കുവൈത്തിൽ ശൈത്യം ഇത്തവണ പതിവിലും വൈകും
കഠിന തണുപ്പെത്തുക ഡിസംബർ അവസാന ആഴ്ചയിൽ
Update: 2025-12-06 13:58 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ അതിശൈത്യം ആരംഭിക്കുന്ന അൽ മുറബ്ബആനിയ്യ കാലഘട്ടം ഇത്തവണ പതിവിലും വൈകിയാണെത്തുകയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ. സാധാരണയായി ഡിസംബർ 6ന് ആരംഭിക്കേണ്ട ഈ കാലം ഈ വർഷം ഡിസംബർ പകുതിയോടെ മാത്രമേ തുടങ്ങാൻ സാധ്യതയുള്ളൂ. ഇതോടെ കുവൈത്തിലെ ശൈത്യകാലത്തിന് കാലതാമസം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 6 മുതൽ ജനുവരി 15 വരെ മൂന്ന് ഘട്ടങ്ങളായാണ് ഈ കാലം കണക്കാക്കുന്നത്. സാധാരണയായി താപനില കുറയ്ക്കുന്ന സൈബീരിയൻ ഹൈ പ്രഷർ സിസ്റ്റം വൈകുന്നതാണ് ഇത്തവണ തണുപ്പ് വൈകുന്നതിന്റെ പ്രധാന കാരണം. ആദ്യ ഘട്ടത്തിൽ മിതമായ തണുപ്പും ഡിസംബർ 28 മുതൽ കഠിനമായ തണുപ്പും ചില പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലെത്താനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.