെളിപ്പെടുത്താൻ പോലും മടിയാണിപ്പോൾ.

22 വർഷമായി മകൾ എവിടെ, എന്ത് സംഭവിച്ചു എന്ന് കുടുംബത്തിന് ഒരു വിവരവും ലഭിച്ചില്ല.‘ആരെയും കുറ്റപ്പെടുത്താനല്ല ഞാൻ ഇവിടെ വന്നത്. എന്റെ മകളുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയാൽ, ശരിയായ ഡിഎൻഎ പരിശോധനക്ക് ശേഷം എനിക്ക് കൈമാറണം. ഹിന്ദു ആചാരങ്ങൾക്കനുസൃതമായി മാന്യമായ അന്ത്യകർമങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് മറ്റൊന്നും വേണ്ട. സുജാത ഭട്ട് മംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ പരാതി രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് ഉറപ്പുനൽകി.

അതേസമയം, രണ്ട് പതിറ്റാണ്ടുകളായി ധർമ്മസ്ഥലയിൽ നടന്ന തിരോധാനങ്ങൾ, അസ്വഭാവിക മരണങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപവത്കരിക്കണമെന്ന് കർണാടക സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ദക്ഷിണ കന്നട ജില്ലയിലെ ധർമ്മസ്ഥല ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. സമീപകാല മാധ്യമ റിപ്പോർട്ടുകളും നൂറുകണക്കിന് മൃതദേഹങ്ങൾ പ്രദേശത്ത് കുഴിച്ചിട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട ഒരു വ്യക്തി കോടതിയിൽ നടത്തിയ പ്രസ്താവനയും ഉദ്ധരിച്ച്, ചൗധരി നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെി.

മാധ്യമ റിപ്പോർട്ടുകൾ കമ്മീഷൻ ഗൗരവമായി എടുത്തിട്ടുണ്ട്. അതിൽ മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തുവെന്ന അവകാശവാദങ്ങളും ഉൾപ്പെടുന്നു. കാണാതായ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കുടുംബവും ആശങ്കകൾ ഉന്നയിച്ച് രംഗത്തെത്തി. ഈ വെളിപ്പെടുത്തലുകൾ സ്ത്രീകളും വിദ്യാർത്ഥികളുടെയും കൊലപാതകം, ബലാത്സംഗം എന്നിവയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൗധരി പറഞ്ഞു. കാണാതായവരെ സംബന്ധിച്ച് നിരവധി കുടുംബങ്ങൾ മുമ്പ് പൊലീസിനെ സമീപിച്ചിരുന്നു, എന്നാൽ പലർക്കും അധികൃതരിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും നാഗലക്ഷ്മി ചൗധരി പറഞ്ഞു.

‘സ്ത്രീകളെ കാണാതായതിനെക്കുറിച്ചോ അസ്വാഭാവിക മരണങ്ങളെക്കുറിച്ചോ കുടുംബങ്ങൾ പരാതികൾ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ നിഷ്ക്രിയമായാണ് ഇടപെടുന്നതെന്നും ആരോപണമുണ്ട്. ആരോപണങ്ങളുടെ ഗൗരവമേറിയ സ്വഭാവവും ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന കുറ്റകൃത്യങ്ങളുടെ സാധ്യതയും കണക്കിലെടുത്ത്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം. കഴിഞ്ഞ 20 വർഷത്തിനിടെ ധർമ്മസ്ഥല മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീകളെയും വിദ്യാർത്ഥികളെയും കാണാതായ കേസുകൾ, അസ്വാഭാവിക മരണങ്ങൾ, കൊലപാതകങ്ങൾ, ലൈംഗികാതിക്രമ സംഭവങ്ങൾ എന്നിവയിൽ സമഗ്രവും പക്ഷപാതപരവുമായ അന്വേഷണം നടത്താൻ ഒരു ഉന്നതതല എസ്‌ഐടി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ധർമസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെ ശവസംസ്കാര കേസുമായി ബന്ധപ്പെട്ട് എഐ ഉപയോഗിച്ച് നിർമിച്ച വീഡിയോയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പൊതുജനങ്ങളിൽ പ്രകോപനം സൃഷ്ടിച്ചുവെന്നാരോപിച്ച് പ്രശസ്ത യൂട്യൂബർ സമീർ എംഡിക്കെതിരെ ധർമസ്ഥല പൊലീസ് കേസെടുത്തിരുന്നു.  വീഡിയോയിൽ പരാതിക്കാരനായ സാക്ഷി ഔദ്യോഗിക പരാതിയിലും കോടതിയിലും നൽകിയതല്ലാത്ത കെട്ടിച്ചമച്ച വിശദാംശങ്ങൾ ഉൾപ്പെടുന്നുവെന്ന് ദക്ഷിണ കന്നട ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. അരുൺ കുമാർ പറഞ്ഞു. ഈ വീഡിയോ യൂട്യൂബിൽ പ്രചരിപ്പിച്ചിട്ടുണ്ട്. വീഡിയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക മാത്രമല്ല സാക്ഷിയായ പരാതിക്കാരനെക്കുറിച്ചുള്ള കൂടുതൽ ഉള്ളടക്കങ്ങൾ വെളിപ്പെടുത്തുകയും ചെയ്തുവെന്നും എസ്പി പറഞ്ഞു.

സമീർ എം.ഡിക്കെതിരെ ബി.എൻ.എസ് 192, 240, 353 (1) (ബി) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത്. സമീറിനെതിരെ നേരത്തെയും പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ധർമസ്ഥലയിൽ 2012 ഒക്ടോബറിൽ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള വീഡിയോ അപ്‌ലോഡ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു അത്. മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു അന്നും ചുമത്തിയ കുറ്റം. അന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 14 ദശലക്ഷം പേർ 39 മിനിറ്റ് ദൈർഘ്യമുള്ള ആ വീഡിയോ കണ്ടിരുന്നു.


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News