എംഎൽഎ സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച് പഞ്ചാബ് എഎപിയുടെ അൻമോൾ ഗഗൻ മാൻ; രാജിപ്രഖ്യാപനം കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ
ഖരാറിൽ നിന്നുള്ള എംഎൽഎയായ അൻമോൾ ഗഗൻ, പഞ്ചാബ് നിയമസഭാ സ്പീക്കർ കുൽത്താർ സിംഗ് സന്ധ്വാന് രാജി സമർപ്പിക്കുകയായിരുന്നു.
ചണ്ഡീഗഡ്: ആം ആദ്മി പാർട്ടി (എഎപി) നേതാവും ഗായികയുമായ അൻമോൾ ഗഗൻ മാൻ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഖരാറിൽ നിന്നുള്ള എംഎൽഎയായ അൻമോൾ ഗഗൻ, പഞ്ചാബ് നിയമസഭാ സ്പീക്കർ കുൽത്താർ സിംഗ് സന്ധ്വാന് രാജി സമർപ്പിക്കുകയായിരുന്നു.
'' എന്റെ ഹൃദയം ഭാരമുള്ളതാണ്, എംഎൽഎ സ്ഥാനത്തു നിന്നുള്ള എന്റെ രാജി സ്പീക്കർ അംഗീകരിക്കണം''- എക്സിലെഴുതിയ കുറിപ്പില്‍ അൻമോൾ വ്യക്തമാക്കി. പാർട്ടിക്ക് ആശംസകള്‍ നേര്‍ന്ന അൻമോൾ ഗഗൻ, പഞ്ചാബ് സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.
2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഖരാർ സീറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അൻമോൾ ഗഗൻ, ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ മന്ത്രിയായി കുറച്ചുകാലം സേവനമനുഷ്ഠിച്ചിരുന്നു. ടൂറിസം, തൊഴിൽ, തുടങ്ങിയ പ്രധാന വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ 2024 സെപ്റ്റംബറിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ഇവരെ ഒഴിവാക്കിയിരുന്നു.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, ജനപ്രിയ പഞ്ചാബി ഗായികയായിരുന്നു അൻമോൾ ഗഗൻ മാൻ. 2020 ജൂലൈയിലാണ് അവർ ആം ആദ്മി പാർട്ടിയിൽ ചേർന്നത്. പിന്നാലെ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി നിയമിതയായി. അതേസമയം രാജിക്ക് മൂന്ന് ദിവസം മുമ്പ്, ആം ആദ്മി ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. എന്താണ് രാജിക്ക് പിന്നിലെന്ന് അൻമോളോ മറ്റു എഎപി നേതാക്കളോ വ്യക്തമാക്കിയിട്ടില്ല.