ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ അഞ്ച് മുതൽ 16 വരെ
കവി സച്ചിദാനന്ദൻ അതിഥി, 118 രാജ്യങ്ങളിൽ നിന്ന് 2350 പ്രസാധകർ
ഷാർജ: അക്ഷരപ്രേമികൾ കാത്തിരിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് അടുത്തമാസം അഞ്ചിന് തുടക്കമാകും. ഇന്ത്യയിൽ നിന്ന് കവി കെ. സച്ചിദാനന്ദൻ അതിഥിയായി മേളയിൽ എത്തും. ഗ്രീസാണ് ഈവർഷത്തെ അതിഥി രാജ്യം. മാലി, നൈജീരിയ, അങ്കോള തുടങ്ങി പത്ത് രാജ്യങ്ങൾ ആദ്യമായി ഷാർജ പുസ്തകമേളയിൽ പങ്കെടുക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി 750 ശിൽപ്പശാലകൾ നടക്കും, 300 ലേറെ സാംസ്‌കാരിക പരിപാടികൾ. മൊത്തം 1200 ലേറെ പരിപാടികൾ മേളയിലുണ്ടാകും.
66 രാജ്യങ്ങളിൽനിന്നുള്ള 251 അതിഥികകൾ മേളയിലെത്തും. നൈജീരിയൻ സാഹിത്യകാരി ചിമാമണ്ട എൻഗോസി അഡീച്ചി, ഇറ്റാലിയൻ ശാസ്ത്രഞ്ജൻ കാർലോ റോവെല്ലി, ഐറിഷ് നോവലിസ്റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് മനശാസ്ത്രജ്ഞൻ ഡോ. ജൂലി സ്മിത്ത് തുടങ്ങിയ അന്താരാഷ്ട്ര എഴുത്തുകാരും ചിന്തകരും മേളയുടെ ഭാഗമാകും. നിരവധി അറബ് എഴുത്തുകാരും മേളയിലെത്തും.
ഇന്ത്യയിൽ നിന്ന് കവി കെ.സച്ചിദാനന്ദന് പുറമേ, വയലാർ പുരസ്‌കാര ജേതാവ് ഇ. സന്തോഷ്‌കുമാർ, ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ പ്രാജക്ത കോലി എന്നിവരെയും മേളയിൽ പ്രതീക്ഷിക്കുന്നുണ്ട്.