'വേഷം മാറി ഇന്ത്യയിലെത്തിയ ഇസ്രായേൽ വിദേശകാര്യ മന്ത്രി, അന്ന്, മൊറാർജി ദേശായിയേയും വാജ്‌പേയിയേയും കണ്ടു': വെളിപ്പെടുത്തലുമായി പുസ്തകം
അഭിഷേക് ചൗധരിയെഴുതിയ ‘ബിലീവേഴ്സ് ഡിലെമ: വാജ്പേയി ആൻഡ് ദ് ഹിന്ദു റൈറ്റ്സ് പാത്ത് ടു പവർ’ എന്ന പുസ്തകത്തിലാണ് ഈ വിവരമുള്ളത്
ന്യൂഡല്‍ഹി: 1977ൽ ഇസ്രായേൽ വിദേശകാര്യ മന്ത്രിയായിരുന്ന മോഷെ ദയാൻ, പ്രധാനമന്ത്രി മൊറാർജി ദേശായിയെയും വിദേശകാര്യ മന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയിയെയും കാണാൻ രഹസ്യമായി ഇന്ത്യയിലെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
മാധ്യമപ്രവര്‍ത്തകനായ അഭിഷേക് ചൗധരിയെഴുതിയ ‘ബിലീവേഴ്സ് ഡിലെമ: വാജ്പേയി ആൻഡ് ദ് ഹിന്ദു റൈറ്റ്സ് പാത്ത് ടു പവർ’ എന്ന പുസ്തകത്തിലാണ് ഈ വിവരമുള്ളത്. വ്യാജ പേരിലായിരുന്നു മോഷെ ദയാനിന്റെ സന്ദര്‍ശനമെന്നും എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുക എന്ന അദ്ദേഹത്തിന്റെ സന്ദര്‍ശനലക്ഷ്യം പരാജയപ്പെട്ടുവെന്നും പുസ്തകം പറയുന്നു.
ശ്രമം പരാജയപ്പെട്ടതിനാല്‍ വെറുംകയ്യോടെയാണ് ഇസ്രായേലി മന്ത്രി മടങ്ങിയത്. ഇതിന്റെ നിരാശയില്‍ ഇന്ത്യ നല്‍കിയ പുരാതന വെള്ളിപാത്രമടങ്ങിയ സമ്മാനങ്ങളടക്കം അദ്ദേഹം വേണ്ടെന്ന് വെച്ചു. ഇന്ത്യയുടെ ദാരിദ്ര്യത്തെ പരിഹസിച്ചും, ഭരണാധികാരികളുടെ ഭീരുത്വത്തെ ശപിച്ചുമെക്കെയാണ് അദ്ദേഹം ഇന്ത്യ വിട്ടത്. ഇന്ത്യ-ഇസ്രായേൽ ബന്ധത്തിലെ അത്ര അറിയപ്പെടാത്ത ഒരു സംഭവമാണ് പുസ്തകത്തിലൂടെ അഭിഷേക് ചൗധരി തുറന്നുകാട്ടുന്നത്.
ജനതാ ഗവൺമെന്റിന്റെ എല്ലാ ആശിര്‍വാദങ്ങളുണ്ടായിരുന്നിട്ടും ഇന്ത്യയുടെ വിദേശനയം പരിഷ്കരിക്കാനുള്ള അധികാരമോ ആത്മവിശ്വാസമോ അവർക്കില്ലായിരുന്നു എന്നതിന്റെ സൂചനയായാണ് സംഭവത്തെ എഴുത്തുകാരന്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇസ്രായേല്‍ വിദേശകാര്യമന്ത്രി മോഷെ ദയാന്റെ ഇന്ത്യാ സന്ദർശനം അതീവ രഹസ്യമാക്കിവെക്കാന്‍ കാരണം അത് പരസ്യമാക്കിയാൽ ജനതാ സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുമെന്ന് ദേശായി ഭയപ്പെട്ടത് കൊണ്ടാണ്. ആഡംബരങ്ങളൊന്നും ഇല്ലാത്ത ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ഭവനത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നിരുന്നത്. മോഷെ ദയാൻ വന്നിറങ്ങിയ ശേഷമാണ് വാജ്പേയ് പോലും അക്കാര്യം അറിയുന്നത്. വിദേശകാര്യ സെക്രട്ടറിയായിരുന്ന ജഗത് മേത്തയെ പോലും സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്നും പുസ്തകത്തില്‍ പറയുന്നു.
''ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരം, കൂടിക്കാഴ്ച അതീവ രഹസ്യമായി സൂക്ഷിച്ചു. മറ്റൊരു കാബിനറ്റ് മന്ത്രിക്കോ, വിദേശകാര്യ സെക്രട്ടറി മേത്തയ്ക്ക് പോലും ഒരു സൂചന പോലും ലഭിച്ചില്ല. ദയാന്റെ സന്ദർശന വാർത്ത പരസ്യമായാൽ ജനതാ സർക്കാർ തകരുമെന്ന് മൊറാർജി ദേശായി കരുതി''-പുസ്തകം പറയുന്നു. ഇരുണ്ട കണ്ണടയും വലിയ വൈക്കോൽ തൊപ്പിയും ധരിച്ച് വേഷംമാറിയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇന്ത്യയും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പുസ്തകത്തിലൂടെ അഭിഷേക് ബാനര്‍ജി പറയുന്നു.